തിരുവനന്തപുരം: ലാത്വിയൻ വനിതയുടെ കൊലപാതകത്തിൽ ശാസ്ത്രീയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് തെളിയിക്കുന്നതും പ്രതികളെ അറസ്റ്റ് ചെയ്യുന്നതും. ശാസ്ത്രീയമായി കുറ്റകൃത്യം തെളിയിക്കുന്നതിൽ ഏറെ പരിചയസമ്പത്തുള്ള ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ തന്നെ നേരിട്ടുള്ള ഇടപെടലിലാണ് ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം വിദേശ വനിതയെ ക്രൂരമായി മാനഭംഗപ്പെടുത്തി കൊലചെയ്തതാണെന്ന് സ്ഥിരീകരിക്കുന്നതും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുള്ള പ്രധാന പ്രതികളെ അറസ്റ്റുചെയ്യുന്നതും.

എന്നാൽ ഇപ്പോൾ ഫോറൻസിക് പരിശോധനകളിലെ ഫലങ്ങളും അതിന്റെ അടിസ്ഥാനത്തിൽ ചോദ്യംചെയ്തപ്പോൾ ലഭിച്ച മൊഴികളുമാണ് കേസിൽ പ്രതികൾക്കെതിരെ നിർണായകം ആയിട്ടുള്ളത്. കേസിന് കൂടുതൽ ശക്തിപകരാൻ മൊഴിയിൽ പ്രതികൾ പറഞ്ഞ കാര്യങ്ങൾക്ക് യോജിച്ച രീതിയിലുള്ള സാഹചര്യ തെളിവുകൾ കൂടി കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി ഇന്ന് പ്രതികളെ അവരുടെ വീടുകളിലും കുറ്റകൃത്യം നടന്ന സ്ഥലത്തുമെല്ലാം എത്തിച്ച് തെളിവെടുക്കുന്ന നടപടികളിലേക്ക് അന്വേഷണ സംഘം കടന്നു.

ഇതിനിടെ ഈ കേസിൽ താൻ താൻ നിരപരാധിയാണെന്ന് കേസിലെ ഒന്നാംപ്രതി ഉമേഷ് തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ വിളിച്ചുപറയുകയും ചെയ്തു. തെളിവെടുപ്പിനായി പനന്തുറയിലെ വീട്ടിൽ എത്തിച്ചപ്പോഴാണ് താൻ നിരപരാധിയാണെന്ന് ഉമേഷ് പറഞ്ഞത്. എന്നാൽ ഉമേഷിന്റെ പനന്തുറയിലെ വീട്ടിൽനിന്നും കൃത്യം നടന്ന ദിവസം പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങളും പൊലീസ് കണ്ടെടുത്തു.

വിദേശ വനിതയുടെ മൃതദേഹം കണ്ടെത്തിയ വാഴമുട്ടത്തെ കണ്ടൽക്കാട്ടിലും അന്വേഷണസംഘം ഉമേഷുമായെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. ഇരയുടെ അടിവസ്ത്രവും ഭക്ഷണവും കണ്ടൽക്കാടിനു സമീപം ഉപേക്ഷിച്ചതായി നേരത്തെ ഉമേഷ് അന്വേഷണ സംഘത്തിനു മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉമേഷിനെ വാഴമുട്ടത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. കൂടുതൽ സാഹചര്യ തെളിവുകൾക്കായി കരമന ആറ്റിലും അന്വേഷണ സംഘം മുങ്ങൽ വിദഗ്ധരെ ഉപയോഗിച്ച് പരിശോധനകൾ തുടങ്ങി. കേസിൽ ആദ്യമായാണ് പ്രതികളുമായി അന്വേഷണസംഘം തെളിവെടുപ്പിന് എത്തുന്നത്. കേസിലെ രണ്ടാം പ്രതിയായ ഉദയനെയും ഇന്ന് തെളിവെടുപ്പിനായി പുന്തുറയിലും വാഴമുട്ടത്തും എത്തിക്കും.

വിദേശവനിത കൊല്ലപ്പെട്ട സംഭവത്തിൽ ഏറെ ദിവസം കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതിലൂടെയാണ് കേസിന് തുമ്പുണ്ടാക്കാനായത്. ശാസ്ത്രീയ തെളിവുകളുടെയും ഫോറൻസിക് തെളിവുകളുടെയും അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു. നേരത്തെ തന്നെ കസ്റ്റഡിയിലുണ്ടായിരുന്ന പനത്തുറ ഉമേഷ്, ഉദയൻ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ഇവരാണ് പ്രതികൾ എന്ന് പൊലീസ് വ്യക്തമാക്കുകയും ചെയ്തത് അങ്ങനെയാണ്. യുവതി കൊല്ലപ്പെട്ടതു കാണാതായ അതേദിവസം തന്നെയെന്നും പൊലീസ് സ്ഥിരീകരിച്ചിരുന്നു. അറസ്റ്റിലായ രണ്ടുപേർക്കും കൊലപാതകത്തിൽ നേരിട്ടു പങ്കുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കിയത്. ഇവർ കഴുത്തുഞെരിച്ചാണ് കൊല നടത്തിയതെന്നും വള്ളിയിൽ കെട്ടിത്തൂക്കി തൂങ്ങിമരണമാണെന്ന് വരുത്താൻ ശ്രമം നടത്തിയെന്നും പൊലീസ് സൂചിപ്പിച്ചു.

യുവതി പീഡനത്തിന് ഇരയായതായി സ്ഥിരീകരിക്കുന്ന രാസപരിശോധനാ ഫലത്തിന്റെയും മുടിയിഴകളും വിരലടയാളവും ഉൾപ്പെടെയുള്ള മറ്റു തെളിവുകളുടേയും അടിസ്ഥാനത്തിലാണ് വിദേശവനിതയെ കൊലപ്പെടുത്തിയത് എങ്ങനെയെന്നും ആരെല്ലാമെന്നും പൊലീസ് കണ്ടെത്തുന്നത്. ബോട്ടിങ് നടത്താനെന്ന പേരിലാണു യുവതിയെ ഇവിടേക്കെത്തിച്ചതെന്നു പ്രതികളിലൊരാൾ സമ്മതിച്ചതായി പൊലീസ് അറിയിച്ചിരുന്നു.

കണ്ടൽക്കാട്ടിൽ എത്തിയശേഷം എന്തു നടന്നുവെന്നു വ്യക്തമാക്കുന്ന തെളിവുകൾ ലഭിക്കാത്തത് അന്വേഷണത്തിൽ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതിനിടെയാണ് ഇപ്പോൾ ഇത്തരം തെളിവുകൾക്കായി കരമനയാറ്റിൽ ഉൾപ്പെടെ തിരച്ചിൽ നടത്തുന്നത്. ദിവസങ്ങൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണു യുവതി എങ്ങനെ കണ്ടൽക്കാട്ടിലെത്തി എന്നു വ്യക്തമാക്കുന്ന നിർണായക മൊഴി ലഭിച്ചതും കേസ് തെളിയുന്നതും.