- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്വന്തം പാർട്ടിയിൽ നിന്നും കുഞ്ഞു മോനെ പുറത്താക്കി അനുയായികൾ; ഒടുവിൽ പിളർന്ന് മാറിയത് പി എസ് സി മെമ്പറാക്കാനുള്ള അടിപിടിക്കിടെ; ആകയുള്ള പത്തുപേർ ഇങ്ങനെ അടി കൂടിയാൽ സീറ്റ് നൽകില്ലെന്ന് പിണറായി; നിനച്ചിരിക്കാതെ പാർട്ടിയുണ്ടാക്കി എംഎൽഎ ആയ കോവൂർ കുഞ്ഞുമോൻ നിലനിൽപ്പിനായി പോരാടുന്ന കഥ
കൊല്ലം: കുന്നത്തൂരിന്റെ എംഎൽഎയാണ് കോവൂർ കുഞ്ഞുമോൻ. നാലു തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച നേതാവ്. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തുകൊല്ലം സീറ്റ് വിട്ടു നൽകാത്ത സിപിഎമ്മിനോട് കലഹിച്ചാണ് ആർഎസ്‌പി ഇടത് മുന്നണി വിട്ടത്. ആർഎസ്‌പി സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തി എൻ കെ പ്രേമചന്ദ്രനെ ചുവപ്പ് മാലയണിച്ച് ഷിബു ബേബി ജോൺ ആർഎസ്‌പിയെ അപ്പാടെ യുഡിഎഫിന്റെ ഭാഗമാക്കി. പാർട്ടിയുടെ രണ്ട് എംഎൽഎമാരായിരുന്ന കുന്നത്തൂരിലെ കോവൂർ കുഞ്ഞുമോനും ഇരവിപുരത്തെ എ എ അസീസും യുഡിഎഫിന്റെ ഭാഗമായി. എന്നാൽ തെരഞ്ഞെടുപ്പിനോട് അടുത്ത സമയത്ത് എംഎൽഎ സ്ഥാനം രാജിവെച്ച് കുഞ്ഞുമോൻ പുറത്ത് വന്ന് സിപിഎമ്മിന്റെ ആശീർവാദത്തോടെ ആർഎസ്‌പി (ലെനിനിസ്റ്റ്) രൂപീകരിച്ചു. അങ്ങനെ ഇടതു പക്ഷത്ത് ഉറച്ചു നിന്നു. വീണ്ടും ജയിച്ചെങ്കിലും മന്ത്രിയാക്കിയില്ല മുഖ്യമന്ത്രി പിണറായി. ഇപ്പോൾ സർവ്വത്ര പ്രതിസന്ധിയിലാണ് കോവൂർ കുഞ്ഞുമോൻ.
പന്തളം സുധാകരനെ തോൽപ്പിച്ചാണ് കോവൂർ കുന്നത്തൂരിൽ എംഎൽഎയാകുന്നത്. ശാസ്താംകോട്ട തടാകം തന്റെ കാമുകിയാണെന്നും അവളെ സംരക്ഷിക്കാതെ താൻ കല്ല്യാണം കഴിക്കില്ലെന്നും നിയമസഭയിൽ പറഞ്ഞ എംഎൽഎ. വികാരാധീനനായ കുഞ്ഞുമോനെ കണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പോലും അൽപ്പം വികാരാധീനനായിട്ടുണ്ടാവണം. മുഖ്യമന്ത്രി തന്നെ എഴുന്നേറ്റ് നിന്ന് പറഞ്ഞു. ശാസ്താംകോട്ട തടാകം സംരക്ഷിക്കാൻ സർക്കാർ നടപടിയെടുക്കും. കുഞ്ഞുമോൻ കല്ല്യാണം കഴിക്കണം. മുഖ്യമന്ത്രി പറഞ്ഞിട്ടും കുഞ്ഞുമോന് സംശയം തീർന്നില്ല. കഴിഞ്ഞ മുഖ്യമന്ത്രിയും ഇങ്ങനൊക്കെ പറഞ്ഞതാണ്. ഒടുവിൽ പിണറായി ഉറപ്പിച്ചു പറഞ്ഞതോടെ കുഞ്ഞുമോനും സഭയ്ക്ക് ഉറപ്പു നൽകി. ഇനി വിവാഹം കഴിക്കാം-അതായിരുന്നു കോവൂരിന്റെ മറുപടി. പക്ഷേ രാഷ്ട്രീയ തിരക്കുകൾക്കിടിൽ അത് ഇനിയും സാധിച്ചതുമില്ല. ഇതിനിടെയാണ് പാർട്ടിയിലെ പ്രതിസന്ധിയും എത്തുന്നത്. അടുത്ത തവണ ഇടതു പക്ഷം സീറ്റ് നൽകുമോ എന്നും ഉറപ്പില്ല.
