- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരുവ് ജീവിതമില്ലാത്ത കോഴിക്കോട് യാഥാർത്ഥ്യമായി; തെരുവോരങ്ങളിൽ ഒറ്റപ്പെട്ടുപോയവരുടെ പുനരധിവാസത്തിനായി ആവിഷ്ക്കരിച്ച ഉദയം പദ്ധതിയുടെ പ്രധാനകേന്ദ്രം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു
കോഴിക്കോട്: കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് വിവിധ കാരണങ്ങളാൽ തെരുവോരങ്ങളിൽ ഒറ്റപ്പെട്ടുപോയവരെ സമഗ്രമായി പുനരധിവസിപ്പിക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആവിഷ്‌കരിച്ച ഉദയം പദ്ധതിയുടെ പ്രധാന കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ചേവായൂർ ത്വക്ക് രോഗാശുപത്രി വളപ്പിലാണ് കേന്ദ്രം സജ്ജമാക്കിയിട്ടുള്ളത്.
ജില്ലാ സമൂഹ്യനീതി വകുപ്പിന്റെയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിന്റെയും ദയ റിഹാബിലിറ്റേഷൻ ട്രസ്റ്റിന്റേയും സന്നദ്ധ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിലാണ് അന്തേവാസികൾക്ക് ആവശ്യമായ മാനസിക പരിചരണം നൽകുന്നത്. ജില്ലയിലെ സന്നദ്ധ കൂട്ടായ്മകളുടെയും സുമനസ്സുകളുടെയും സഹകരണത്തിലാണ് അന്തേവാസികൾക്ക് വസ്ത്രവും ഭക്ഷണവും വൈദ്യസഹായവും നിത്യചിലവുകളും ഒരുക്കുന്നത്.
-ഇംഹാൻസിന്റെയും ദയ റിഹാബിലിറ്റേഷൻ ട്രസ്റ്റിന്റെയും നേതൃത്വത്തിലുള്ള സൈക്കോ സോഷ്യൽ കെയർ ടീം ആവശ്യമായ സാമൂഹ്യ മാനസിക വിലയിരുത്തലും ചികിത്സയും പരിരക്ഷയും ലഭ്യമാക്കുന്നുണ്ട്. അന്തേവാസികളിൽ ജോലി ചെയ്യാൻ താൽപര്യമുള്ളവർക്ക് തൊഴിൽ പരിശീലനം നൽകിയിട്ടുണ്ട്. ഹോട്ടൽ, ഫാമുകൾ, ചെരുപ്പ് കമ്പനി, നിർമ്മാണ മേഖല തുടങ്ങിയ ഇടങ്ങളിൽ പലരും ജോലി ചെയ്യുന്നുണ്ട്.
വി കെ സി മമ്മദ് കോയ നൽകിയ ഒരു കോടി രൂപയും ദയ റിഹാബിലിറ്റേഷൻ ട്രസ്റ്റ് നൽകിയ 50 ലക്ഷം രൂപയുമടക്കം സുമനസ്സുകളുടെ സഹായത്താൽ രണ്ടു കോടിയോളം രൂപ ചെലവിലാണ് ഉദയത്തിന്റെ നാലാം ഭവനം പൂർത്തിയായത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, ഇന്ത്യൻ ഇസ്റ്റിറ്റിയൂട്ട് ഓഫ് ആർക്കിടെക്‌സിന്റെ ആഭിമുഖ്യത്തിലുള്ള സത്ക്രിയ എന്നിവയുടെ പിന്തുണയും ലഭിച്ചു.
പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സന്നദ്ധ കൂട്ടായ്മകളുടെയും വ്യവസായ സംരംഭങ്ങളുടെയും നാട്ടുകാരുടേയും സഹകരണത്തിലൂടെ താത്കാലിക ക്യാംപുകൾ ഒരുക്കി ആവശ്യമായ സംവിധാനങ്ങൾ ഒരുക്കി നൽകിയിരുന്നു. ഇതുവരെ 1,400ലധികം ആളുകൾക്ക് പൊതുജനപങ്കാളിത്തത്തോടെ പുനരധിവാസ സേവനങ്ങൾ ലഭ്യമാക്കി. നാനൂറോളം അന്തേവാസികളെ വെള്ളിമാടുകുന്ന്, മാങ്കാവ്, ഈസ്റ്റ്ഹിൽ എന്നീ മൂന്ന് കേന്ദ്രങ്ങളിലായാണ് പാർപ്പിച്ചിരിക്കുന്നത്. പ്രധാന കേന്ദ്രത്തിൽ പരമാവധി 150 പേരെ പുനരധിവസിപ്പിക്കാൻ കഴിയും.
ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന സമഗ്ര പുനരധിവാസ പദ്ധതിയായ ഉദയത്തിലൂടെ തെരുവ് നിവാസികളില്ലാത്ത കോഴിക്കോട് എന്ന ആശയമാണ് പ്രാവർത്തികമാകുന്നതെന്ന് ഉദയം പദ്ധതിയുടെ പ്രധാന കേന്ദ്രം ഓൺലൈനായി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പരിചരണവും സംരക്ഷണവും ആവശ്യമുള്ള നിരാലംബരും ഭവനരഹിതരുമായ തെരുവ് നിവാസികളുടെ സമഗ്രമായ പുനരധിവാസമാണ് ഇതോടെ സാധ്യമാകുന്നത്. മാനസികാരോഗ്യം മെച്ചപ്പെടുത്തുക, കുടുംബങ്ങളിലേക്ക് മടങ്ങിപ്പോകാനുള്ള സാഹചര്യം ഒരുക്കുക, ഉപജീവനമാർഗങ്ങൾക്കായുള്ള നൈപുണ്യ പരിശീലനം നൽകി സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുക എന്നിവയിൽ ഊന്നൽ നൽകി അവരെ സ്വയംപര്യാപ്തമാക്കാൻ കഴിയണം. അപ്പോൾ മാത്രമാണ് ഈ ദൗത്യം സഫലമാകുകയെന്നും അദ്ദേഹം വ്യക്തമാക്കി.
മേയർ ബീന ഫിലിപ് അധ്യക്ഷത വഹിച്ചു. ഉദയം ഹോംസിന്റെ വെബ്‌സൈറ്റ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഉദയം പദ്ധതിയുടെ പ്രോഡക്ട് ലോഞ്ചിങ് മന്ത്രി അഹമ്മദ് ദേവർകോവിലും ലോഗോ പ്രകാശനം മന്ത്രി എ കെ ശശീന്ദ്രനും നിർവ്വഹിച്ചു.
തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ ഡൊണേറ്റ് ഓപ്ഷൻ പ്രകാശനം ചെയ്തു. ജില്ലാ കലക്ടർ സാംബശിവ റാവു പദ്ധതി വിശദീകരിച്ചു.
മുൻ എം എൽ എ വി കെ സി മമ്മദ് കോയ, സിറ്റി പൊലീസ് കമ്മീഷണർ എ വി ജോർജ്ജ്, റൂറൽ ജില്ലാ പൊലീസ് മേധാവി എ ശ്രീനിവാസ്, വാർഡ് കൗൺസിലർ ഡോ. പി എൻ അജിത, ഡെപ്യൂട്ടി കലക്ടർ അനിത കുമാരി, ഡി എം ഒ ഡോ. ജയശ്രീ വി, നാസർ ടി എ, ഡോ. കൃഷ്ണകുമാർ, വിവേക് ചെറിയാൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.