തിരുവനന്തപുരം: കോവളത്തെ മദ്യമൊഴുക്കിൽ വാദി പ്രതിയാകുമോ? ബീച്ച് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന റിസോർട്ടിലേക്ക് കൊണ്ടു പോയ മദ്യമായതു കൊണ്ടാണ് വിദേശിയോട് കാര്യങ്ങൾ തിരിക്കിയതെന്നാണ് പൊലീസ് പറയുന്നത്. നാല് കൊല്ലമായി കോവളത്ത് സ്ഥിരതാമസമായ ആളെ വിദേശിയായി കാണുന്നത് ശരിയല്ലെന്നും പൊലീസ് വിശദീകരിക്കുന്നു. ഗ്രേഡ് എസ് ഐ ടി സി ഷാജിയെ കുറ്റവിമുക്തനാക്കാനാണ് സാധ്യത. കോവളത്തെ മദ്യമാഫിയയ്‌ക്കെതിരെ അന്വേഷണം നീളാനും സാധ്യതയുണ്ട്.

ഒരു സ്‌കൂട്ടറിലായിരുന്നു മദ്യകുപ്പിയുമായുള്ള യാത്ര. ഈ സ്‌കൂട്ടർ കോവളത്തെ റിസോർട്ട് ഉടമയുടേതാണ്. ഇയാൾക്ക് വേണ്ടി മദ്യം വാങ്ങി കൊണ്ടു പോവുകയായിരുന്നു വിദേശിയായ സ്റ്റിഗ് സ്റ്റീവൻ ആസ്‌ബെർഗ്. ഇത് പൊലീസിന് നന്നായി അറിയാം. അതുകൊണ്ടാണ് തടഞ്ഞ് വാഹന പരിശോധന നടത്തിയത്. മദ്യം കണ്ടെത്തുകയും ചെയ്തു. മൂന്ന് കുപ്പിയുണ്ടായിരുന്നു. ഇങ്ങനെ മദ്യ കുപ്പികൾ വാങ്ങിയത് കോവളം ബീച്ചിലെ റിസോർട്ടിന് വേണ്ടിയാണെന്ന് പൊലീസ് ആരോപിക്കുന്നു. ബീച്ചിലെ ഈ റിസോർട്ടിലേക്ക് അന്വേഷണം നീളും.

പുതുവൽസരത്തിൽ ആ റിസോർട്ടിലുള്ളവർക്ക് മദ്യം എത്തിച്ചു നൽകാനായിരുന്നു ശ്രമം. അതുകൊണ്ടാണ് സ്റ്റീവന്റെ വാഹനം പരിശോധിച്ചത്. കോവളത്ത് സ്വീഡിഷ് പൗരനോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന് സസ്പെൻഷനിലായ ഗ്രേഡ് എസ് ഐ ടി.സി ഷാജി. മദ്യം കളയാൻ ആവശ്യപ്പെട്ടിട്ടില്ല. നിയന്ത്രണങ്ങൾ നടപ്പാക്കുക മാത്രമാണ് ചെയ്തതെന്ന് പൊലീസ് അസോസിയേഷൻ മുഖേന മുഖ്യമന്ത്രിക്കും ഡിജിപി അനിൽകാന്തിനും നൽകിയ പരാതിയിൽ ഗ്രേഡ് എസ്‌ഐ പറയുന്നു. ഇതിൽ വസ്തുതകളുണ്ടെന്ന നിലപാടിലാണ് സ്ഥലത്തെ മറ്റ് പൊലീസ് ഉദ്യോഗസ്ഥരും.

കോവളം-തിരുവല്ല സ്‌റ്റേഷനുകളിലായാണ് കോവളമെന്ന വിദേശ സഞ്ചാര മേഖലയുള്ളത്. ഇതിൽ തിരുവല്ല സ്‌റ്റേഷൻ പരിധിയിലാണ് സ്റ്റീവന്റെ വീട്. ഒരു കോടിയിൽ അധികം രൂപ നൽകിയാണ് വാങ്ങിയത്. എന്നാൽ ഈ പണം ഏതോ ഒരു ഇടനിലക്കാരന് കൊടുത്തു. ഈ സാഹചര്യത്തിലാണ് ആ വസ്തു തർക്കത്തിലായത്. ഈ സാഹചര്യത്തിൽ പൊലീസിനെ വെട്ടിലാക്കുന്ന മൊഴി സ്റ്റീവൻ നൽകില്ലെന്നാണ് വിശദീകരണം. അതുകൊണ്ട് തന്നെ കോവളത്ത് ശക്തമായ നടപടികളും ഉണ്ടാകില്ല. ഇതിനുള്ള തെളിവും പൊലീസിന് കിട്ടുന്നില്ല.

