തിരുവനന്തപുരം: കോഴിക്കോട് നിന്നും ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്രക്കാരിൽ നിന്നും അമിത ചാർജ്ജ് ഈടാക്കുന്ന വിമാനകമ്പനികളുടെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.എം അഷ്‌റഫ്.

ആറുമാസം മുമ്പ് കോഴിക്കോട് വിമാനത്താവളത്തിൽ റൺവേ വികസന പ്രവർത്തി ആരംഭിച്ചപ്പോൾ എമിറേറ്റ്‌സ്, സൗദി എയർവേയ്‌സ് എന്നി കമ്പനികൾ വിമാനം റദ്ദാക്കിയിരുന്നു. യാത്രക്കാരുടെ എണ്ണം വർദ്ധിക്കുകയും വിമാന സർവ്വീസ് വെട്ടിക്കുറയ്ക്കുകയും ചെയ്തതോടെ വിമാന നിരക്ക് കൂട്ടാൻ ഇത് ഇടയാക്കി. കൊച്ചി, തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഇത്തിഹാദ്, ഒമൻ എയർ, സൗദി, ഖത്തർ എയർവേസ്, ജെറ്റ് എയർവേയ്‌സ് തുടങ്ങിയ സ്വകാര്യ കമ്പനികൾ സർവ്വീസ് നടത്തുന്നതിനാൽ കടുത്ത മത്സരം നടക്കുന്നു. ഇത് നിരക്ക് കുറവിന് കാരണമാവുന്നു.

അതേ സമയം കോഴിക്കോട് നിന്ന് എയർ ഇന്ത്യാ എക്സ്‌പ്രസ് ആണ് ഏറ്റവും കൂടുതൽ വിദേശ സർവ്വീസ് നടത്തുന്നത്. ഇത് ഭീമമായ നിരക്ക് വർദ്ധനക്ക് പ്രധാന കാരണമാവുന്നു. അതിനാൽ പൊതുമേഖലാ വിമാനകമ്പനികളുടെ ചൂഷണത്തിൽ നിന്ന് പ്രവാസികളെ രക്ഷിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.