- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടുദിവസം മുൻപ് 2.1 ഗ്രാം ബ്രൗൺഷുഗറുമായി രണ്ട് യുവാക്കൾ പിടിയിലായതും റിമാൻഡും ആഘോഷിച്ച എക്‌സൈസ്; സ്വന്തം ജോയിന്റ് കമ്മീഷണറുടെ മകനെ നാലു ഗ്രാം ഹാഷിഷുമായി പിടിച്ചപ്പോൾ നൽകിയത് അതിവേഗ ജാമ്യം; കോഴിക്കോട് മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ വിട്ടത് വിവാദത്തിൽ
കോഴിക്കോട്: മയക്കുമരുന്നുമായി അറസ്റ്റിലായ ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥന്റെ മകന് ചട്ടംലംഘിച്ച് സ്റ്റേഷൻ ജാമ്യം നൽകിയത് വിവാദത്തിൽ. നാല് ഗ്രാം ഹാഷിഷുമായി ഇന്നലെ പിടിയിലായ എക്‌സൈസ് ക്രൈംബ്രാഞ്ച് ജോയിന്റ് കമ്മീഷണർ കെ എ നെൽസന്റെ മകൻ നിർമ്മലിനെയാണ് കോഴിക്കോട് എക്‌സൈസ് ഉദ്യോഗസ്ഥർ പ്രത്യേക പരിഗണന നൽകി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത്. ഇതിന് പിന്നിൽ ഇടപെടലുകൾ ഉണ്ടായി എന്നാണ് ഉയരുന്ന സൂചന.
എൻഡിപിഎസ് കേസുകളിൽ മയക്കുമരുന്നിന്റെ അളവ് എത്രയായാലും സ്റ്റേഷൻ ജാമ്യം നൽകരുതെന്ന കർശന നിർദ്ദേശം നിലനിൽക്കേയാണ് ഉന്നത ഉദ്യോഗസ്ഥന്റെ മകനുവേണ്ടി പ്രത്യേക ഇളവ്. എന്നാൽ നിയമ പരമായി തെറ്റുമില്ല. ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് പോലും കിട്ടാത്ത പരിഗണനയാണ് മയക്കു മരുന്ന് കേസിൽ കേരളത്തിലെ ഉദ്യോഗസ്ഥന്റെ മകന് കിട്ടുന്നത്.
എക്‌സൈസ് ക്രൈംബ്രാഞ്ച് ജോയിന്റ് കമ്മീഷണർ കെ എ നെൽസന്റെ മകനും കോഴിക്കോട് മെഡിക്കൽ കോളേജിലെ നാലാം വർഷ വിദ്യാർത്ഥിയുമായ നിർമ്മലിനെ ശനിയാഴ്‌ച്ച രാത്രിയാണ് മയക്കുമരുന്നുമായി പിടികൂടുന്നത്. അളവ് കുറച്ചു കാണിച്ചുവെന്ന സംശയവും സജീവമാണ്. മെഡിക്കൽ കോളേജ് അധികൃതരും ഇതുവരെ നിർമ്മലിനെതിരെ നടപടികൾ എടുത്തിട്ടില്ല. മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് ശ്രംഖല പൊളിക്കാനുള്ള സുവർണ്ണാവസരമാണ് എക്‌സൈസ് കൈവിട്ട് കളയുന്നത്.
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്നും ആർപിഎഫ് പിടികൂടി നിർമ്മലിനെ എക്‌സൈസിന് കൈമാറുകയായിരുന്നു. നാലുഗ്രാം ഹാഷിഷാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തതെന്ന് എക്‌സൈസ് പറയുന്നു. കോഴിക്കോട് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ രാത്രിതന്നെ സ്റ്റേഷൻ ജാമ്യത്തിൽവിട്ടു. ഇയാൾക്ക് കൗൺസിലിങ് നൽകുന്നുണ്ടെന്നും എക്‌സൈസ് ഉദ്യോഗസ്ഥർ പറയുന്നു.
പിടിച്ചെടുത്ത മയക്കുമരുന്നിന്റെ അളവ് കുറവായതുകൊണ്ടും പ്രതി വിദ്യാർത്ഥിയായതുകൊണ്ടുമാണ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. രണ്ടുദിവസം മുൻപ് 2.1 ഗ്രാം ബ്രൗൺഷുഗറുമായി രണ്ട് യുവാക്കൾ പിടിയിലായത് എക്‌സൈസ് വാർത്താക്കുറിപ്പായി ഇറക്കിയിരുന്നു. ഈ യുവാക്കളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി കോടതി ഇരുവരെയും റിമാൻഡ് ചെയ്യുകയായിരുന്നു. ഈ യുവാക്കളും ആദ്യമായാണ് മയക്കുമരുന്ന് കേസിൽ പെട്ടത്. അവർക്കില്ലാത്ത ആനുകൂല്യമാണ് ഓഫീസറുടെ മകന് കിട്ടുന്നത്.
എൻഡിപിഎസ് കേസുകളിൽ മയക്കുമരുന്നിന്റെ അളവ് കുറവായാലും സ്റ്റേഷൻ ജാമ്യം നൽകരുതെന്ന് പല ജില്ലകളിലും എക്‌സൈസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം സർക്കുലർ നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഉന്നത ഉദ്യോഗസ്ഥന്റെ മകനുവേണ്ടി പ്രത്യേക ഇളവുകൾ. എന്നാൽ ചട്ടവിരുദ്ദമായി ഒന്നും ചെയ്തിട്ടില്ലെന്നാണ് കോഴിക്കോട് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ വിശദീകരണം.
കുറഞ്ഞ അളവിൽ മയക്കുമരുന്ന് പിടികൂടുന്ന കേസുകളിൽ പ്രതികൾ സ്ഥിരം കുറ്റവാളികളല്ലെങ്കിൽ സ്റ്റേഷൻ ജാമ്യം നൽകുന്നതിൽ തെറ്റില്ലെന്നും ഡെപ്യൂട്ടി കമ്മീഷണർ പ്രതികരിച്ചു.
മറുനാടന് മലയാളി ബ്യൂറോ