തിരുവനന്തപുരം: കവടിയാറിൽ നിന്നും ഒരു ഓട്ടം എടുക്കുന്നതിനായി പോവുകയായിരുന്നു ഞാൻ, പെട്ടന്ന് വലിയ വേഗത്തിൽ എന്തോ ഒന്ന് എന്റെ ഓട്ടോയുടെ വലത് ഭാഗത്ത് വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ എന്റെ വണ്ടി റോഡൽ മറിഞ്ഞു ഞാൻ പുറത്തേക്ക് തെറിച്ച് വീഴുകയും ചെയ്തു. കവടിയാറിൽ 16ന് രാത്രി അമിത വേഗത്തിൽ അപകടമുണ്ടാക്കിയ കാർ ഇടിച്ച് തെറിപ്പിച്ച ഓട്ടോ ഡ്രൈവർ സജികുമാർ ഇത് പറയുമ്പോഴും ഭയം മാറിയിരുന്നില്ല.

എന്താണ് സംഭവിച്ചതെന്ന് പെട്ടെന്ന് മനസ്സിലായിരുന്നില്ല. ഞാൻ വീഴുന്നതിനിടയിൽ വലിയ ശബ്ദവും ബഹളവും ഒച്ചയും കേട്ടിരുന്നു. അവിടെ കൂടി നിന്നിരുന്ന ആളുകൾ പെട്ടന്ന് വന്ന് എന്നെ എടുത്തപ്പോഴാണ് ഞാൻ കണ്ണ് തുറന്ന് നോക്കിയത്. അപ്പോഴേക്കും കാർ ഇടിച്ച് തകർന്ന അവസ്ഥയിലും നാട്ടുകാരുടെ കൂട്ടവുമാണ് കണ്ടത്. പെട്ടന്ന് ആകെ പേടിച്ച അവസ്ഥയിലായിരുന്നു. ബോധം നഷ്ടപ്പെടുകയും ചെയ്തുവെന്ന് സജികുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു.

സംഭവത്തെകുറിച്ച് സജികുമാർ പറയുന്നത് ഇങ്ങനെ

ഭാഗ്യവും ആയുസ്സിന്റെ ബലവും കൊണ്ട് മാത്രമാണ് ഞാൻ രക്ഷപ്പെട്ടത്. രാത്രി തിരക്കൊഴിഞ്ഞ സമയമായതുകൊണ്ട് വൻ അപകടം ഒഴിവായി. രാത്രി 10.40ന് ആണ് സംഭവം നടക്കുന്നത്. ഒരു ഓട്ടത്തിനായി വെള്ളയമ്പലത്ത് നിന്നും കവടിയാറിലേക്ക് പോവുകയായിരുന്നു ഞാൻ. രാജ്ഭവന് മുന്നിലെത്തിയപ്പോഴാണ് കൃത്യമായും സംഭവമുണ്ടായത്. റോഡിൽ അധികം വാഹനങ്ങളുണ്ടായിരുന്നില്ല. നഗരത്തിലെ തീയറ്ററുകളിൽ സെക്കന്റ് ഷോ കഴിഞ്ഞാൽ മാത്രമെ പിന്നെ ആ റോഡിൽ തിരക്കുണ്ടാകാറുള്ളു. അതുകൊണ്ടാണ് വലിയ അപകടം ഒഴിവായത്. ഞാൻ ഈ സമയത്ത് വേറെ വാഹനങ്ങൾ പ്രതീക്ഷിച്ചതുമില്ല, നല്ല വീതിയുള്ള റോഡാണ്.

ഏതോ ഒരു വാഹനം ഇരച്ച് വരുന്നതിന്റെ മൂളൽ കേട്ടത് മാത്രമാണ് ഓർമ്മ. സാധാരണ ഈ റോഡിൽ രാത്രി അങ്ങനെ തന്നെയാണ് നവേഗത്തിലാണ് വാഹനങ്ങൾ പോകാറുള്ളത്. വീതിയുള്ളതുകൊണ്ട് തന്നെ റോഡിൽ വാഹനങ്ങളുണ്ടെങ്കിലും അപകടം ആരും പ്രതീക്ഷിക്കുന്നില്ലല്ലോ. പെട്ടെന്ന് ശക്തിയിലും വേഗത്തിലും എന്തോ ഒന്ന് എന്റെ ഓട്ടോയുടെ പിൻഭാഗത്ത് വന്ന് വലത് വശത്തോട് ചേർന്ന് തട്ടി. ആ കാറിന് വലിയ വേഗതയുണ്ടായിരുന്നതുകൊണ്ട് തന്നെ ഇടിയുടെ ആഘാതത്തിൽ ഓട്ടോ മറിഞ്ഞു. എനിക്ക് ജീവന് അപകടം പറ്റിയെന്ന് കരുതി തന്നെയാണ് നാട്ടുകാർ ഓടിക്കൂടിയത്. പെട്ടന്ന് തന്നെ പൊലീസും ആംബുലൻസുമെല്ലാം സ്ഥലതെത്തി എന്നെ ആശുപത്രിയിലേക്ക് കൊണ്ട് പോയി. നാട്ടുകാരുടെ ബഹളവും പൊലീസ് വാഹനങ്ങളും ആംബുലൻസുമൊക്കെ ഓടി പാഞ്ഞപ്പോഴാണ് സംഭവിച്ചത് വലിയ അപകടമായിരുന്നുവെന്ന് തന്നെ മനസ്സിലായത്.

