- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജേക്കബ് തോമസിനേക്കാൾ ജനങ്ങൾക്ക് ഇഷ്ടം പ്രശാന്തിനെയും അനുപമയെയും; മികച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥനുള്ള പുരസ്‌ക്കാരം നേടിയത് കോഴിക്കോട്ടെ ജനകീയ കലക്ടർ; പ്രശാന്ത് ഒന്നാമതെത്തിയത് ഭക്ഷ്യസുരക്ഷാ കമ്മീഷണറെ പിന്നിലാക്കി
തിരുവനന്തപുരം: മറുനാടന്മലയാളി അവാർഡ്‌സ് 2015ലെ മികച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥനുള്ള പുരസ്‌ക്കാരം കോഴിക്കോട് കലക്ടർ എൻ പ്രശാന്തിന്. പുരസ്‌ക്കാര ജേതാവിനെ കണ്ടെത്താനുള്ള ആവേശം നിറഞ്ഞ ഓൺലൈൻ വോട്ടെടുപ്പിലിന് ഒടുവിലാണ് പ്രശാന്തിന് അവാർഡ് ലഭിക്കുന്നത്. ആരാണ് മികച്ച ഉദ്യോഗസ്ഥൻ എന്ന് ഒറ്റനോട്ടത്തിൽ വിലയിരുത്താൻ സാധിക്കാത്ത വിധത്തിൽ
തിരുവനന്തപുരം: മറുനാടന്മലയാളി അവാർഡ്‌സ് 2015ലെ മികച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥനുള്ള പുരസ്‌ക്കാരം കോഴിക്കോട് കലക്ടർ എൻ പ്രശാന്തിന്. പുരസ്‌ക്കാര ജേതാവിനെ കണ്ടെത്താനുള്ള ആവേശം നിറഞ്ഞ ഓൺലൈൻ വോട്ടെടുപ്പിലിന് ഒടുവിലാണ് പ്രശാന്തിന് അവാർഡ് ലഭിക്കുന്നത്. ആരാണ് മികച്ച ഉദ്യോഗസ്ഥൻ എന്ന് ഒറ്റനോട്ടത്തിൽ വിലയിരുത്താൻ സാധിക്കാത്ത വിധത്തിൽ ഒന്നിനൊന്ന് മികച്ച ഉദ്യഗസ്ഥരായിരുന്നു അവാർഡിന്റെ ഫൈനൽ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നത്. കേരളത്തിലെ മികച്ച ഉദ്യോഗസ്ഥനെന്ന് പേരെടുത്ത ജേക്കബ് തോമസ് ഐപിഎസ്, കോഴിക്കോട്ടെ ജനകീയ കലക്ടർ പ്രശാന്ത് നായർ, ഭക്ഷ്യ സുരക്ഷാ വകുപ്പ് എന്നൊരു വകുപ്പുണ്ടെന്ന് ബോധ്യപ്പെടുത്തിയ ടി വി അനുപമ ഐഎഎസ് എന്നിവർ തമ്മിലായിരുന്നു കടുത്ത മത്സരം. ശക്തമായ ഓൺലൈൻ വോട്ടെടുപ്പിന് ഒടുവിൽ ജേക്കബ് തോമസിനെയും അനുപമയെയും പിന്നിലാക്കി കോഴിക്കോട് കലക്ടർ പ്രശാന്ത് മികച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥനുള്ള പുരസ്‌ക്കാരം സ്വന്തമാക്കുകയായിരുന്നു. ഓൺലൈൻ വായനക്കാർക്ക് പ്രിയം ജേക്കബ് തോമസിനേക്കാളും അനുപമ ഐഎഎസിനെയാണെന്നും വ്യക്തമായി. അനുപമയ്ക്ക് രണ്ടാം സ്ഥാനം ലഭിച്ചു.
32.1 ശതമാനം വോട്ട് നേടിയാണ് കോഴിക്കോട്ടുകാരുടെ കലക്ടർ ബ്രോ എന്നറിയപ്പെടുന്ന പ്രശാന്ത് നായർ മറുനാടൻ മലയാളിയുടെ മികച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥനുള്ള പുരസ്‌ക്കാരം നേടിയത്. 30.7 ശതമാനം വോട്ടുകളാണ് രണ്ടാം സ്ഥാനത്തെത്തിയ ഭക്ഷ്യ സുക്ഷാ കമ്മീഷണർ ടി വി അനുപമ ഐഎഎസ് കരസ്ഥമാക്കിയത്. അതേസമയം പോയവർഷം ഏറ്റവും അധികം വാർത്തകളിൽ നിറഞ്ഞ ജേക്കബ് തോമസിന് ലഭിച്ചത് 28.9 ശതമാനം വോട്ടുകളാണ്. ഇവർ മൂന്ന് പേർ തമ്മിൽ കടുത്ത മത്സരം നടന്നപ്പോൾ മറുനാടൻ അവാർഡ് ഫൈനലിസ്റ്റുകളായ മറ്റ് രണ്ട് പേർക്ക് കാര്യമായ ഓൺലൈൻ പിന്തുണ ലഭിച്ചില്ല. എറണാകുളം കലക്ടർ രാജമാണിക്യത്തിന് 4.6 ശതമാനം വോട്ട് ലഭിച്ചപ്പോൾ ക്രൈം ബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന് ലഭിച്ചത് 4.5 ശതമാനം വോട്ടുകളാണ്.
