കോഴിക്കോട്: കനത്ത മഴയെത്തുടർന്ന് അയൽ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതോടെ കോഴിക്കോട് കലക്ടർ പ്രശാന്ത് നായരുടെ ഫേസ്‌ബുക്ക് പേജിൽ എല്ലാവർക്കും ചോദിക്കാനുള്ളത് ഒരു ചോദ്യം മാത്രം. 'അവധിയുണ്ടോ സാറേ നാളെ'.

ചോദ്യങ്ങൾ മഴയായി പെയ്തതോടെ ഏവരെയും നിരാശരാക്കി പ്രശാന്ത് നായരുടെ ഫേസ്‌ബുക്ക് പേജിൽ മറുപടിയും വന്നു. 'ഗോ ടു യുവർ ക്ലാസസ്'!

കാലവർഷം ശക്തമായതോടെ അയൽജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതോടെയാണ് കോഴിക്കോട്ടുകാർ മടിപിടിച്ച് കലക്ടർക്കു മെസേജ് അയച്ചത്. ഇതിനു മറുപടിയായാണ് രസകരമായി കലക്ടർ ഫേസ്‌ബുക്ക് സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്തത്.

സോഷ്യൽ മീഡിയയിലെ ജനകീയ സാന്നിധ്യമാണ് കോഴിക്കോട് കലക്ടർ പ്രശാന്ത് നായർ. ശനി, ഞായർ ദിവസങ്ങളിലെ അവധിയും മഴയുമൊക്കെയായി അടുത്ത ദിവസം കൂടി വീട്ടിൽ മടിപിടിച്ച് ഇരിക്കാൻ ആഗ്രഹിച്ചവരാണ് കലക്ടറുടെ ഫേസ്‌ബുക്ക് പേജിലേക്ക് മെസേജുകളുടെ പെരുമഴ സൃഷ്ടിച്ചത്. ഒടുവിലാണ് കലക്ടറുടെ നർമ്മത്തിൽ പൊതിഞ്ഞ അറിയിപ്പ് എത്തിയത്. കനത്ത മഴ തുടരുന്ന വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾാണ് അവധി പ്രഖ്യാപിച്ചത്.