പൊലീസും നാട്ടുകാരും ചേർന്ന് എന്നെ ആംബുലൻസിലേക്ക് കയറ്റിയപ്പോഴാണ് റോഡിൽ കാറിന്റെ ചില ഭാഗങ്ങൾ അങ്ങിങ്ങായി ചിന്നിചിതറി കിടക്കുന്നത് ഞാൻ കണ്ടത്. അപ്പോൾ എനിക്ക് കഠിനമായ ചെവി വേദന അനുഭവപ്പെട്ടിരുന്നു. പിന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് പരിശോധനകൾ നടത്തുകയായിരുന്നു. രണ്ട് കൈക്കും ചെവിക്കും, കാലിനും തലയ്ക്കുമാണ് ഇപ്പോൾ വേദനയുള്ളത്. നേരത്തെ പറഞ്ഞത് പോലെ ദൈവാനുഗ്രഹം ഒന്ന് കൊണ്ട് മാത്രമാണ് ഞാൻ രക്ഷപ്പെട്ടത്.

സജികുമാർ കുടുബത്തിന്റെ ഏക ആശ്രയം

തിരുവനന്തപുരം നഗരത്തിലെ പാപ്പനംകോട് കൽപ്പക ഗാർഡൻസിലാണ് ഭാര്യയും രണ്ട് പെൺമക്കളും പ്രായം ചെന്ന അച്ഛനുമൊപ്പം സജികുമാർ താമസിക്കുന്നത്. ഈ അഞ്ചംഗ കുടുംബത്തിന്റെ ഏക ആശ്രയവും സജിയാണ്. ഇപ്പോൾ ഈ അപകടം പറ്റിയതിനെ തുടർന്ന് ഒരു മാസത്തെ വിശ്രമമാണ് സജിക്ക് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.

മക്കളുടെ വിദ്യാഭ്യാസം. വീട് വെച്ചതിന്റെ കടം, അച്ഛന്റെ ചികിത്സ ഇതിനൊക്കെ പണം കണ്ടെത്തേണ്ടത് സജികുമാർ ഓട്ടോ ഓടിച്ച് ലഭിക്കുന്ന വരുമാനത്തിൽ നിന്നുമാണ്. ആശുപത്രിയിലെ ചികിത്സയ്ക്കും മറ്റും ആരും തന്നെ സഹായിക്കാനില്ല. പാപ്പനംകോട് തമ്പാനൂർ സ്റ്റാൻഡുകളിലാണ് സജി ഓട്ടോ ഓടിക്കുന്നത്. പണത്തിന് ബുദ്ധിമുട്ടുള്ളതുകൊണ്ട് തന്നെ ചില കടകളുടെ കച്ചവടസംബന്ധമായ ഓട്ടവുമുണ്ട്. അതിരാവിലെ മുതൽ രാത്രി വൈകി വരെ വാഹനമോടിച്ചാലെ സജിക്ക് കുടുംബം പുലർത്താൻ കഴിയുകയുള്ളു.

രണ്ട് പെൺമക്കളാണ് സജിക്ക്. അച്ഛന് പ്രായമായതും അസുഖമുള്ളതും കാരണം ഭാര്യക്ക് ജോലിക്ക് പോകാൻ കഴിയില്ല. മൂത്ത മകൾ നാലാഞ്ചിറ മാർ ഇവാനിയോസ് കോളേജിൽ ബിഎസ്സി കെമിസ്ട്രിക്കും ഇളയമകൾ പട്ടം ,സെന്റ് മേരീസിൽ 5ാം ക്ലാസ് വിദ്യാർത്ഥിനിയുമാണ്. അപകടം പറ്റിയതിനെ തുടർന്ന് വീട്ടിൽ കാണാൻ വരുന്ന ബന്ധുക്കളും സുഹൃത്തുക്കളും നൽകുന്ന എന്തെങ്കിലും തുകയാണ് ഇപ്പോൾ കുടുംബത്തിന് ആശ്രയം. ഇനി ഓട്ടോ സ്റ്റേഷനിൽ നിന്നും ഇറക്കുന്നതിന് നൂലാമാലകൾ ഏറെയാണ്. പെട്ടെന്ന് എല്ലാം ശരിയാകും എന്ന വിശ്വാസത്തിലാണ് ഇപ്പോൾ സജിയും കുടുംബവും.