മികച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥനെ കണ്ടെത്താനുള്ള മറുനാടന്റെ ഓൺലൈൻ വോട്ടെടുപ്പിൽ ആകെ വോട്ട് രേഖപ്പെടുത്തിയത് 56192 പേരാണ്. മുകളിൽ കൊടുത്ത ശതമാനക്കണക്ക് വോട്ടുകളുടെ എണ്ണത്തിലേക്ക് മാറ്റിയാൽ 18032 പേരാണ് ഒന്നാമതെത്തിയ കോഴിക്കോട് കലക്ടർ പ്രശാന്തിനെ പിന്തുണച്ച് വോട്ടു ചെയ്തത്. ടി വി അനുപമയ്ക്ക് 17248 വോട്ട് ലഭിച്ചപ്പോൾ ഡിജിപി ജേക്കബ് തോമസിന് 15824 വോട്ടു ലഭിച്ചു. രാജമാണിക്യത്തിന് 2576 വോട്ടും, ശ്രീജിത്തിന് 2512 വോട്ടും ലഭിച്ചു.
21 ദിവസം നീണ്ടുനിന്ന വോട്ടെടുപ്പിന് ഒടുവിലാണ് മറുനാടൻ മലയാളിയുടെ സിവിൽ സർവീസ് ഉദ്യോഗസ്ഥനുള്ള അവാർഡ് കോഴിക്കോട് കലക്ടർക്ക് ലഭിച്ചത്. വായനക്കാരുടെ നോമിനേഷനിൽ നിന്നും ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച അഞ്ച് പേരെയാണ് മറുനാടൻ ഫൈനലിസ്റ്റിൽ ഉൾപ്പെടുത്തിയത്. ഡിസംബർ 15 മുതൽ ആരംഭിച്ച വോട്ടിങ് ജനുവരി 5 വരെ നീണ്ടുനിന്നു. സോഷ്യൽ മീഡിയയിൽ ഏറ്റവും സജീവമായ യുവകലക്ടർ എന്ന നിലയിൽ പ്രശാന്ത് നായർക്ക് ഇഷ്ടംപോലെ ആരാധകരുണ്ട്. അതുകൊണ്ട് തന്നെയാണ് അദ്ദേഹം ഓൺലൈൻ വോട്ടെടുപ്പിൽ ജേക്കബ് തോമസിനെ പോലൊരു പ്രമുഖനെയും പിന്തള്ളി ജേതാവായത്.
കോഴിക്കോടിന്റെ സ്വന്തം ബ്രോ എന്നാണ് തിരുവനന്തപുരത്തുകാരനായ പ്രശാന്ത് നായർ ഐഎഎസ് സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുന്ന ഈ ഉദ്യോഗസ്ഥൻ കുട്ടികൾക്കും മുതിർന്നവർക്കും പ്രിയപ്പെട്ട വ്യക്തി കൂടിയാണ്. കളക്ടർ ബ്രോ എന്ന് പോലും വിളിക്കാവുന്ന വിധത്തിൽ ജനസമ്മതനായ ഉദ്യോഗസ്ഥനായി മാറി അദ്ദേഹം. കോഴിക്കോട് നഗരത്തിൽ സുലൈമാനി പദ്ധതി അടക്കം നിരവധി പദ്ധതികൾ പ്രഖ്യാപിച്ചു അദ്ദേഹം കൈയടി നേടിയിരുന്നു.
ജനകീയ പ്രശ്‌നങ്ങൾ ഏറ്റെടുത്ത് എന്നും കോഴിക്കോടിനു വേണ്ടി മുൻപന്തിയിൽ നിലകൊണ്ടതിനാണ് അദ്ദേഹത്തെ തേടി ഇപ്പോൾ മറുനാടൻ പുരസ്‌ക്കാരം എത്തിയത്. കോഴിക്കോട് നഗരത്തിൽ പണമില്ലാത്തതിന്റെ പേരിൽ ആരും വിശന്നിരിക്കരുത്. അതായിരുന്നു ഓപ്പറേഷൻ സുലൈമാനി പദ്ധതി. ജില്ലാ കളക്ടർ പ്രശാന്ത് നായർ ആവിഷ്‌കരിച്ച പദ്ധതി വിജയകരമായി തുടർന്ന് പോകുന്നു. ആവശ്യത്തിന് ഓട്ടോ കിട്ടുക എന്നത് എല്ലാരുടേയും പ്രശ്‌നമാണ്. ഏയ് ഓട്ടോ എന്ന മൊബൈൽ ആപ് ആണ് പ്രശാന്ത് നായർ കോഴിക്കോട്ടുകാർക്ക് മുന്നിൽ വച്ചത്. നിങ്ങളുടെ 'വിരൽത്തുമ്പിൽ' എത്തും ഓട്ടോറിക്ഷ. മോഹൻലാൽ സിനിമയിലെ ഡയലോഗായ സവാരിഗിരി കോഴിക്കോട്ടെ കുട്ടികളുടെ യാത്രാ പ്രശ്‌നം പരിഹരിക്കാനുള്ള കളക്ടറുടെ പദ്ധതിയാണ്.