കോവൂർ കുഞ്ഞുമോൻ എംഎൽഎ നേതൃത്വം നൽകുന്ന ആർഎസ്‌പി (ലെനിനിസ്റ്റ് മാർക്‌സിസ്റ്റ് പാർട്ടി) വീണ്ടും പിളർന്നത് സിപിഎം ഗൗരവത്തോടെയാണ് കാണുന്നത്.. പാർട്ടിയിൽ ഏറെ നാളായി നിലനിൽക്കുന്ന തർക്കങ്ങൾക്കു പിന്നാലെ, പിഎസ്‌സി അംഗത്വത്തെച്ചൊല്ലിയുണ്ടായ വടംവലിയാണു ഇപ്പോഴത്തെ പിളർപ്പിൽ കലാശിച്ചത്. കുഞ്ഞുമോന്റെ പേരിലാണു പാർട്ടി അറിയപ്പെടുന്നതെങ്കിലും ഇടതുസ്വതന്ത്രനായി മത്സരിച്ചു ജയിച്ചതിനാൽ പാർട്ടിയിൽ അംഗത്വമെടുത്തിട്ടില്ല. എങ്കിലും പാർട്ടിയുടെ നിയന്ത്രണം കോവൂരിനായിരുന്നു. കുറച്ചു പേർ മാത്രമായിരുന്നു എന്നും കോവൂരിനൊപ്പം ഉണ്ടായിരുന്നത്. അതിൽ വലിയൊരു വിഭാഗം കോവൂരിനെ വിട്ടു പോകുന്നു. ഇങ്ങനെ എല്ലാവരും പോയാൽ കുന്നത്തൂരിൽ സീറ്റ് നൽകില്ലെന്നാണ് കോവൂരിനെ സിപിഎം അറിയിക്കാൻ പോകുന്നത്. സിപിഎമ്മിന് മത്സരിക്കാൻ താൽപ്പര്യമുള്ള സീറ്റാണ് ഇതും.
പാർട്ടിയിലെ പ്രശ്‌നങ്ങലെ തുടർന്ന് സംസ്ഥാന സെക്രട്ടറി എസ്. ബലദേവ്, അസിസ്റ്റന്റ് സെക്രട്ടറി ചുങ്കം നിസാം, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ. സജയൻ എന്നിവരെ പുറത്താക്കിയതായി കുഞ്ഞുമോൻ വിഭാഗം അറിയിച്ചു. സെക്രട്ടറി പദവി വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയും സ്ഥാനമാനങ്ങൾക്കു വേണ്ടി പാർട്ടിയിൽ ചേരിതിരിവു സൃഷ്ടിക്കുകയും ചെയ്തതിനാണു ബലദേവിനെ പുറത്താക്കിയതെന്നു കുഞ്ഞുമോൻ വിഭാഗം പറയുന്നു. പുതിയ സംസ്ഥാന സെക്രട്ടറിയായി ഷാജി ഫിലിപ്പിനെ (കോട്ടയം)യും അസിസ്റ്റന്റ് സെക്രട്ടറിമാരായി എച്ചോം ഗോപി (വയനാട്), ഷാജാ ജി.എസ്. പണിക്കർ (തിരുവനന്തപുരം) എന്നിവരെയും തിരഞ്ഞെടുത്തു.
മറുപടിയായി ബലദേവ് വിഭാഗം 14 നു സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചു. ഷാജി ഫിലിപ്പിനെ മാസങ്ങൾക്കു മുൻപു പാർട്ടിയിൽനിന്നു പുറത്താക്കിയതാണെന്നു ബലദേവ് പറഞ്ഞു. കുന്നത്തൂർ മണ്ഡലത്തിൽ പാർട്ടിയുടെ പ്രധാന നേതാക്കളിൽ ഭൂരിഭാഗവും രാജിവച്ച് ആർഎസ്‌പിയിലേക്കു മടങ്ങിയതു കുഞ്ഞുമോന്റെ നിലപാടുകൾ മൂലമാണെന്നും ഈ വിഭാഗം ആരോപിക്കുന്നു. ഇരുവരും തമ്മിൽ ഏറെക്കാലമായി തുടരുന്ന തർക്കങ്ങളാണു പിഎസ്‌സി അംഗത്വത്തെച്ചൊല്ലി മൂർധന്യത്തിലെത്തിയത്. അംഗത്വം പാർട്ടിക്കു വേണ്ടെന്നും കുഞ്ഞുമോൻ ജയിച്ച കുന്നത്തൂർ സംവരണ മണ്ഡലത്തിനു പകരം ജനറൽ സീറ്റ് നൽകണമെന്നും ആവശ്യപ്പെട്ടു ബലദേവ് എൽഡിഎഫ് കൺവീനർക്കു കത്തു നൽകി.
