- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചോദ്യം ചെയ്യലിന് തിങ്കളാഴ്ച ഹാജരാകാൻ ബിഷപ്പ് യോഹന്നാന് ആദായ നികുതി വകുപ്പിന്റെ സമൻസ്; അമേരിക്കയിലുള്ള മെത്രാൻ എത്തിയില്ലെങ്കിൽ സിബിഐ അന്വേഷണ ശുപാർശാ റിപ്പോർട്ട് കേന്ദ്രത്തിന് കൈമാറും; ബിലീവേഴ്സ് ചർച്ചിൽ നടന്നത് വിദേശ സംഭാവന നിയന്ത്രണ ചട്ടത്തിന്റെ നഗ്‌നമായ ലംഘനം; തിരുവല്ലയിലെ സഭാ ആസ്ഥാനത്തെ നീക്കം നിരീക്ഷിച്ച് കേന്ദ്ര ഏജൻസികൾ
കൊച്ചി: അടുത്ത തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ബിലീവേഴ്‌സ് ചർച്ച് പരമാധ്യക്ഷൻ ബിഷപ് കെപി യോഹന്നാന് ആദായ നികുതി വകുപ്പിന്റെ സമൻസ്. അമേരിക്കയിലുള്ള ബിഷപ്പ് ചോദ്യം ചെയ്യലിന് എത്താൻ ഇടയില്ല. 6000 കോടിയുടെ തട്ടിപ്പാണ് ബിലീവേഴ്‌സ് ചർച്ചിലെ റെയ്ഡിൽ കണ്ടെത്തിയത്. 17 കോടിയുടെ കള്ളപ്പണവും കണ്ടെത്തി. ഈ സാഹചര്യത്തിലാണ് സമൻസ് നൽകുന്നത്. ബിഷപ്പ് നേരിട്ട് ഹാജരായില്ലെങ്കിൽ അടുത്ത നടപടികളിലേക്ക് ആദായ നികുതി വകുപ്പ് കടക്കും. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇക്കാര്യത്തിൽ അന്വേഷണം നടത്താനിടയുണ്ട്. അങ്ങനെ എങ്കിൽ യോഹന്നാനെതിരെ ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കും.
ബിലീവേഴ്‌സ് സ്ഥാപനങ്ങളിൽ നടന്ന റെയ്ഡിൽ കണക്കിൽപ്പെടാത്ത കോടികളാണ് കണ്ടെത്തിയത്. തിരുവല്ലയിലെ ആസ്ഥാനത്തും മെഡിക്കൽ കോളേജ് ആശുപത്രിയിലുമടക്കമാണ് ആദായ നികുതി വകുപ്പ് കഴിഞ്ഞ ദിവസങ്ങളിൽ പരിശോധന നടത്തിയത്. കണക്കിൽ പെടാത്ത പണത്തിന് പുറമെ നിരോധിച്ച നോട്ടുകളും ഇവിടെ നിന്ന് പിടികൂടിയിരുന്നു. നിരോധിച്ച 500 ന്റെയും 1000 ത്തിന്റെയും നോട്ടുകളായിരുന്നു പിടികൂടിയത്. പ്രാഥമിക പരിശോധനയിൽ തന്നെ ശതകോടികളുടെ അനധികൃത ഇടപാടുകൾ നടന്നതായി ഇഡി കണ്ടെത്തിയിട്ടുണ്ട്. നിലവിൽ ബിലീവേഴ്‌സ് സ്ഥാപകനായ കെപി യോഹന്നാൻ വിദേശത്താണുള്ളത്. ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന്റെ എഫ്‌സിഐർഐ ലൈസൻസ് റദ്ദാക്കിയേക്കുമെന്ന് സൂചനയുണ്ട്. എഫ്‌സിആർഐയുടെ മറവിൽ ചാരിറ്റി പ്രവർത്തനങ്ങൾക്കെത്തിയിരുന്ന പണം വിവിധ ആവശ്യങ്ങൾക്കായി വക മാറ്റിയെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. അതേസമയം സഭയെ അപകീർത്തിപ്പെടുത്തിയ സംഭങ്ങൾക്ക് പിന്നിൽ ചില നടത്തിപ്പുകാരാണെന്നാരോപിച്ച് ബിലീവേഴ്‌സ് സേവ് ഫോറവും രംഗത്തെത്തി.
