- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാനത്തിൽ ജമീല രാജിവെച്ച ഒഴിവിലേക്ക് കെ കെ ലതിക; നന്മണ്ട നിലനിർത്താൻ സിപിഎം; ഉണ്ണിക്കുളത്ത് ഭരണം പിടിക്കാൻ മുന്നണികൾ
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മൂന്ന് തദ്ദേശ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ ആരംഭിച്ചു. ജില്ലാ പഞ്ചായത്തിലെ നന്മണ്ട ഡിവിഷൻ, കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ വാർഡ്, ഉണ്ണികുളം പഞ്ചായത്തിലെ വള്ളിയോത്ത് വാർഡ് എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. കാനത്തിൽ ജമീലയും ലിന്റോ ജോസഫും തദ്ദേശ അംഗത്വം രാജിവെച്ച വാർഡുകളിലടക്കമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
ഈ വാർഡുകളിലേക്കുള്ള വോട്ടർപട്ടികയിൽ നവംബർ 5 മുതൽ 8 വരെ പേരു ചേർക്കാമെന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ അറിയിച്ചു. ഈ പേരുകൾ കൂടി ഉൾപ്പെടുത്തിയുള്ള വോട്ടർപട്ടിക 17ന് പ്രസിദ്ധീകരിക്കും. ഇതിനു ശേഷം തിരഞ്ഞെടുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിക്കുമെന്നാണ് പ്രതീക്ഷ.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന കാനത്തിൽ ജമീല മത്സരിച്ചു ജയിച്ച നന്മണ്ട ഡിവിഷനിൽ നിന്നും മുതിർന്ന വനിതാ നേതാവിനെ വിജയിപ്പിക്കണമെന്ന കണക്കുകൂട്ടലിലാണ് സിപിഎം. മുൻ എംഎൽഎ കെ കെ ലതിക, ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ പുഷ്പജ എന്നിവരുടെ പേരുകളാണ് ചർച്ചയിലുള്ളത്. സതീദേവിയുടെ പേരും ഒരു ഘട്ടത്തിൽ ഉയർന്നെങ്കിലും വനിതാ കമ്മീഷൻ അധ്യക്ഷയായി ചുമതലയേറ്റതോടെ ഇനി മത്സരിച്ചേക്കില്ല.
കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡണ്ടായ ലിന്റോ ജോസഫ് തിരുവമ്പാടിയിൽ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് കൂമ്പാറ വാർഡ് ഉപതെരഞ്ഞെടുപ്പിനൊരുങ്ങുന്നത്.ഉണ്ണികുളം പഞ്ചായത്തിലെ യുഡിഎഫ് അംഗമായ ഇ.ഗംഗാധരൻ മരിച്ചതിനെത്തുടർന്നാണ് വള്ളിയോത്ത് വാർഡിൽ ഒഴിവ് വന്നത്.
നറുക്കെടുപ്പിലൂടെയാണ് യുഡിഎഫിന് ഉണ്ണിക്കുളം പഞ്ചായത്ത് ലഭിച്ചത്.23 വാർഡുകളിൽ യുഡിഎഫ്10, എൽഡിഎഫ്10, ബിജെപി3 സീറ്റുകളിലാണ് വിജയിച്ചത്. നറുക്കെടുപ്പിലൂടെ പ്രസിഡന്റ് സ്ഥാനം യുഡിഎഫിനും വൈസ് പ്രസിഡന്റ് സ്ഥാനം എൽഡിഎഫിനും ലഭിച്ചു.
യുഡിഎഫ് അംഗം മരിച്ചതോടെ കക്ഷിനില യുഡിഎഫ്9, എൽഡിഎഫ്10 എന്നായി. ഉപതിരഞ്ഞെടുപ്പിൽ ജയിക്കുന്ന മുന്നണിക്കാകും ഉണ്ണികുളം പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനം.
മറുനാടന് മലയാളി ബ്യൂറോ