കരിപ്പുർ: കോഴിക്കോട് - ദുബായ് സ്പൈസ് ജെറ്റ് വിമാനം പലതവണ സമയം പുനഃക്രമീകരിച്ചതിന് പിന്നാലെ റദ്ദാക്കിയതിനെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. ശനിയാഴ്ച രാത്രി 7.50 ന് പുറപ്പെടേണ്ട വിമാനം പലതവണ റീഷെഡ്യൂൾ ചെയ്തശേഷമാണ് ഞായറാഴ്ച വൈകീട്ടോടെ റദ്ദാക്കിയത്.

വിമാനത്തിന്റെ സമയം പലതവണ പുനഃക്രമീകരിച്ചതിനെ തുടർന്ന് 200 ലേറെ യാത്രക്കാർക്ക് രാത്രിയും പകലും വിമാനത്താവളത്തിൽ കാത്തുനിൽക്കേണ്ടിവന്നു. അനിശ്ചിതത്വം തുടർന്നതോടെയാണ് യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഞായറാഴ്ച രാത്രി പത്ത് മണിക്കകം യാത്രതിരിക്കാൻ കഴിഞ്ഞില്ലെങ്കിൽ വീണ്ടും കോവിഡ് ടെസ്റ്റ് നടത്തേണ്ടിവരുമെന്ന സാഹചര്യവും യാത്രക്കാർക്ക് തലവേദനയായി. എല്ലാവരെയും ദുബായിൽ എത്തിക്കാനുള്ള നടപടി സ്വീകരിക്കാമെന്ന് സ്പൈസ് ജെറ്റ് വൃത്തങ്ങൾ ഉറപ്പ് നൽകിയതോടെയാണ് യാത്രക്കാരുടെ പ്രതിഷേധം അവസാനിച്ചത്. സാങ്കേതിക തകരാർ മൂലമാണ് വിമാനം റദ്ദാക്കേണ്ടി വന്നതെന്നാണ് വിശദീകരണം.