തിരുവനന്തപുരം: ലഹരിക്ക് അടിമായണ് കോവളം. ഇതിനെ നിയന്ത്രിക്കാൻ ആരും ഒന്നും ചെയ്യുന്നില്ല. പൊലീസ് കണ്ണടയ്ക്കുമ്പോൾ മാഫിയ ബീച്ചിൽ തഴച്ചു വളരുന്നു. ഇതിന്റെ ഇരയാണ് ലാത്വിയക്കാരി ലിഗ. കേരളത്തിൽ ചികിൽസയ്‌ക്കെത്തി കൊലചെയ്യപ്പെട്ട ലിഗയുടെ കൊലയാളിയെ പൊലീസ് തിരിച്ചറിഞ്ഞു. കസ്റ്റഡിയിലുള്ള യോഗാ പരിശീലകനാണ് മുഖ്യ പ്രതിയെന്നാണ് സൂചന. മറ്റൊരാളും കൊലപാതകത്തിൽ പങ്കാളിയായിട്ടുണ്ട്. ഇതു സംബന്ധിച്ച വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. അറസ്റ്റിന് ശേഷം കൂടുതൽ പ്രതികരണമെന്നാണ് ഉന്നത പൊലീസുകാർ നൽകുന്ന സൂചന.

ലഹരിമരുന്നു കേസുകളിൽ സ്ഥിരമായി പ്രതികളാകുന്നവരിൽ സ്ഥലത്തില്ലാത്തവരുടെ പട്ടിക പൊലീസ് എടുത്തിരുന്നു. ഇങ്ങനെ കസ്റ്റഡിയിലെടുത്ത തിരുവല്ലം സ്വദേശിയിലൂടെയാണു പാറവിള സ്വദേശിയായ യോഗ പരിശീലകനിലേക്ക് പൊലീസ് അന്വേഷണം എത്തിയത്. തുടക്കത്തിൽ ചോദ്യം ചെയ്യലുമായി ഇയാൾ സഹകരിച്ചിരുന്നില്ല. ശാസ്ത്രീയ തെളിവുകൾ എതിരാവുമെന്ന് വ്യക്തമായതോടെ ഇയാൾ കുറ്റസമ്മതം നടത്തിയെന്നാണ് സൂചന. ലിഗയെ മാനഭംഗം ചെയ്യുകയായിരുന്നു ലക്ഷ്യം. ഇതിനുള്ള നീക്കത്തെ ചെറുത്തപ്പോൾ കൊലപാതകം. കഴുത്തു ഞെരിച്ചാണ് കൊന്നതെന്ന് വ്യക്തമായിട്ടുണ്ട്. ആരും വരാത്ത സ്ഥലമായതിനാൽ മൃതദേഹം കണ്ടൽകാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. അനിലെന്നാണ് യോഗാ പരിശീലകന്റെ പേര്.

ലിഗയുടെ മരണവുമായി ബന്ധപ്പെട്ടു കസ്റ്റഡിയിൽ എടുത്ത വാഴമുട്ടം സ്വദേശിയെക്കുറിച്ചു ലഭിച്ച സാക്ഷി മൊഴിയാണ് അന്വേഷണത്തിൽ നിർണ്ണായകമായത്.  'കാരിരുമ്പിന്റെ ശക്തി, ആറാറരയടി പൊക്കം, അഞ്ചു പേരെ ഒറ്റയ്ക്കു നിന്നടിക്കാൻ ശേഷിയെന്ന മൊഴിയിൽ നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് കാര്യങ്ങളെത്തിയത്. ആജാനുബാഹുവായ യോഗാ പരിശീലകൻ വാഴമുട്ടം പാറവിള സ്വദേശിയാണ്. ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് ഇയാളുടെയും സുഹൃത്തുക്കളുടെയും പ്രധാന വിഹാരകേന്ദ്രമാണു പനത്തുറയിലെ കണ്ടൽക്കാട്. ഇത് മനസ്സിലാക്കിയാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തിയെന്ന്ാണ് സൂചന.

