- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പി വി അൻവറിന്റെ പാർക്കിലെ തടയണകൾ പൊളിക്കണം'; കോടതിയലക്ഷ്യ നോട്ടീസിന് പിന്നാലെ ഉത്തരവിറക്കി കളക്ടർ; കക്കാടം പൊയിലിലെ നാല് തടയണകൾ ഒരു മാസത്തിനകം നീക്കം ചെയ്യണം; ഉടമകൾ പൊളിച്ചില്ലെങ്കിൽ പഞ്ചായത്ത് സെക്രട്ടറി തടയണ പൊളിച്ച് ചെലവ് ഈടാക്കാൻ നിർദ്ദേശം
കോഴിക്കോട്: നിലമ്പൂർ എംഎൽഎ പി വി അൻവറിന്റെ കോഴിക്കോട് കക്കാടം പൊയിലിലെ പാർക്കിന് വേണ്ടി നിർമ്മിച്ച തടയണകൾ പൊളിച്ച് നീക്കാൻ കോഴിക്കോട് കളക്ടറുടെ ഉത്തരവ്. പിവിആർ നാച്വർ റിസോർട്ടിന് വേണ്ടി നിർമ്മിച്ച നാല് തടയണകളാണ് ഒരു മാസത്തിനകം പൊളിച്ച് നീക്കാൻ കളക്ടർ ഉത്തരവിട്ടത്.
പാർക്ക് ഉടമകൾ തടയണ പൊളിക്കാൻ തയാറായില്ലെങ്കിൽ കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി തടയണ പൊളിച്ച് അതിന്റെ ചെലവ് ഉടമകളിൽനിന്ന് ഈടാക്കണമെന്നും ഉത്തരവിൽ നിർദ്ദേശമുണ്ട്.
നീരൊഴുക്ക് തടസ്സപ്പെടുന്ന രീതിയിലാണ് തടയണ നിർമ്മിച്ചിരിക്കുന്നതെന്നാണ് ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഹൈക്കോടതി കോടതിയലക്ഷ്യ നടപടി തുടങ്ങിയതിന് പിന്നാലെയാണ് കളക്ടർ ഉത്തരവ് പുറത്തിറക്കിയത്.
2003 ലെ കേരള ഇറിഗേഷൻ ആക്ട് പ്രകാരം സ്വകാര്യ ഭൂമിയിലല്ലാത്ത പുഴ, തോട്, നീർച്ചാൽ, അരുവി, തടാകം എന്നിവ ജലാശയങ്ങളാണ്. ഇവ സർക്കാരിന്റെ സ്വത്തായാണ് പരിഗണിക്കുന്നത്. ഇതിന് കുറുകെയായി സ്വകാര്യ വ്യക്തികൾ തടയണ നിർമ്മിക്കുന്നതും വെള്ളം വഴിതിരിച്ച് വിടുന്നതും നേരത്തെ തന്നെ നിരോധിച്ചിട്ടുള്ളതാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് പി വി അൻവർ എംഎൽഎയുടെ കക്കാടം പൊയിലിലെ പാർക്കിലെ നാല് തടയണകളും ഒരുമാസത്തിനകം പൊളിക്കണമെന്നാണ് നിർദ്ദേശം.
പാർക്കിന്റെ ഭാഗമായി തടയണകളും കെട്ടിടങ്ങളും നിർമ്മിച്ചത് നിയമ വിരുദ്ധമാണെന്ന് കാട്ടി പരിസ്ഥിതി പ്രവർത്തകർ നൽകിയ ഹർജിയിൽ പരിശോധിച്ച് നടപടിയെടുക്കാൻ 2020 ഡിസംബറിൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ കളക്ടർ മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയെടുക്കാത്തതിനെതിരെ ഹൈക്കോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടി.
ന്യൂസ് ഡെസ്ക്