തിരുവനന്തപുരം: കോൺഗ്രസുകാർക്ക് പറ്റിയ പണിയല്ല പത്രം നടത്തിപ്പും ചാനൽ നടത്തിപ്പുമൊന്നും. ഇതിന്റെ തെളിവാണ് നാശോന്മുഖമായി അവസ്ഥയിലുള്ള പാർട്ടി പത്രം വീക്ഷണവും ശമ്പളം കിട്ടാക്കനിയായ ജയ് ഹിന്ദ് ചാനലും. എന്നാൽ, പാർട്ടി ചാനലിന്റെ പേരിലും കോൺഗ്രസ് നേതാക്കൾ തമ്മിൽ ഗ്രൂപ്പു പോര്് കനക്കുകയാണ്. ഇതിന്റെ ഒടുവിലത്തെ ഭാഗമായി ജയ് ഹിന്ദ് ചാനൽ മേധാവിയും തെറിച്ചു. നിലവിൽ ജയ് ഹിന്ദ് ചാനലിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായ മുതിർന്ന നേതാവ് കെ പി മോഹനനാണ് സ്ഥാനം തെറിച്ചത്.

ഏറെക്കാലമായി ചാനലിൽ പുകഞ്ഞു കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളാണ് മോഹനന്് പുറത്തേക്കുള്ള വഴി തുറന്നത്. അടുത്തിടെ ചാനലിലെ ഭൂരിഭാഗം ജീവനക്കാർക്കും ശമ്പളം ലഭിക്കാത്ത അവസ്ഥയിൽ വേതന വർദ്ധനവ് നടപ്പിലാക്കുകയുണ്ടായി. ഇതിൽ പക്ഷപാതമുണ്ടായതായി ആക്ഷേപം ജീവനക്കാർക്കിടയിലുണ്ടായിരുന്നു. ഒരു ലക്ഷം രൂപ ശമ്പളം വാങ്ങിയിരുന്ന കെ പി മോഹനൻ അദ്ദേഹത്തിന്റെ ശമ്പളം ഒറ്റയടിക്ക് ഇരട്ടിയാക്കി വർധിപ്പിക്കുകയും ചെയ്തു. കൂടാതെ മോഹനനോട് അടുത്തു നിന്ന ചിലർക്കും ശമ്പള വർദ്ധനവ് നടപ്പിലാക്കുകയുണ്ടായി. ഇതിനിടെ മോഹനനെതിരെ പരാതികൾ നിരന്തരം പ്രവഹിച്ചതോടെ മാനേജ്‌മെന്റ് തലത്തിലുള്ള നേതാക്കളും ഇടപെട്ടു.

ഇതേതുടർന്ന് വർദ്ധിപ്പിച്ച ശമ്പളം പകുതിയായ വെട്ടിക്കുറച്ചു. വാഹനവും മൊബൈൽ ഫോണും തിരിച്ചുപിടിച്ചു മാനേജ്‌മെന്റ് തലത്തിൽ ഇടപെടൽ ഉണ്ടായി. തുടർന്ന് കടുത്ത സമ്മർദ്ദത്തെ തുടർന്ന് കെപി മോഹനൻ രാജിക്കത്ത് നൽകുകയായിരുന്നു. മാധ്യമപ്രവർത്തനത്തിൽ അരനൂറ്റാണ്ട് പിന്നിടുന്ന തനിക്ക് മെയ് 31 വരെ സമയം അനുവദിക്കണമെന്ന് കെ പി മോഹനൻ ആവശ്യപ്പെട്ടെങ്കിലും മാനേജ്‌മെന്റ് വഴങ്ങിയില്ല. ചാനലിന്റെ നിയന്ത്രണം വീണ്ടും രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ഐ ഗ്രൂപ്പ് കൈപ്പിടിയിലാക്കുന്നതിന്റെ ഭാഗമാണ് കെ പി മോഹനനെതിരായ നീക്കമെന്നാണ് ജയ്ഹിന്ദ് ജീവനക്കാർ നൽകുന്ന സൂചന.

കെപിസിസിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ജയ്ഹിന്ദ് ചാനൽ. അതതുകാലത്തെ കെപിസിസി അധ്യക്ഷനാണ് ചാനലിന്റെ ചെയർമാൻ. എം എം ഹസ്സൻ എംഡിയും. ദൈനംദിന പ്രവർത്തനങ്ങൾ നിർവഹിച്ചിരുന്നത് ചീഫ് ഓപ്പറേറ്റിങ് ഓഫീസറാണ്. സിഇഒ സ്ഥാനത്ത് പ്രവർത്തിച്ചിരുന്ന കെ പി മോഹനനും കെപിസിസി നേതൃത്വവും തമ്മിൽ കുറച്ചുകാലമായി അകൽച്ചയിലാണ്. ചാനലിലെ സാമ്പത്തിക അരാജകത്വമാണ് അകൽച്ചയ്ക്ക് കാരണമെന്നറിയുന്നു.

വി എം സുധീരൻ കെപിസിസി പ്രസിഡന്റായിരിക്കുമ്പോൾ ചാനൽ വൻ സാമ്പത്തിക പ്രതിസന്ധിയിലായി. ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകാനാകാത്ത അവസ്ഥയിലും സിഇഒ രണ്ടുലക്ഷത്തിലേറെ രൂപ ശമ്പളം എഴുതി എടുത്തതായി പരാതി ഉയർന്നിരുന്നു. ഇക്കാലയളവിൽ നിരവധി മാധ്യമപ്രവർത്തകർ ചാനലിൽനിന്ന് രാജിവച്ചു. സിഇഒയ്ക്കു മുകളിലായി ജോയിന്റ് എംഡിയെ നിയമിച്ചാണ് ചാനലിൽ കെ പി മോഹനന്റെ അധികാരത്തിൽ കോൺഗ്രസ് നേതൃത്വം കടിഞ്ഞാണിട്ടത്. ഡയറക്ടർ ബോർഡിലുള്ള ചെന്നിത്തലയുടെ സ്വാധീനമുപയോഗിച്ചായിരുന്നു ഈ നീക്കം.

ചെന്നിത്തലയുമായി അടുപ്പമുള്ള ജയ്ഹിന്ദ് ഡൽഹി ലേഖകൻ ബി എസ് ഷിജുവിനെയാണ് ജോയിന്റ് എംഡിയായി നിയമിച്ചത്. കഴിഞ്ഞദിവസം സിഇഒയ്ക്ക് അനുവദിച്ച വാഹനവും മൊബൈൽ ഫോണും ലാപ്‌ടോപ്പും തിരിച്ചേൽപ്പിക്കാൻ ആവശ്യപ്പെട്ടതോടെയാണ് കെ പി മോഹനൻ രാജിക്കത്ത് നൽകിയത്. വാർത്താവിഭാഗത്തിലെ മറ്റൊരു പ്രമുഖനെയും ചാനലിൽനിന്ന് ഒഴിവാക്കണമെന്ന നിലാപടാണ് ചെന്നിത്തലയ്ക്കുള്ളത്. എന്നാൽ, തന്നെ ചാനലിൽനിന്ന് പുറത്താക്കിയതല്ലെന്നും പുറത്തുപോകാൻ താൻ ഒരുവർഷംമുന്നേ തീരുമാനിച്ചിരുന്നതാണെന്നും കെ പി മോഹനൻ പറയുന്നു.