തിരുവനന്തപുരം: താൻ വരാന്തയിലല്ല. അഞ്ചു ടേമായി നിയമസഭയിൽ ഉണ്ടെന്ന് കോവൂർ കുഞ്ഞുമോൻ. ഷിബു ബേബി ജോണിന്റെ വിമർശനത്തിന് മറുപടിയായാണ് അദ്ദേഹം ഈ നിലപാട് വ്യക്തമാക്കിയത്. എന്നാൽ, ആർ എസ് പി ആത്മാക്കളെപ്പോലെ അലഞ്ഞു നടക്കുകയാണ്. യുഡിഎഫിൽ എത്തിയ ആർഎസ്‌പി ഫുട്പാത്തിൽ അലയുന്നുവെന്ന് കോവൂർ കുഞ്ഞുമോൻ പരിഹസിച്ചു. ആർഎസ്‌പിക്ക് അസ്ഥിത്വം നഷ്ടപ്പെട്ടു. യുഡിഎഫിലേക്കു വന്നതിന് പിന്നാലെ ആർഎസ്‌പിയും യുഡിഎഫും ശിഥിലമായെന്നും കോവൂർ കുഞ്ഞുമോൻ എംഎൽഎ പറഞ്ഞു.

ആർഎസ്‌പിയെ ഇടതു മുന്നണിയിലേക്ക് സ്വാഗതം ചെയ്ത കോവൂർ കുഞ്ഞുമോന് മറുപടിയായിട്ടായിരുന്നു മുൻപ് ഷിബു ബേബി ജോണിന്റെ പരിഹാസം. ഇപ്പോഴും വരാന്തയിൽ തന്നെയല്ലേ നിൽക്കുന്നത്, കുഞ്ഞുമോൻ ആദ്യമൊന്ന് അകത്ത് കയറൂ എന്നായിരുന്നു ഷിബു ബേബി ജോണിന്റെ പ്രതികരണം. അത് കഴിഞ്ഞ് മറ്റുള്ളവരെ സ്വാഗതം ചെയ്യാമെന്നും അദ്ദേഹം ഫേസ്‌ബുക്കിലൂടെ രൂക്ഷ ഭാഷയിൽ മറുപടി നൽകിയിരുന്നു.

ഷിബു ബേബി ജോൺ ആർഎസ്‌പിയിൽ നിന്നും അവധി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോവൂർ കുഞ്ഞുമോൻ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്തത്. ഷിബുവിനെ ഇടത് മുന്നണിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും ഷിബു ബേബി ജോണുമായി നേരിൽ സംസാരിച്ചുവെന്നും കുഞ്ഞുമോൻ വ്യക്തമാക്കിയിരുന്നു. എഎ അസീസിന്റെയും ഷിബു ബേബി ജോണിന്റെയും നേതൃത്വത്തിലുള്ള ആർഎസ്‌പിക്ക് ഇനി യുഡിഎഫിൽ തുടർന്ന് പോകാൻ സാധിക്കില്ലെന്നും അതിനാൽ എൽഡിഎഫിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്‌പി ശക്തമായ പാർട്ടിയായി നിലനിൽക്കേണ്ടതുണ്ടെന്നും കുഞ്ഞുമോൻ പ്രതികരിച്ചു. ഇടത് മുന്നണിയിലെ ഘടകക്ഷിയാണ് കോവൂർ കുഞ്ഞുമോന്റെ നേതൃത്വത്തിലുള്ള ആർഎസ്‌പി ലെനിനിസ്റ്റ്. ആർഎസ്‌പിക്ക് നിയമസഭയിൽ അംഗങ്ങളില്ല. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പിലും പാർട്ടി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച എല്ലാ സീറ്റിലും പരാജയപ്പെട്ടിരുന്നു.

വ്യക്തിപരമായ കാര്യങ്ങൾ ചൂണ്ടികാട്ടിയാണ് ഷിബു ബേബി ജോൺ പാർട്ടിയിൽ നിന്നും അവധിയെടുത്തത്. എന്നാൽ വ്യക്തി കാര്യങ്ങൾക്ക് കൂടുതൽ സമയം ചെലവഴിക്കാനും അവധി അനുവദിക്കാൻ കഴിയില്ലെന്നുമാണ് സംഘടന മറുപടി. തന്റെ അവധിയിൽ മറ്റ് വ്യഖ്യാനങ്ങളൊന്നും വേണ്ട, ആർഎസ്‌പിയെ കൂടുതൽ പ്രതിസന്ധിയിലാക്കില്ലെന്നും ഷിബു ബേബി ജോൺ പ്രതികരിച്ചിരുന്നു.