കോഴിക്കോട്: കോവിഡ് ബാധിച്ച് കോഴിക്കോട്ട് മൂന്നു പേർ കൂടി മരിച്ചു. വടകര റൂറൽ എസ് പി ഓഫീസിലെ ഹെഡ് ക്ലർക്കും ബാലുശ്ശേരി വട്ടോളി ബസാർ തേനാക്കുഴി സ്വദേശിയുമായ ഷൈൻ ബാബു (45), മാവൂർ സ്വദേശിനിയും മാവൂർ സാന്ദീപിനി വിദ്യാനികേതനിലെ അദ്ധ്യാപികയുമായ സുലു(49), തിക്കോടി അങ്ങാടിയിൽ അയ്യിട്ടവളപ്പിൽ മമ്മദ് കോയ (55) എന്നിവരാണ് മരിച്ചത്. മൂന്ന് പേരും കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിൽ നിന്ന് കോവിഡ് പോസറ്റീവായതിനെ തുടർന്ന് കഴിഞ്ഞ 11ന് കോഴിക്കോട്ടെ കോവിഡ് ചികിത്സാ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച ഷൈൻ ബാബുവിനെ പ്ലാസ്മ ചികിത്സയ്ക്കായി ഞായറാഴ്‌ച്ചയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് മരിച്ചത്. ഷൈൻ ബാബു കോഴിക്കോട് കമ്മീഷണർ ഓഫീസ്, തൃശൂർ ആംഡ് ബറ്റാലിയൻ എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നു. കഴിഞ്ഞ ഒരു വർഷമായി കുടുംബത്തോടോപ്പം കോഴിക്കോട് വെസ്റ്റിഹിലിലെ ഹാംറ്റൻ ഫ്‌ളാറ്റിലാണ് താമസം. തേനാക്കുഴി സരിഗയിൽ പരേതനായ ഹോമിയോ ഡോക്ടർ കെ ശങ്കരന്റെയും സരളയുടേയും മകനാണ്. ഭാര്യ: സരിത (എസ് ബി ഐ കാരപ്പറമ്പ്) മക്കൾ: ശ്രദ്ധ, ഗൗതം. സഹോദരങ്ങൾ: ഷീന പാറോപ്പടി, സലില വിനു ചേവായൂർ. മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ സംസ്‌ക്കരിച്ചു. ഭാര്യ സരിതയ്ക്ക് മൃതദേഹം മെഡിക്കൽ കോളേജിൽ നിന്ന് കാണാൻ അധികൃതർ അനുമതി നൽകിയിരുന്നു.സുലു (മോളി) വിന്റെ ഭർത്താവ് ബാബുരാജ് ചൊക്കത്ത്. മക്കൾ: അശ്വതി, ഐശ്വര്യ. മരുമകൻ: വിജേഷ്.

ഞായറാഴ്ച രാത്രിയാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ മമ്മദ് കോയ മരിച്ചത്. അർബുദരോഗത്തെ തുടർന്ന് ചികിത്സയിലിരിക്കുന്നതിനിടയിലാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് തിക്കോടി അങ്ങാടി ജുമാമസ്ജിദിൽ കബറടക്കം നടന്നു. ഭാര്യ: സക്കീന. മക്കൾ: ഷഹാന, ഷർഷാദ്, സഫൂറ. സഹോദരങ്ങൾ: ഖരീം, ഹമീദ്, സാദിക്, റംല, റുഖിയ, ബുഷ്‌റ, ഹൈറു.