എന്നാൽ ഷാജാ ജി.എസ്. പണിക്കർ ഉൾപ്പെടെ 2 പേരുകൾ പിഎസ്‌സിയിലേക്കു കുഞ്ഞുമോൻ നിർദ്ദേശിച്ചു. തർക്കം മൂത്തതോടെ ആർക്കും കൊടുക്കേണ്ടെന്നു സിപിഎം തീരുമാനിക്കുകയായിരുന്നു. 2016 ൽ രൂപീകരിക്കപ്പെട്ട പാർട്ടിയിൽ തൊട്ടടുത്ത വർഷം പിളർപ്പുണ്ടായി. സ്ഥാപക സെക്രട്ടറി അമ്പലത്തറ ശ്രീധരൻ നായരുടെ നേതൃത്വത്തിൽ ഒരു വിഭാഗം പിളർന്നുമാറി. ആർഎസ്‌പി- എല്ലിനെ ഇതുവരെ എൽഡിഎഫിൽ ഉൾപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ദിവസം നിശ്ചയിച്ച എട്ട് പി എസ് സി അംഗങ്ങളുടെ പേര് പുറത്തു വന്നതോടെയാണ് തർക്കം രൂക്ഷമായതും വീണ്ടും പാർട്ടി പിളർന്നതും. ഇതോടെ കുഞ്ഞുമോന് മത്സരിക്കാൻ സീറ്റ് കൊടുക്കുന്ന കാര്യത്തിൽ സിപിഎമ്മും രണ്ടഭിപ്രായത്തിലായി. അങ്ങനെ വന്നാൽ വീണ്ടും ആർ എസ് പിയിലേക്ക് കുഞ്ഞുമോൻ മടങ്ങിയേക്കും.
ആർ എസ് പി വിട്ടു വന്നതിനാൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കുന്നത്തൂർ സീറ്റ് ഇടത് മുന്നണി കുഞ്ഞുമോന് തന്നെ നൽകി. ആർഎസ്‌പി സ്ഥാനാർത്ഥിയെ തോൽപ്പിച്ച് കുഞ്ഞുമോൻ നിയമസഭയിലെത്തി. ആർഎസ്‌പിക്ക് ഒരു നിയമസഭാംഗം പോലും ഉണ്ടായില്ലെന്നതും ചരിത്രം. ആർ എസ് പിയുടെ കുത്തക മണ്ഡലമായ ചവറയിൽ ഷിബു ബേബി ജോണും ഇരവിപുരത്ത് അസീസും തോറ്റു. അങ്ങനെ നിയമസഭയിലെ ഏക ആർ എസ് പിക്കാരനായി കോവൂർ കുഞ്ഞുമോൻ. പിന്നീട് കോവൂർ കുഞ്ഞുമോന് രാഷ്ട്രീയ ഇച്ഛാശക്തിയില്ലെന്ന വിമർശനവുമായാണ് ആർ.എസ്‌പി ലെനിനിസ്റ്റിൽ നിന്ന് കൂടുതൽ നേതാക്കൾ ആർ.എസ്‌പിയിലേക്ക് മടങ്ങിയത്.
കുന്നത്തൂരിലെ പ്രധാന നേതാക്കളെിൽ മിക്കവരും മാതൃ സംഘടനയുടെ ഭാഗമായി കഴിഞ്ഞു. ഗുരുതരമായ സംഘടനാ ദൗർബല്യത്തിലേക്കും വീഴ്ചകളിലേക്കും ആർ.എസ്‌പി ലെനിനിസ്റ്റ് പോയി. പാർട്ടിയെ ഇടത് മുന്നണിയിൽ ഉൾപ്പെടുത്തുമെന്ന് ഇനിയും പ്രതീക്ഷിക്കാനാകില്ല. കോവൂർ കുഞ്ഞുമോനെ സിപിഐയിലേക്ക് പല തവണ ക്ഷണിച്ച് കഴിഞ്ഞു സിപിഐ നേതൃത്വം. ജില്ലാ നേതൃത്വം പല തവണ ചർച്ച നടത്തിയെങ്കിലും കുഞ്ഞുമോൻ വഴങ്ങിയിരുന്നില്ല. ഏറ്റവുമൊടുവിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നേരിട്ട് കുഞ്ഞുമോനുമായി ചർച്ച നടത്തിയതായും സൂചനയുണ്ട്. നിലവിലെ സാഹചര്യത്തിൽ കുഞ്ഞുമോൻ സിപിഐയിൽ പോകാനും സാധ്യത ഏറെയാണ്.
മറുനാടന് മലയാളി ബ്യൂറോ