- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തുടർച്ചയായി അഞ്ചുടേം മത്സരിച്ച് ജയിക്കുന്നത് ചെറിയ കാര്യമാണോ? ഇടതുമുന്നണിക്കൊപ്പം ഇത്രയും കാലം പാറ പോലെ ഉറച്ചുനിന്നില്ലേ? ആർഎസ്പിയോടും പ്രാദേശിക സിപിഎമ്മിനോടും മല്ലിട്ട് കുന്നത്തൂരിൽ ജയിച്ചുകയറിയ കോവൂർ കുഞ്ഞുമോനും മന്ത്രിയാകണം; പിണറായിക്ക് കത്ത് നൽകാൻ ഒരുങ്ങി കുഞ്ഞുമോൻ
തിരുവനന്തപുരം: കുന്നത്തൂരിൽ നിന്ന് തുടർച്ചയായി അഞ്ചാം വട്ടം തിരഞ്ഞെടുക്കപ്പെട്ടതിന്റെ ആഹ്ലാദം ഇത്തവണ കോവൂർ കുഞ്ഞുമോൻ മറച്ചുവയ്ക്കുന്നില്ല. രണ്ടാം പിണറായി മന്ത്രിസഭയിൽ പ്രാതിനിധ്യം വേണമെന്ന് ആവശ്യപ്പെട്ട് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന് കത്തുനൽകാനൊരുങ്ങിയിരിക്കുകയാണ് കോവൂർ കുഞ്ഞുമോൻ. താൻ അഞ്ച് ടേം തുടർച്ചയായി തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചത് പരിഗണിച്ച് മന്ത്രിസ്ഥാനം നൽകണമെന്ന ആവശ്യമാണ് കുഞ്ഞുമോൻ മുന്നോട്ടുവെയ്ക്കുന്നത്. താൻ ഇടതുമുന്നണിക്കൊപ്പം ഉറച്ചുനിന്നതും കണക്കിലെടുക്കണമെന്നാണ് കുഞ്ഞുമോന്റെ പക്ഷം. തന്നെ മന്ത്രിയാക്കുന്നതുവഴി ആർഎസ്‌പി പ്രവർത്തകരെ പതുക്കെ ഇടതുമുന്നണിയിലെത്തിക്കാമെന്നും കുഞ്ഞുമോൻ പറഞ്ഞു.
2001 മുതൽ തുടർച്ചയായ അഞ്ച് തെരഞ്ഞെടുപ്പിൽ കുന്നത്തൂരിൽ നിന്നും കുഞ്ഞുമോൻ ജയിച്ചുകയറിയിരുന്നു. ആർഎസ്‌പിയുടെ യുവനേതാവായ ഉല്ലാസ് കോവൂരിനെ കുഞ്ഞുമോൻ 2790 വോട്ടുകൾക്കാണ് ഇത്തവണ പരാജയപ്പെടുത്തിയത്. ആർഎസ്‌പിയുടെ മുന്നണിമാറ്റത്തിനുശേഷം നടന്ന 2016-ലെ തെരഞ്ഞെടുപ്പിലും എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ച കുഞ്ഞുമോൻ ആർഎസ്‌പിയുടെ കുത്തകമണ്ഡലമായിരുന്ന കുന്നത്തൂരിൽ ആർഎസ്‌പി ചിഹ്നത്തിനെതിരെ വിജയം പിടിച്ചടക്കുകയായിരുന്നു.
ഇത്തവണ അട്ടിമറി സാധ്യതകൾ പ്രവചിക്കപ്പെട്ടിരുന്ന മണ്ഡലത്തിൽ എംഎൽഎയുടെ വികസനമുരടിപ്പ് പ്രധാന പ്രചാരണായുധമാക്കി വിജയിച്ചുകയറാമെന്ന് യുഡിഎഫ് കണക്കുകൂട്ടിയിരുന്നെങ്കിലും ജനം കുഞ്ഞുമോനൊപ്പം നിൽക്കുകയായിരുന്നു. പ്രാദേശിക സി പി എമ്മിലെ എതിർപ്പ് മറികടന്നാണ് കുഞ്ഞുമോൻ ഇത്തവണയും കുന്നത്തൂരിൽ നിന്ന് ജയിച്ചു കയറിയത്.
ആർ എസ് പി മുന്നണി വിട്ടപ്പോഴും ഇടതുപക്ഷത്ത് തന്നെ ഉറച്ച് നിന്ന വ്യക്തിയാണ് കോവൂർ കുഞ്ഞുമോൻ. പാർട്ടിയിൽ നിന്ന് പുറത്ത് വന്നിട്ടും കഴിഞ്ഞ രണ്ട് തവണയും മണ്ഡലം കൈവിട്ട് പോകാതെ കാക്കാൻ കുഞ്ഞുമോനായി. പത്തനാപുരത്ത് നിന്നും ജയിച്ച ഗണേശ്‌കുമാർ മന്ത്രിസ്ഥാനത്തേക്ക് എത്തുമെന്ന അഭ്യൂഹം ശക്തമാണ്. യു ഡി എഫ് വിട്ടുവിന്ന ഗണേശിനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുമ്പോൾ എൽ ഡി എഫിൽ തന്നെയുണ്ടായിരുന്ന കുഞ്ഞുമോനെ മന്ത്രിയാകാത്തത് വിമർശന വിധേയമായേക്കാം. കഴിഞ്ഞ തവണ ഒരു അംഗം മാത്രമുള്ള രാമചന്ദ്രൻ കടന്നപ്പള്ളിക്ക് എൽ ഡി എഫ് മന്ത്രിസ്ഥാനം നൽകിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