40 വയസ്സുള്ള ഇയാൾ യോഗാഭ്യാസിയും അനധികൃത ടൂറിസ്റ്റ് ഗൈഡുമാണ് ഇയാൾ. കോവളത്തും മറ്റുമെത്തുന്ന ടൂറിസ്റ്റുകളുമായി അടുപ്പമുണ്ടാക്കുകയാണ് രീതി. കോവളം ബീച്ചിൽ രാവിലെ സമയങ്ങളിൽ അഭ്യാസപ്രകടനം നടത്തുന്നതും ശീലമാണ്. യോഗ പരിശീലനം എന്ന പേരിലാണ് ടൂറിസ്റ്റുകളെ വലയിലാക്കുന്നത്. ലിഗയുടെ മൃതദേഹം പനത്തുറയിലെ കണ്ടൽക്കാട്ടിൽ കിടന്നപ്പോഴും ഇയാൾ അവിടെ എത്തിയിരുന്നതായി സൂചനയുണ്ട്. ഇയാളെ കണ്ട പരിചയക്കാരൻ അടുത്തിടെ ഇങ്ങോട്ടൊന്നും വന്നില്ലേ എന്നു ചോദിച്ചപ്പോൾ ഒന്നും മിണ്ടാതെ മടങ്ങിയെന്നും പൊലീസിനു മൊഴി ലഭിച്ചിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്യലിനായി മനഃശാസ്ത്രജ്ഞന്റെയും സഹായം പൊലീസ് തേടിയിരുന്നു. സമീപത്തു കണ്ട ബോട്ടിലും വള്ളിപ്പടർപ്പിലും ചില ശരീര അവശിഷ്ടങ്ങൾ ഫൊറൻസിക് സംഘം കണ്ടെത്തി. ഇവ ഡിഎൻഎ പരിശോധനയ്ക്കു വിധേയമാക്കും.

അതിനിടെ ലിഗയുടെ പോസ്റ്റ്മോർട്ടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നു. കഴുത്തുഞെരിച്ചു ശ്വാസംമുട്ടിച്ചതാണു മരണകാരണം. അതേസമയം ലിഗയെ മാനഭംഗപ്പെടുത്തിയിട്ടില്ലെന്നു വ്യക്തമായിട്ടുണ്ട്. ശരീരത്തിൽ പത്തിലേറെ മുറിവുകൾ പരിശോധനയിൽ കണ്ടെത്തുകയും ചെയ്തു. സംഘം ചേർന്ന് അക്രമിച്ചതിനു തെളിവുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പോസ്റ്റ് മോർട്ടം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് റിപ്പോർട്ട് കൈമാറുന്നത്. മരണകാരണമാകും വിധം കഴുത്തിലെ തരുണാസ്ഥികളിൽ പൊട്ടലുണ്ടായിട്ടുണ്ട്. തൂങ്ങി മരിച്ചതാണെങ്കിൽ തരുണാസ്ഥികളിൽ പൊട്ടൽ ഉണ്ടാകില്ല. കഴുത്തു ഞെരിച്ചതിന്റെ അടയാളങ്ങളുമുണ്ട്. അതുകൊണ്ട് തന്നെ കൊലപാതകമെന്ന് ഉറപ്പിക്കാം.

ബലപ്രയോഗം നടന്നതിന്റെ സൂചനയായി ലിഗയുടെ ഇടുപ്പെല്ലിലും ക്ഷതമേറ്റിട്ടുണ്ട്. ഇതാണു കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിലേക്ക് ഫൊറൻസിക് സംഘത്തെ എത്തിച്ചത്. ലിഗയുടേതു കഴുത്തു ഞെരിച്ചുള്ള കൊലപാതകമായിരിക്കാമെന്നു കഴിഞ്ഞ ദിവസം തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ പി. പ്രകാശും വ്യക്തമാക്കിയിരുന്നു. ലിഗയുടെ മൃതദേഹം നാട്ടുകാർ നേരത്തെ തന്നെ കണ്ടിട്ടുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. ഈ സംശയത്തെ തുടർന്ന് കഴിഞ്ഞദിവസം പ്രദേശവാസികളിൽ നിന്നും മൃതദേഹം കണ്ടവരിൽ നിന്നും പൊലീസ് വീണ്ടും മൊഴിയെടുത്തു. മൃതദേഹം കണ്ടതിന് സമീപത്താണ് ലിഗയെ ഇവിടെയെത്തിച്ചെന്ന് സംശയിക്കുന്ന ഫൈബർ വള്ളങ്ങൾ സൂക്ഷിച്ചിരുന്നത്.