കഴിഞ്ഞ നാല് വർഷത്തോളമായി കോവളത്ത് താമസിക്കുന്നയാളാണ് സ്വീഡിഷ് പൗരൻ. അതിനാൽ തന്നെ വിദേശ സഞ്ചാരിയല്ല. രാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ നിയന്ത്രണങ്ങളുള്ളതിനാൽ ബിച്ചിലേക്ക് മദ്യവുമായി പോകാൻ കഴിയില്ലെന്ന് പൊലീസ് അറിയിച്ചു. മദ്യം ഒഴുക്കിക്കളയാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും എസ് എസ് ഐ ടി.സി ഷാജി പരാതിയിൽ പറയുന്നു.

വെള്ളാറിലെ ബെവ്കൊ ഔട്ലെറ്റിൽ നിന്ന് വാങ്ങിയ മൂന്ന് കുപ്പി മദ്യവുമായി സ്‌കൂട്ടറിൽ പോകുകയായിരുന്ന സ്റ്റിഗ് സ്റ്റീവൻ ആസ്ബെർഗിനെ ബിൽ ഇല്ലാതെ മദ്യം കൊണ്ടുപോകാനാവില്ലെന്ന് അറിയിച്ച് പൊലീസ് തടഞ്ഞതാണ് വിവാദത്തിന് കാരണമായത്.തുടർന്ന് മദ്യം ഉപേക്ഷിക്കാൻ പൊലീസ് നിർദ്ദേശിച്ചതോടെ സ്വീഡിഷ് പൗരൻ മദ്യം വഴിയിൽ ഒഴുക്കിക്കളഞ്ഞു. ഈ സംഭവങ്ങൾ അതുവഴിയെത്തിയ മാധ്യമപ്രവർത്തകൻ പകർത്തിയതോടെയാണ് സംഭവം വാർത്തയായത്.

രണ്ട് കുപ്പി മദ്യം സ്വീഡിഷ് പൗരൻ ഒഴുക്കിക്കളഞ്ഞു. മൂന്നാമത് കുപ്പി മദ്യം കളയേണ്ടെന്നും ബിൽ എത്തിച്ചാൽ മതിയെന്നും പൊലീസ് അറിയിച്ചു. തുടർന്ന് ബിൽ പിന്നീട് ബെവ്കോയിലെത്തി വാങ്ങിയ സ്വീഡിഷ് പൗരൻ ഇത് പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഈ ബിൽ എങ്ങനെ കിട്ടിയെന്ന സംശയവും പൊലീസിനുണ്ട്. സാധാരണ വാങ്ങിയ സാധനത്തിന് അപ്പോൾ തന്നെ ബിൽ നൽകും. ഇവിടെ രണ്ടാമത് ബിൽ കിട്ടി. ഇതെങ്ങനെ എന്ന് പരിശോധിക്കാനും നീക്കമുണ്ട്.

സംഭവം വിവാദമായതോടെ പൊലീസ് സർക്കാരിനെ അള്ളുവയ്ക്കരുതെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പ്രതികരിച്ചു. ഇതോടെയാണ് ഗ്രേഡ് എസ്‌ഐയെ സസ്പെൻഡ് ചെയ്തത്. വിരമിക്കാൻ മാസങ്ങൾ മാത്രമുള്ള 35 വർഷത്തെ സർവീസുള്ള ഗ്രേഡ് എസ്‌ഐ ടി.സി ഷാജിക്കെതിരെ ഇതുവരെ ഒരു അച്ചടക്ക നടപടി പോലും ഉണ്ടായിട്ടില്ലെന്നതാണ് വസ്തുത.