കോഴിക്കോട്: മുതിർന്ന നടി കോഴിക്കോട് ശാരദ അന്തരിച്ചു. 75 വയസായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു നടിയുടെ അന്ത്യം.ഹൃദ്രോഗ പ്രശ്‌നങ്ങളെത്തുടർന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. കാലാ ജീവിതത്തിന് പുറമെ മെഡിക്കൽകോളജിൽ റിട്ട. നഴ്‌സിങ് അസിസ്റ്റന്റ് ആയിരുന്നു.

കോഴിക്കോടാണ് ജനനം. ശാരദയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം നാടകങ്ങളിൽ അഭിനയിച്ചു കൊണ്ടായിരുന്നു. 1979-ൽ അങ്കക്കുറി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് സിനിമയിൽ പ്രവേശനം കുറിച്ചു. കോഴിക്കോട് ശാരദ പിന്നീട് 1985 - 87 കാലങ്ങളിൽ ഐ വി ശശി സംവിധനം ചെയ്ത അനുബന്ധം, നാൽക്കവല, അന്യരുടെ ഭൂമി എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു.വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ നടിക്കായിരുന്നു.

ഭൂരിഭാഗം സിനിമകളിലും ശാരദയുടേത് വളരെ ചെറിയ വേഷങ്ങളായിരുന്നുവെങ്കിലും തനതായ സംസാര ശൈലിയും അഭിനയപാടവവും കൊണ്ട് വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ നടിക്കായിരുന്നു. സിനിമകൾ കൂടാതെ ടെലിവിഷൻ സീരിയലുകളിലും കോഴിക്കോട് ശാരദ സജീവമായിരുന്നു.

ഇക്കരയാണെന്റ് താമസം, സയാമീസ് ഇരട്ടകൾ, അമ്മക്കിളിക്കൂട്, ചേരി, കിളിച്ചുണ്ടൻ മാമ്പഴം എന്നീ സിനിമകളാണ് ശാരദ അഭിനയിച്ച ചിത്രങ്ങളിൽ പ്രധാനപ്പെട്ടവ. 2001ൽ പുറത്തിറങ്ങിയ നരിമാൻ, 2014ൽ പുറത്തിറങ്ങിയ മുന്നറിയിപ്പ് തുടങ്ങിയ ചിത്രങ്ങളിൽ അതിഥി താരമായും കോഴിക്കോട് ശാരദ പ്രത്യക്ഷപ്പെട്ടിരുന്നു. കൂടാതെ ഉത്സവപ്പിറ്റേന്ന്, സദയം, സല്ലാപം, കിളിച്ചുണ്ടൻ മാമ്പഴം, അമ്മക്കിളിക്കൂട്, യുഗപുരുഷൻ, കുട്ടിസ്രാങ്ക്എന്നിവ അടക്കം എൺപതോളം ചിത്രങ്ങളിൽ കോഴിക്കോട് ശാരദ അഭിനയിച്ചിട്ടുണ്ട്.

ഒരു കാലത്ത് ഈ നടിയുടെ സാന്നിധ്യം ആ സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയിരുന്നുവെന്ന് സിനിമാപ്രേമികൾ പറയുന്നു. നിരവധി പേരാണ് പ്രണാമങ്ങളും ആദരാഞ്ജലികളുമായി സോഷ്യൽ മീഡിയയിലൂടെയും രംഗത്തെത്തുന്നത്. ഒരുപാട് സിനിമകളിൽ അമ്മവേഷങ്ങളിൽ ശാരദ എത്തിയിരുന്നു.വാർധക്യ സംബന്ധമായ അസുഖങ്ങൾ വേട്ടയാടിത്തുടങ്ങിയതിൽ പിന്നെയാണ് കലാ രംഗത്തു നിന്നും നടി വിട്ടുനിന്നത്. സിനിമാ സീരിയൽ നാടക ലോകത്തു നിന്നുള്ള നിരവധി പേരാണ് മുതിർന്ന നടിയുടെ വിയോഗത്തെ തുടർന്ന് ആദരാഞ്ജലികളർപ്പിച്ച് രംഗത്തെത്തിയിട്ടുള്ളത്.

വെള്ളിപറമ്പിലാണ് വീട്. മൃതദേഹം മെഡിക്കൽകോളജ് അത്യാഹിത വിഭാഗത്തിൽ. അഭിനേതാവായ എ.പി.ഉമ്മർ ആണ് ഭർത്താവ്. മക്കൾ: ഉമദ, എ.പി.സജീവ്, രജിത, ശ്രീജീത്ത്