വള്ളങ്ങൾ കണ്ടെത്തിയ സ്ഥലത്തു നിന്നും മൃതദേഹം കണ്ടസ്ഥലം വരെ നടക്കാൻപോലും കഴിയാത്ത തരത്തിൽ കാടാണ്. മാത്രമല്ല ഇതിനിടയിൽ ചാടിക്കടക്കാൻ ബുദ്ധിമുട്ടുള്ള തോടുകളും ഉണ്ട്. പൊലീസ് കസ്റ്റഡിയിലുള്ളവരുടെ വീടുകളിലേക്ക് പോകുന്ന ഭാഗത്താണ് കഴിഞ്ഞ ദിവസം വിശദമായ പരിശോധന നടന്നത്. സ്ത്രീകളുടേതടക്കമുള്ള വസ്ത്രങ്ങളും ചെരിപ്പും ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളുമെല്ലാം ഇവിടെ നിന്ന് കണ്ടെത്തി. ലഹരി ഉപയോഗിക്കുന്ന സംഘങ്ങൾ ഇവിടെ സ്ഥിരമായി എത്താറുണ്ടെന്ന് നാട്ടുകാരും മൊഴി നൽകിയിട്ടുണ്ട്. ചെന്തിലാക്കരിക്ക് സമീപത്തുള്ള കാടിന്റെ ഒരറ്റത്തായാണ് മൃതദേഹം കണ്ടത്.

രൂക്ഷമായ ദുർഗന്ധമുണ്ടായിട്ടും നാട്ടുകാർ ഇതറിഞ്ഞില്ല എന്ന മൊഴികളും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. പൊലീസ് മൃതദേഹം കണ്ടെത്തിയതിനു ശേഷം ലിഗയെ ഇവിടെവച്ചു കണ്ടു എന്ന മൊഴികളുമായി ചിലർ രംഗത്തെത്തിയിരുന്നു. ലിഗയെ കണ്ടെത്തുന്നവർക്ക് സമ്മാനം പ്രഖ്യാപിച്ചിട്ടും ആ സമയത്ത് ഇവരാരും ഇത്തരം വിവരങ്ങൾ അറിയിക്കാത്തതും സംശയാസ്പദമാണ്. കസ്റ്റഡിയിലുള്ളവരടക്കം പലപ്പോഴും ഈ പ്രദേശങ്ങളിൽ ഒത്തുകൂടാറുണ്ടെന്നും സമീപ വാസികൾ ഇപ്പോൾ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. വലിയ ബാഗുകളുമായാണ് സംഘങ്ങൾ എത്തുന്നതെന്നും ഇവർ പറയുന്നു. കാടിനുള്ളിലേക്ക് കടക്കാൻ പലഭാഗത്തു നിന്നും ചെറിയ വഴികളുമുണ്ട്.

രണ്ടാഴ്ച മുമ്പുതന്നെ പലരും മൃതദേഹം കണ്ടിട്ടുണ്ടാവാമെന്നാണ് നിഗമനം. പ്രദേശവാസികളായ പ്രതികളെ ഭയന്നാണ് ഇത് പുറത്തു പറയാത്തതെന്നും സംശയിക്കുന്നുണ്ട്. ലഹരി മാഫിയയുടെ ശക്തമായ സാന്നിധ്യമാണ് ഇതിലൂടെ പുറത്തുവരുന്നതും.