കുന്നത്തൂർ: മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ തന്നെ ആക്രമിച്ചില്ലെന്ന് കോവൂർ പറഞ്ഞു. വലിയ ജനസഞ്ചയമാണ് ചക്കുവള്ളിയിൽ ഇന്നെത്തിയത്. എന്നേയും മുഖ്യമന്ത്രിയേയും എങ്ങനേയും സ്റ്റേജിലെത്തിക്കാനാണ് അംഗരക്ഷകർ ശ്രമിച്ചത്. മുഖ്യമന്ത്രിയെ കുന്നത്തൂർ നിവാസികൾ ആവേശപൂർവ്വം സ്വീകരിച്ചതിൽ വിറളി പൂണ്ട് യുഡിഎഫ് കുപ്രചരണം നടത്തുകയാണെന്നും കോവൂർ കുഞ്ഞുമോൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ അംഗരക്ഷകർ എന്നെ ആക്രമിച്ചു എന്ന് പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയയിൽ വരുന്ന ഈ കപടതന്ത്രം കേരളത്തിലെ ജനങ്ങൾ തിരിച്ചറിയണം. യുഡിഎഫിന് ഇപ്പോൾ എന്നോട് വലിയ പ്രേമമാണ്. ഇതിപ്പോൾ വലിയ പ്രചരണമായി അവർ മാറ്റിയിരിക്കുകയാണ്- കുഞ്ഞുമോൻ പറഞ്ഞു.

മുഖ്യമന്ത്രിക്ക് ഒപ്പം എം എൽ എ വേദിയിലേക്ക് കയറുന്നതിനിടെ, സുരക്ഷ ഉദ്യോഗസ്ഥൻ കുഞ്ഞുമോനെ തള്ളി മാറ്റുന്നത് വീഡിയോയിൽ കാണാവുന്നതാണ്. കൊല്ലം കുന്നത്തൂരിൽ ചക്കുവള്ളിയിൽ എൽ ഡി എഫ് തെരഞ്ഞെടുപ്പ് യോഗത്തിനിടെ ആയിരുന്നു സംഭവം. കോവൂർ കുഞ്ഞുമോന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയായിരുന്നു മുഖ്യമന്ത്രി ഇവിടെ എത്തിയത്. എന്നാൽ, കഴിഞ്ഞ 20 വർഷമായി എം എൽ എ ആയി തുടരുന്ന കോവൂർ കുഞ്ഞുമോനെ മനസിലാക്കാൻ മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥന് കഴിഞ്ഞില്ല.

സംഭവത്തിനിടെ, മുഖ്യമന്ത്രി കൃത്യമായി ഇടപെടുന്നത് കാണാം. സുരക്ഷ ഉദ്യോഗസ്ഥന്റെ കൈയിൽ പിടിച്ച് മാറ്റി കോവൂർ കുഞ്ഞുമോനോട് മുന്നിലോട്ട് നടക്കാൻ മുഖ്യമന്ത്രി നിർദ്ദേശിക്കുന്നുണ്ട്.

അതേസമയം, സംഭവത്തിൽ പ്രതികരണവുമായി കുന്നത്തൂർ യുഡിഎഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂർ രംഗത്തെത്തി. 20 വർഷമായി നാടിന്റെ ജനപ്രതിനിധിയായിരിക്കുന്ന കുഞ്ഞുമോനെ ഈ നാട്ടിൽ വെച്ച് ഇങ്ങനെ അക്രമിക്കാമെങ്കിൽ ഈ നാട്ടിലെ സാധാരണക്കാരന്റെ ആത്മാഭിമാനത്തിന് എന്ത് വിലയാണുള്ളതെന്ന് ഉല്ലാസ് കോവൂർ ചോദിച്ചു. കോവൂർ കുഞ്ഞുമോൻ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഒരു സർക്കാർ ഉദ്യോഗസ്ഥൻ അപമാനിക്കുന്നത് ഈ നാട്ടിലെ ഓരോ സാധാരണക്കാരനും നേരെയുള്ള അപമാനമാണ്. എത്രയും വേഗം എംഎൽഎ യുടെ മേൽ കൈവെച്ച ആ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ച് മുഖ്യമന്ത്രി കുഞ്ഞുമോനോടും കുന്നത്തൂരുകാരോടും മാപ്പ് പറയണമെന്നും ഉല്ലാസ് ആവശ്യപ്പെട്ടു.

കോവൂർ കുഞ്ഞുമോൻ പറഞ്ഞത്

''ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന എനിക്ക് വേണ്ടി കേരളത്തിന്റെ മുഖ്യമന്ത്രി ഇന്ന് രാവിലെ ചക്കുവള്ളിയിൽ വരികയുണ്ടായി. കുന്നത്തൂർ മണ്ഡലം കണ്ട ഏറ്റവും വലിയ ജനസഞ്ചയമാണ് അവിടെ കാണാൻ കഴിഞ്ഞത്. മുഖ്യമന്ത്രിയോടൊപ്പം സഞ്ചരിച്ച എന്നേയും മുഖ്യമന്ത്രിയേയും അംഗരക്ഷകർ സ്റ്റേജിൽ എത്തിക്കുന്നതിന് വേണ്ടി വലിയ പരിശ്രമമായിരുന്നു നടത്തിയിരുന്നത്. മുഖ്യമന്ത്രിയുടെ അംഗരക്ഷകർ എന്നെ ആക്രമിച്ചു എന്ന് പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയയിൽ വരുന്ന ഈ കപടതന്ത്രം കേരളത്തിലെ ജനങ്ങൾ തിരിച്ചറിയണം. യുഡിഎഫിന് ഇപ്പോൾ എന്നോട് വലിയ പ്രേമമാണ്. ഇതിപ്പോൾ വലിയ പ്രചരണമായി അവർ മാറ്റിയിരിക്കുകയാണ്. എനിക്ക് ജനങ്ങളോട് പറയാനുള്ളത്, കേരളത്തിന് പ്രിയപ്പെട്ട മുഖ്യമന്ത്രി വന്നപ്പോൾ വളരെ ആവേശകരമായിട്ടാണ് കുന്നത്തൂർ നിവാസികൾ സ്വീകരിച്ചത്. ഇതിൽ വിറളി പൂണ്ടാണ് ബോധപൂർവ്വം അംഗരക്ഷകർ എന്നെ ആക്രമിച്ചു എന്ന് പറയുന്നത്. ഒരിക്കലും അത് ശരിയല്ല. അംഗരക്ഷകർ എന്നേയും മുഖ്യമന്ത്രിയേയും എങ്ങനെയെങ്കിലും സ്റ്റേജിൽ എത്തിക്കാനുള്ള പ്രവർത്തനത്തിലാണ് ഇടപെട്ടിട്ടുള്ളത്. കേരളത്തിലെ ജനങ്ങളെ ഇങ്ങനെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് സോഷ്യൽ മീഡിയിൽ പരത്തുന്ന ഈ പ്രചരണം കുപ്രചരണമാണ്. ഇത് അവസാനിപ്പിക്കണമെന്നാണ് നിങ്ങളോട് എനിക്ക് സവിനയം പറയാനുള്ളത്.'