കോഴിക്കോട്: കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് കോഴിക്കോട് മിഠായിത്തെരുവിൽ 70 കേസുകളെടുത്തു പൊലീസ്. 56 വ്യക്തികൾക്കെതിരെയും 14 കടകൾക്കെതിരെയുമാണ് കേസെടുത്തത്. ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് 3 ദിവസത്തേക്ക് ലോക്ഡൗൺ ഇളവുകൾ നിലവിൽ വന്നതിനു പിന്നാലെയാണ് പൊലീസ് നടപടി.

ഇളവില്ലാത്ത ട്രിപ്പിൾ ലോക്ഡൗണുള്ള ഡി പ്രദേശങ്ങളിലെ കടകൾ നാളെ തുറക്കാം. അതേസമയം ടോക്കൺ സമ്പ്രദായം ഏർപ്പെടുത്തുന്നതിനെച്ചൊല്ലി കോഴിക്കോട്ട് പൊലിസും വ്യാപാരികളും രണ്ടു തട്ടിലാണ്. നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നും വിട്ടുവീഴ്‌ച്ച ഉണ്ടാകില്ലെന്നും വ്യക്തമാക്കിയ പൊലിസ് ടോക്കൺ സമ്പ്രദായം ഏർപ്പെടുത്തണമെന്നും ആവർത്തിച്ചു. എന്നാൽ അപ്രായോഗിക നിർദേശങ്ങൾ അംഗീകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി തുറന്നടിച്ചു.

ടിപിആർ 15ന് താഴെയുള്ള പ്രദേശങ്ങളിലെ കടകളാണ് തുറന്നത്. ആവശ്യസാധനങ്ങൾക്ക് പുറമേ തുണിക്കട, ചെരുപ്പുകട, ഇലക്ട്രോണിക്‌സ്, ഫാൻസി സ്വർണക്കട എന്നിവയ്ക്കും പ്രവർത്തിക്കാം. മൂന്നു ദിവസത്തെ ഇളവുള്ളതിനാൽ കഴിഞ്ഞ ദിവസം കണ്ടതുപോലുള്ള തിരക്ക് കോഴിക്കോട് മിഠായിത്തെരുവിൽ ഉണ്ടായില്ല.

അതേ സമയം മിഠായി തെരുവിൽ പൊലീസ് വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ചു. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പൊലീസ് നടപടി. വഴിയോരത്തുള്ള കടകൾ തുറന്നാൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി.

നിശ്ചിത സമയത്തിനുള്ളിൽ കട അടയ്ക്കാത്തവർക്കെതിരെ കർശന നടപടിയെന്നും പൊലീസ് അറിയിച്ചു. എന്നാൽ, രാവിലെ മുതൽ തുറന്ന കടകൾ പൊലീസ് പെട്ടെന്ന് അടയ്ക്കാൻ പറഞ്ഞതോടെ കച്ചവടക്കാർ പ്രതിസന്ധിയിലായി. ലോക്ഡൗൺ നിയന്ത്രണം ലംഘൂകരിച്ച് കടകൾ തുറക്കാൻ അനുമതി നൽകണമെന്ന് കച്ചവടക്കാർ ആവശ്യപ്പെട്ടിരുന്നു.

മിഠായിത്തെരുവിന് പുറമേ നഗരത്തിലെ മറ്റിടങ്ങളിലും തിരക്കുണ്ട്. റോഡിൽ വാഹനതിരക്ക് ഏറിയിട്ടുണ്ടെങ്കിലും ഗതാഗത കുരുക്ക് അനുഭവപ്പെട്ടിട്ടില്ല. തിരുവനന്തപുരം നഗരത്തിൽ വലിയ തിരക്കില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് കൊച്ചി ബ്രോഡ് വേ മാർക്കറ്റ് അടക്കമുള്ളവ തുറന്നത്.