കോഴിക്കോട്: കോഴിക്കോട് നിന്നു പാലക്കാട് വഴി കോയമ്പത്തൂരേക്ക് പുതിയ ഗ്രീൻ ഫീൽഡ് പാത സംബന്ധിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയിൽ നിന്ന് ഉറപ്പ് ലഭിച്ചതായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അറിയിച്ചു. കൂടാതെ വനഭൂമി ഏറ്റെടുക്കാതെ മൈസൂരിനെയും കോഴിക്കോടിനെയും ബന്ധിപ്പിക്കുന്ന ബദൽ പാതയ്ക്കും കേന്ദ്രം സന്നദ്ധത അറിയിച്ചിട്ടുണ്ട്.

സംസ്ഥാന സർക്കാരിൽ നിന്ന് പദ്ധതി നിർദ്ദേശം ലഭിച്ചാലുടൻ പുതിയ ഗ്രീൻ ഫീൽഡ് പാതയുടെ കാര്യത്തിൽ അനുകൂല തീരുമാനം കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടാകും. നിലവിൽ പ്രവർത്തി നടക്കുന്ന കന്യാകുമാരി മുംബൈ ദേശീയ പാതയുടെ പണി വേഗത്തിലാക്കാനും കേന്ദ്രമന്ത്രി നിർദ്ദേശം നൽകിയെന്ന് വി.മുരളീധരൻ പറഞ്ഞു.

തിരുവനന്തപുരം ദേശീയപാതയിൽ കോവളം കാഞ്ഞിരംകുളം പഞ്ചായത്തിലെ പ്ലാവില ജംക്ഷനിൽ കഴിവൂർ- താഴംകാട് റോഡിനെ ബന്ധിപ്പിക്കുന്ന മേൽപ്പാലത്തിന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം അനുമതി നൽകും. വാർഷിക പദ്ധതിയിൽ മേൽപ്പാലം ഉൾപ്പെടുത്താൻ ഗഡ്കരി, മന്ത്രാലയത്തിന് നിർദ്ദേശം നൽകി.

തലശ്ശേരി മാഹി വടകര ബൈപാസുകളുടെയും കോഴിക്കോട് ബൈപാസിന്റെയും പണി വേഗത്തിലാക്കുന്നതിനും നടപടി സ്വീകരിക്കും. മലബാർ ചേംമ്പർ ഓഫ് കോമേഴ്‌സ് ഭാരവാഹികളോടൊപ്പം നിതിൻ ഗഡ്കരിയെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വി. മുരളീധരൻ.

ചേംമ്പർ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് ഹസീബ് അഹമ്മദ്, വൈസ് പ്രസിഡന്റ് നിത്യാനന്ദ് കാമത്ത്, സെക്രട്ടറി മെഹബൂബ്, ബിജെപി സംസ്ഥാന സെക്രട്ടറി പി. രഘുനാഥ്, കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ നവ്യാ ഹരിദാസ് തുടങ്ങിയവരും നിതിൻ ഗഡ്കരിയെ കാണാനെത്തിയ സംഘത്തിലുണ്ടായിരുന്നു