സോഷ്യൽ മീഡിയയിൽ സജീവമായ ജില്ലാ കളക്ടർ ഏവർക്കും എപ്പോഴും സമീപിക്കാവുന്ന ഒരാളാണ്. അതുകൊണ്ട് തന്നെയാണ് 'കളക്ടർ ബ്രോ' എന്ന് ഫേസ്‌ബുക്കിലെ വിളിപ്പേര് അദ്ദേഹത്തിനു ലഭിച്ചതും. നല്ലതും വ്യത്യസ്തവും ആയ പദ്ധതികളാണ് അദ്ദേഹം കോഴിക്കോട് ജില്ലയിൽ നടപ്പാക്കുന്നത്. ഇങ്ങനെയുള്ള ഒരു കളക്ടറോട് ആരാധനതന്നെയാണു കോഴിക്കോടു നിവാസികൾക്കുള്ളത്. ജില്ലയിലെ പാറമടക്കാരുടെയും ചില രാഷ്ട്രീയക്കാരുടെയും കണ്ണിലെ കരടായെങ്കിലും ധൈര്യസമേതം അതിനെയെല്ലാം നേരിടാൻ പ്രശാന്തിന് സാധിച്ചു.
നിറപറയുടെ മായം കലർത്തലിനെതിരെ പ്രതികരിച്ചും വിഷപച്ചക്കറി തടയാൻ നടപടി എടുത്തുമാണ് ഭക്ഷ്യസുരക്ഷാ കമ്മീഷണർ അനുപമ ഐഎഎസ് ശ്രദ്ധ നേടിയത്. അനുപമയുടെ ധീരമായ നടപടി എല്ലാവരുടെയും കൈയടി നേടാൻ സഹായിക്കുകയും ചെയ്തു. ഒരു ഘട്ടത്തിൽ ഭരണവർഗത്തിന്റെ എതിർപ്പിന് ഇരയായ അനുപമയ്ക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ ശക്തമായ കാമ്പയിൻ നടന്നു എന്നതും ഇവരുടെ ജനകീയതയുെട തെളിവായി. അതുകൊണ്ട് തന്നെയാണ് ടി വി അനുപമ രണ്ടാം സ്ഥാനത്ത് എത്തിയതും.
മറുനാടന്റെ വോട്ടെടുപ്പിന്റെ തുടക്കത്തിൽ മികച്ച വോട്ടുകളുമായി മൂന്ന് പേരും മുന്നേറുകയായിരുന്നു. യുവാക്കൾ എന്ന പരിഗണന കൂടുതലായി പ്രശാന്തിനും അനുപമയ്ക്കും ലഭിച്ചതോടെ ഇവർ തമ്മിലായി പിന്നീട് മത്സരം. അവസാനം ശക്തായ വോട്ടെടുപ്പിനൊടുവിലാണ് കോഴിക്കോട് കലക്ടർ വിജയിച്ചത്.
മറുനാടൻ അവാർഡ്‌സ് 2015ലെ ആറാമത്തെ പുരസ്‌ക്കാരമാണ് ഇപ്പോൾ പ്രഖ്യപിച്ചത്. ജനനായകനുള്ള പുരസ്‌ക്കാരം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ നേടിയപ്പോൾ പ്രൊമിസിങ് ലീഡർ പുരസ്‌ക്കാരം ലഭിച്ചത് വിടി ബൽറാമിനായിരുന്നു. മികച്ച സർക്കാർ ഉദ്യോഗസ്ഥനുള്ള പുരസ്‌ക്കാരം ഇടമലക്കുടിയിലെ ആദിവാസി സ്‌കൂളിലെ അദ്ധ്യാപിക വിജയലക്ഷ്മി ടീച്ചർ നേടിയപ്പോൾ സാമൂഹ്യപ്രവർത്തകനുള്ള പുരസ്‌ക്കാരം വാവ സുരേഷും കരസ്ഥമാക്കി. സോഷ്യൽ മീഡിയയിലെ മികച്ച ഇടപെടലിനുള്ള അവാർഡ് കൃഷിഭൂമിയെന്ന ഫേസ്‌ബുക്ക് കൂട്ടായ്മയ്ക്കാണ് ലഭിച്ചത്.
അവശേഷിക്കുന്ന നാല് പുരസ്‌ക്കാരങ്ങൾ കൂടി വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങിയ മറുനാടൻ പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്യുന്ന തീയ്യതി പിന്നീട് അറിയിക്കുന്നതാണ്.