കൊല്ലം: വികസന വാഗ്ദാനങ്ങളും രാഷ്ട്രീയമായ ആരോപണങ്ങളും മാത്രമല്ല, നിയമസഭാ തിരഞ്ഞെടുപ്പിൽ പോരാട്ടം കടുത്തതോടെ എതിരാളിയെ തറപറ്റിക്കാൻ ഇത്തവണ പരീക്ഷിക്കപ്പെട്ടത് കൂടോത്രം വരെ. പരസ്യപ്രചാരണത്തിന്റെ കലാശക്കൊട്ട് നടക്കേണ്ട ഞായറാഴ്ച രാവിലെയാണ് കുന്നത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂരിന്റെ വീടിനു സമീപത്തുനിന്നും കൂടോത്രം കണ്ടെത്തിയത്.

രണ്ട് മുട്ടയും ഒരു നാരങ്ങയും വീട്ടുമുറ്റത്തെ കിണറിന് സമീപമുള്ള പ്ലാവിന്റെ ചുവട്ടിൽ വാഴ ഇലയിലാണ് വെച്ച നിലയിൽ കണ്ടത് . ഒന്നിൽ ശത്രു എന്നും മറ്റൊന്നിൽ ഓം എന്നും എഴുതിയിട്ടുണ്ട്.ഒരു മുട്ടയിൽ ചുവന്ന നൂൽ ചുറ്റിവരിഞ്ഞിട്ടുണ്ട്. രാവിലെ ആറിന് അമ്മയാണ് കണ്ടത്.

തെരഞ്ഞെടുപ്പ് രംഗത്ത് വലിയ മുന്നേറ്റമാണ് കുന്നത്തൂരിൽ യുഡിഎഫിന് ഉള്ളതെന്നാണ് അവരുടെ അവകാശ വാദം. ഇത് ഇടത് ക്യാമ്പിനെ അസ്വസ്ഥരാക്കിയിട്ടുണ്ട്. അതിന്റെ ഭാഗമായി അന്ധവിശ്വാസത്തിന് പിറകെ പോലും ഇടതു പക്ഷം പോയിരിക്കുകയാണെന്നാണു യുഡിഎഫ് നേതാക്കൾ ആരോപിച്ചു. ചുട്ടകോഴിയെ പറത്തുന്ന മറുകൂടോത്രം ചെയ്യണമെന്നും ആവശ്യവും അണികൾ ഉയർത്തുന്നുണ്ട്. എന്തായാലും വിഷയം ഇതുവരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിൽ എത്തിയിട്ടില്ലെന്നാണ് അറിയുന്നത്.

രാഷ്ട്രീയ പോരാട്ടങ്ങൾക്ക് വേദിയാകേണ്ട തിരഞ്ഞെടുപ്പു കാലത്ത് കൂലിത്തല്ലിൽ തുടങ്ങി കൂടോത്രം വരെയുള്ള പലവിധ രാഷ്ട്രീയ ചാണക്യ തന്ത്രങ്ങളാണ് ഇത്തവണ പ്രയോഗിക്കപ്പെട്ടത്. രാഷ്ട്രീയ രംഗത്ത് കേട്ടുകേൾവിയില്ലാത്ത കാര്യങ്ങൾ വരെ പരസ്യപ്രചാരണത്തിന്റെ കാലയളവിൽ ഇത്തവണ കേരളം കണ്ടു.

പ്രിയദർശൻ - ശ്രീനിവാസൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മിഥുനം സിനിമ കണ്ടവരാരും അതിലെ കൂടോത്രം മറക്കില്ല . കൂടോത്രം ചെയ്തവന്റെ തല പൊട്ടിത്തെറിക്കാൻ കാത്തുനിൽക്കുന്ന ബന്ധുക്കൾ. കൂടോത്രം ചെയ്താൽ ഇന്ത്യൻ ശിക്ഷാ നിയമത്തിൽ ശിക്ഷിക്കാൻ വകുപ്പില്ലെന്ന് വീമ്പിളക്കുന്ന ജഗതിയുടെ കഥാപാത്രം. സമാനമായ ചിന്തകളാകാം വോട്ടർമാരുടെ മനസിൽ ഉണർത്തുക.

കുന്നത്തൂരിൽ കൂടോത്രമാണ് കലാശക്കൊട്ട് ദിനത്തിലെ പ്രധാന വാർത്തയെങ്കിൽ ചവറ മണ്ഡലത്തിൽ വോട്ടർമാരെ സ്വാധീനിക്കാൻ എൽഡിഎഫ് സ്ഥാനാർത്ഥി മദ്യ വിതരണം നടത്തിയെന്ന ആരോപണമാണ് ഇന്ന് ഉയർന്നത്. യുഡിഎഫ് സ്ഥാനാർത്ഥി ഷിബു ബേബി ജോൺ ഇതു സംബന്ധിച്ച് തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകിക്കഴിഞ്ഞു. വിഡിയോ ദൃശ്യങ്ങൾ സഹിതമാണു പരാതി നൽകിയത്. സ്ഥാനാർത്ഥിയുടെ ഉടമസ്ഥതയിലുള്ള ബാർ ഹോട്ടലുകൾ വഴി ടോക്കൺ നൽകി മദ്യം വിതരണം ചെയ്യുകയാണ്. ഇതു കൂടാതെ വാഹനങ്ങളിൽ മദ്യം എത്തിച്ചു നൽകുന്നുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നു.

വോട്ടെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെയാണ് മദ്യം നൽകി വോട്ടർമാരെ സ്വാധീനിക്കാൻ എൽഡിഎഫ് ശ്രമം നടത്തുന്നതായി ആരോപണം ഉയർന്നത്. ചവറയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ബാറിൽ നിന്നും മദ്യം നൽകുന്നുവെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. മദ്യം നൽകി വോട്ട് വാങ്ങാൻ ശ്രമമെന്ന പരാതിയിൽ അന്വേഷണം തുടങ്ങിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ സ്വന്തം ബാറുകളിൽ നിന്നും വോട്ടർമാർക്കിടയിലേക്ക് അനിയന്ത്രിതമായി മദ്യം ഒഴുക്കുകയാണെന്നും അബ്കാരി നിയമങ്ങളുടെ പരസ്യമായ ലംഘനമാണ് മൂന്ന് ബാറുകളിലും നടക്കുന്നതെന്നും ഷിബു ബേബിജോൺ ആരോപിച്ചു.

കേരളത്തിന്റെ വികസനവും, അഴിമതി ആരോപണങ്ങളും, ശബരിമല യുവതി പ്രവേശനവും അടക്കം ഒട്ടേറെ വിഷയങ്ങൾ ചർച്ചയായ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ കാലയളവിൽ വോട്ടുറപ്പിക്കാനും എതിരാളികളെ വീഴ്‌ത്താനും പുതിയ രാഷ്ട്രീയ ചാണക്യ തന്ത്രങ്ങൾ കൂടി പരീക്ഷിക്കപ്പെടുന്നത് കണ്ടുകൊണ്ടാണ് പരസ്യപ്രചാരണത്തിന് ഇത്തവണ തിരിശീല വീഴുന്നത്. കൂടോത്രവും വോട്ടിന് കുപ്പിയും ഒക്കെ കൊല്ലത്തെ മണ്ഡലങ്ങളിൽ ഫലം കാണുമോ എന്നത് അറിയാൻ മെയ് രണ്ട് വരെ കാത്തിരുന്നേ മതിയാവു.