അപകടത്തിൽ ഇപ്പോഴും ദുരൂഹത

പഞ്ചനക്ഷത്ര ഹോട്ടലുടമയായ സുബ്രഹ്മണ്യത്തിന്റെ മകൻ എസ്‌പി ആദർശിന്റെ മകനൊണ് അപകടത്തിൽ മരിച്ചത്. അമിത വേഗത തന്നെയാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. മൂന്ന് പെൺകുട്ടികളും വാഹനത്തിലുണ്ടായിരുന്നു. അപകടത്തിൽ പെട്ട് മരിച്ച ആദർശും ഗൗരിയും സഹപാഠികളായിരുന്നു. തിരുവനന്തപുരത്തെ കോളേജ് ഓഫ് ആർക്കിടെകിലെ വിദ്യാർത്ഥിനിയായിരുന്നു ഗൗരി. ഇരുവരും സെന്റ് തോമസ് സ്‌കൂളിൽ പഠിച്ചിരുന്നു. അപകടത്തിൽപ്പെട്ട മറ്റ് യുവതികളും ഇതേ കോളേജിലെ വിദ്യാർത്ഥിനികളായിരുന്നുവെന്നാണ് സൂചന. തിരുവനന്തപുരത്തെ പ്രമുഖ വ്യവസായിയുടെ മകളാണ് ഗൗരി. സിനിമാ നിർമ്മാതാവായ സുബ്രമണ്യത്തിന്റെ കൊച്ചു മകൾ. ഈ ബന്ധമാണ് ബിനീഷിനെ അപകടസ്ഥലത്ത് എത്തിച്ചത്.

ബെൻസ് കാറുമായി മത്സരയോട്ടത്തിലായിരുന്നു ആദർശിന്റെ വാഹനമെന്നാണ് പുറത്തുവരുന്ന സൂചന. അമിത വേഗതയിൽ പാഞ്ഞു വന്ന കാർ ഓട്ടോയിൽ തട്ടി നിയന്ത്രണം വിട്ടു. ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു. എന്നാൽ ബെൻസുകാറിനെ താൻ കണ്ടിട്ടില്ലെന്നാണ് ഓട്ടോ ഡ്രൈവർ സജികുമാർ പറയുന്നത്. പുത്തൻ ആഡംബര സ്‌കോഡ ഒക്ടാവിയ കാറാണ് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞദിവസം എറണാകുളത്ത് താത്കാലിക രജിസ്ട്രഷൻ നടത്തി റോഡിലിറക്കിയതാണ് കാർ. സീറ്റ് ബെൽറ്റ് അദർശ് ഇട്ടിരുന്നില്ലെന്നാണ് സൂചന. അതാണ് ആദർശിന്റെ ജീവനെടുക്കാൻ കാരണമെന്നാണ് പ്രാഥമിക വലിയിരുത്തൽ. മത്സര ഓട്ടത്തിൽ പങ്കെടുത്ത ബെൻസിനെ ഇനിയും കണ്ടെത്തിയിട്ടില്ല. ഇത് ദുരൂഹമായി തുടരുകയാണ്.

കാറിലുണ്ടായിരുന്ന യുവതികളിൽ മുന്നിലുണ്ടായിരുന്ന ആൾ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നു. അതുകൊണ്ട് മാത്രം ഗുരുതര പരിക്ക് ഈ കുട്ടിക്കുണ്ടായില്ല. കാറിലുണ്ടായിരുന്ന പെൺകുട്ടികളെ പൊലീസെത്തി പുറത്തെടുത്തെങ്കിലും ഡ്രൈവർ സീറ്റിലുണ്ടായിരുന്ന ആദർശ് കാറിനുള്ളിൽ കുടുങ്ങിപ്പോയി. ഒടുവിൽ ഫയർഫോഴ്‌സെത്തി കാർ വെട്ടിപ്പൊളിച്ചാണ് ആദർശിനെ പുറത്തെടുത്തത്. താത്കാലിക രജിസ്‌ട്രേഷനിലുള്ള കാർ അമിതവേഗതയിലെത്തി ഓട്ടോയിൽ ഇടിച്ച് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലുമിടിച്ച് തലകീഴായി മറിയുകയായിരുന്നു. രണ്ട് കാറുകൾ മത്സരിച്ച് ഓടുന്നതിനിടെയാണ് അപകടം എന്നാണ് സംഭവ സ്ഥലത്തുണ്ടായിരുന്നവർ പറയുന്നത്.