- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്; കണ്ടെത്തിയത് ഐബിയുടെ പരിശോധനയിൽ; കൊളത്തറ സ്വദേശി കസ്റ്റഡിയിൽ; വിദേശത്തേക്കടക്കം ഫോൺ വിളിക്കാൻ സാധിച്ചിരുന്നതായി വിവരം; കുഴൽപ്പണ ഇടപാടും തീവ്രവാദ ബന്ധങ്ങളും ഐബി പരിശോധിക്കുന്നു
കോഴിക്കോട്: കോഴിക്കോട് കേന്ദ്രീകരിച്ച് രഹസ്യമായി പ്രവർത്തിച്ചുവന്ന സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കണ്ടെത്തി. ഇന്റലിജൻസ് ബ്യൂറോയുടെ പരിശോധനയിലാണ് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് സംവിധാനം കണ്ടെത്തിയത്. ഒരാളെ കസ്റ്റഡിയിലെടുത്തു. കോഴിക്കോട് ചിന്ത വളപ്പിലാണ് സമാന്തര എക്സ്ചേഞ്ച് പ്രവർത്തിച്ചത്. ഔദ്യോഗിക കേന്ദ്രങ്ങൾ വഴിയല്ലാതെ വിദേശത്തേക്കടക്കം ഇവിടെ നിന്ന് ഫോൺ വിളിക്കാൻ സാധിക്കുമായിരുന്നുവെന്നാണ് വിവരം.
രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ദിവസങ്ങളോളം നിരീക്ഷണം നടത്തിയ ശേഷമാണ് ഇന്റലിജൻസ് ബ്യുറോ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്. നഗരത്തിന്റെ നാല് കേന്ദ്രങ്ങളിലാണ് എക്സ്ചേഞ്ച് പ്രവർത്തിച്ചിരുന്നത്. തീവ്രവാദബന്ധമടക്കമുള്ള സാധ്യതകൾ ഐബി വിശദമായി പരിശോധിച്ച് വരികയാണ്.
ഐബിയുടെ നേതൃത്വത്തിൽ രാവിലെ തുടങ്ങിയ പരിശോധയിലാണ് സമാന്തര എക്സ്ചേഞ്ച് കണ്ടെത്തിയത്. ചിന്താവളപ്പ്, എലത്തൂർ, നല്ലളം, വെള്ളിമാട്കുന്ന് എന്നിവിടങ്ങളിലാണ് പരിശോധന. വെള്ളിമാട്കുന്നിൽ നിന്നുമാണ് ഒരാളെ ഐബി കസ്റ്റഡിയിലെടുത്തത്. കൊളത്തറ സ്വദേശി ജുറൈസാണ് കസ്റ്റഡിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ടെലികോം മന്ത്രാലയത്തെ അറിയിക്കാതെ വിദേശകോളുകളടക്കം അളുകളിൽ എത്തിച്ചുവെന്നാണ് വിവരം.
സംഭവത്തിന് പിന്നിൽ കുഴൽപ്പണ ഇടപാടും തീവ്രവാദ ബന്ധങ്ങളടക്കമുള്ള സാധ്യതകളും ഐബി പരിശോധിച്ച് വരികയാണ്. കെട്ടിടങ്ങളിൽ ടെലികോം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും അടുത്ത ദിവസങ്ങളിൽ പരിശോധന നടത്തും. ഏഴ് മാസങ്ങൾക്ക് മുമ്പാണ് കെട്ടിട ഉടമയെ തെറ്റിദ്ധരിപ്പിച്ച് ഇയാൾ വെള്ളിമാട് കുന്നിൽ വാടകക്കെടുത്തത്. കേബിൾനെറ്റ് വർക്കാനെന്ന പേരിലായിരുന്നു കടയെടുത്തത്.
കടയിൽ ആഴ്ചയിലൊരിക്കൽ മാത്രമെ വരാറുള്ളൂവെന്നും കെട്ടിട ഉടമകൾ പറയുന്നുണ്ട്. അധികം ബഹളം ഇല്ലാത്ത പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് മുറികൾ വാടകക്കെടുത്തത്. ഇയാളുടെ പ്രവർത്തനത്തെ കുറിച്ച് തൊട്ടടുത്ത കടയുടമകൾക്ക് പോലും വ്യക്തമായ വിവരമില്ല. കടയിൽ സ്ഥിരം വരാറില്ലായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.
ഒരു ചെറിയ കടമുറിയിലാണ് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് സംവിധാനം പ്രവർത്തിച്ചത്. ഔദ്യോഗിക കേന്ദ്രങ്ങൾ വഴിയല്ലാതെ വിദേശത്തേക്കടക്കം ഇവിടെ നിന്ന് ഫോൺ വിളിക്കാൻ സാധിക്കുമായിരുന്നുവെന്നാണ് വിവരം. കസ്റ്റഡിയിലുള്ളയാളെ വിശദമായി ചോദ്യം ചെയ്താലേ കൂടുതൽ വിവരങ്ങൾ ലഭിക്കൂ.സംഭവത്തിൽ തീവ്രവാദ ബന്ധം സംശയിക്കുന്നതായി ഐ.ബി ഉദ്യോഗസ്ഥർ അറിയിച്ചു.
സംഭവം അതീവ ഗൗരവത്തോടെയാണ് ഐ.ബി സംഘം നോക്കിക്കാണുന്നത്. ടെലിഫോൺ എക്സ്ചേഞ്ച് പ്രവർത്തിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് ഐ.ബി ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. നമ്പറുകൾ കണ്ടെത്താൻ ബുദ്ധിമുട്ടാണെന്നും വിശദമായ അന്വേഷണം നടത്തുമെന്നും ഐ.ബി വൃത്തങ്ങൾ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