കോഴിക്കോട്: യുവതിയെ മദ്യവും മയക്കുമരുന്നും നൽകി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ കൂടതൽ വെളിപ്പെടുത്തൽ. കഴിഞ്ഞ ദിവസം കൊല്ലം സ്വദേശിനായ യുവതിയെ മുഖ്യപ്രതി അജ്നാസ് കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അജ്‌നാസും ഫഹദും ചേർന്നാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തിയ യുവതിയെ ഫ്‌ളാറ്റിലെത്തിച്ചത്. തുടർന്ന് ഇവരുൾപ്പെട്ട നാലംഗസംഘം യുവതിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തെ പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ:

പീഡനത്തിന് ഇരയായ യുവതി കൊല്ലം സ്വദേശിനിയാണ്. ടിക് ടോക് വഴിയാണ് അത്തോളി സ്വദേശിയായ അജ്നാസ് എന്ന യുവാവിനെ പരിചയപ്പെടുന്നത്. യുവാവിനെ രണ്ട് വർഷം മുൻപ് പരിചയമുണ്ടെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് യുവതിയെ ഇയാൾ കോഴിക്കേട്ടെക്ക് വിളിച്ചുവരുത്തിയത്. അജ്നാസും സുഹൃത്തും ചേർന്ന് റെയിൽവെ സ്റ്റേഷനിലെത്തിയ യുവതിയെ ഫ്ലാറ്റിൽ എത്തിച്ചു. അവിടെവച്ച് അജ്നാസ് ആണ് യുവതിയെ ആദ്യം പീഡിപ്പിച്ചത്. തൊട്ടടുത്ത മുറിയിൽ അജ്നാസിന്റെ മറ്റ് മൂന്ന് സുഹൃത്തുക്കൾ നേരത്തെ തന്നെ മുറിയെടുത്ത് താമസിച്ചിരുന്നു. അവർ മൂന്ന് പേരും അജ്നാസിന്റെ മുറിക്കകത്തേക്ക് കയറിവന്ന് കൂട്ടമായി ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറയുന്നു.

മദ്യം നൽകിയ ശേഷം സിഗരറ്റിനകത്ത് ലഹരിവസ്തുക്കൾ നൽകിയ ശേഷം യുവതി അർധബോധാവസ്ഥയിലായ ശേഷം കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. പീഡനദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. പീഡനത്തിന് പിന്നാലെ യുവതിക്ക് ശ്വാസം മുട്ടലുണ്ടായതിനെ തുടർന്ന് ബോധക്ഷയം സംഭവിച്ചു. യുവതി മരിക്കുമെന്ന് ഭയന്ന് ഇവർ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. യുവതിയെ ആശുപത്രിയിലെത്തിച്ച ശേഷം സംഘം മുങ്ങുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കേസിൽ രണ്ട് പ്രതികളെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.

ക്രൂരമായി പീഡനം ഏറ്റതായാണ് യുവതിയുടെ മൊഴി. ശരീരത്തിൽ എല്ലായിടത്തും മുറിവുകൾ ഉണ്ടെന്നും യുവതി പറഞ്ഞതായി പൊലീസ് പറഞ്ഞു. മെഡിക്കൽ പരിശോധനാ ഫലം കിട്ടിയ ശേഷമെ ഇത് സംബന്ധിച്ച് കൂടുതൽ പറയാൻ കഴിയുകയുള്ളുവെന്ന് പൊലീസ് വ്യക്തമാക്കി.

അജ്നാസ് എന്നയാളാണ് തന്നെ വിളിച്ചുവരുത്തിയതെന്നും കൂടെ ഫഹദ് എന്നയാൾ ഉണ്ടായിരുന്നതായും യുവതി പൊലീസിൽ മൊഴി നൽകി. കൂടെയുണ്ടായിരുന്ന മറ്റ് രണ്ട്പേരുടെയും പേരുകൾ യുവതി പൊലീസിനോട് പറഞ്ഞിട്ടുണ്ട്. സംഭവത്തിന് ശേഷം അത്തേളിയിൽ നിന്ന് പ്രതികൾ കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. മറ്റുള്ളവരുടെ ഫോൺ സ്വിച്ച് ഓഫാണ്. അവരും വൈകാതെ പിടിയിലാവുമെന്ന് പൊലീസ് വ്യക്തമാക്കി.

പീഡനത്തിനിരയായ യുവതി വിവാഹമോചിതയാണെന്ന് പൊലീസ് പറഞ്ഞു. സ്വന്തം നിലയിൽ ജോലി ചെയ്ത് യുവതി ഉപജീവനം നടത്തുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.