വിദേശ സംഭാവന നിയന്ത്രണ ചട്ടത്തിന്റെ നഗ്‌നമായ ലംഘനമാണ് ബിലിവേഴ്‌സ് സ്ഥാപനങ്ങളിലെ ആദായ നികുതി വകുപ്പിന്റെ പരിശോധനയിലൂടെ പുറത്ത് വരുന്നത്. ഗോസ്പൽ ഫോർ ഏഷ്യ എന്ന പേരിലാണ് ബിലീവേഴ്‌സ് ആഗോളതലത്തിൽ സഹായം സ്വീകരിച്ചത്. ലാസ്റ്റ് അവർ മിനിസ്ട്രി, ലവ് ഇന്ത്യ മിനിസ്ട്രി, അയന ചാരിറ്റബിൾ ട്രസ്റ്റ്, എന്നീ പേരുകളിലാണ് സഭയുടെ ട്രസ്റ്റുകൾ പ്രവർത്തിക്കുന്നത്. എന്നാൽ 30 ഓളം പേപ്പർ ട്രസ്റ്റുകളുടെ രേഖകളും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഈ ട്രസ്റ്റുകളുടെ പേരിലും സ്ഥാപനം പണമിടപാട് നടത്തിയിട്ടുണ്ട്. ഇതിന് പുറമെ വിദേശ നാണ്യ വിനിമയ നിയന്ത്രണ ചട്ടവും ലംഘിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തൽ. സ്ഥാപനത്തിൽ നിന്ന് പിടിച്ചെടുത്ത ഇലക്ട്രോണിക്ക് രേഖകളും ഫയലുകളും വിശദമായി പരിശോധിച്ച ശേഷമാകും എഫ്‌സിആർഐ ലൈസൻസ് റദ്ദാക്കുന്ന നടപടികളിലേക്ക് കടക്കുക.
ഇതിന് മുന്നോടിയായാണ് യോഹന്നാനെ ചോദ്യം ചെയ്യുന്നത്. യോഹന്നാനെ ചോദ്യം ചെയ്ത ശേഷം ആദായ നികുതി വകുപ്പ് വിശദ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് കൈമാറും. അതിൽ സിബിഐ-ഇഡി അന്വേഷണത്തിനും ശുപാർശയുണ്ടാകും. വിദേശ ബന്ധമുള്ള സാമ്പത്തിക ക്രമക്കേട് സിബിഐയോ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റോ കേസ് ഏറ്റെടുത്ത് അന്വേഷിക്കാനുള്ള സാധ്യതയും അതുകൊണ്ട് തന്നെ സജീവമാണ്. ആദായ നികുതി വകുപ്പ് കണ്ടെത്തിയ രേഖകളും തെളിവുകളും മറ്റ് കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് കൈമാറിയേക്കും. സ്ഥാപനത്തിന്റെ മറ്റ് നടത്തിപ്പുകരുടെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും ഐടി അന്വേഷിക്കുന്നുണ്ട്. 17 കോടി രൂപയാണ് പണമായി പിടിച്ചെടുത്തത്.
വിദേശത്തുനിന്ന് കിട്ടിയ ആറായിരം കോടി രൂപ വകമാറ്റി ചെലവഴിച്ചുവെന്നും ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടർന്ന് മംഗളം ടിവി സിഇഒ ആർ. അജിത്ത് കുമാർ ഉൾപ്പെടെയുള്ളവരോട് അന്വേഷണ സംഘം വിശദീകരണം തേടിയിട്ടുണ്ട്. ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ മംഗളം ടിവിയിലും സംശയാസ്പദമായി ചിലത് കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് ബിലീവേഴ്സ് ചർച്ചിന്റെയും മംഗളം ടിവിയുടെയും ഉടമസ്ഥർ ഉൾപ്പെടെ 63 അക്കൗണ്ട് ഉടമകൾക്ക് നേരിട്ട് ഹാജരാകാൻ ഉത്തരവ് നൽകിയിട്ടുണ്ട്.
കൊച്ചിയിലെ ഡയറക്ടർ ജനറൽ ഓഫ് ഇൻകം ടാക്‌സിന്റേതാണ് ഉത്തരവ്.സഭയിലെ മുതിർന്ന പുരോഹിതർ, ഉദ്യോഗസ്ഥർ, സഭയുമായി അടുത്ത് നിൽക്കുന്ന വിശ്വാസികൾ എന്നിവരോടാണ് കൊച്ചിയിലെ ഓഫീസിൽ നേരിട്ട് ഹാജരാകാൻ നിർദ്ദേശം നൽകിയത്. നോട്ടീസ് ആരോപണവിധേയരിൽ എത്തുന്ന മുറയ്ക്ക് നടപടിക്രമങ്ങൾ ആരംഭിക്കും. 6000 കോടിയുടെ അനധികൃത വിദേശ സഹായം സംബന്ധിച്ച അവ്യക്തതകളാണ് നിലവിലുള്ളത്. ഇതിൽ നാട്ടിലുള്ളവരുടെ മാത്രമാണ് അക്കൗണ്ടുകൾ സംബന്ധിച്ച് ചോദ്യം ചെയ്യുന്നത്.ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് നടത്തുന്ന പരിശോധനയിൽ പതിനാലരക്കോടി രൂപയാണ് പിടിച്ചെടുത്തത്.
മറുനാടന് മലയാളി ബ്യൂറോ