പാലക്കാട് : എരുമേലിയിൽ വിമാനത്താവളത്തിന് ബിജെപിയുടെ പിന്തുണയുണ്ടെന്നാണ് വയ്‌പ്പ്. ആറന്മുളയിലെ വിമാനത്താവളത്തിന് പകരം എരുമേലിയിൽ വിമാനത്താവളം ചർച്ചയാകുമ്പോൾ അതിനെ എതിർക്കുന്നവരിൽ ബിജെപിക്കാരുമണ്ട്. പിണറായി സർക്കാരിന്റെ അഴിമതിയോടുള്ള ദാഹമാണ് ഈ പദ്ധതിയെന്ന് ആരോപിക്കുകയാണ് ബിജെപി നേതാവ് വി മുരളീധരൻ.

സർക്കാരിന് അർഹതപ്പെട്ട തോട്ട ഭൂമികൾ കൈവശക്കാർക്കു പതിച്ചു നൽകാനുള്ള 25,000 കോടി രൂപയുടെ കുംഭകോണമാണ് എരുമേലി വിമാനത്താവള പദ്ധതിക്കു പിന്നിലെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗമായി വി.മുരളീധരൻ ആരോപിക്കുന്നു. കേന്ദ്രവ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിന് ഇത്തരം ഇടപാടുകളൊന്നും അറിയില്ല. അദ്ദേഹം ശബരിമലയുടെ വികസനവും ഭക്തരുടെ സൗകര്യവും മാത്രം മുന്നിൽ നിർത്തിയാണ് വിമാനത്താവളത്തിന് അനുമതി നൽകാമെന്നു പറഞ്ഞതെന്നും മുരളീധരൻ വ്യക്തമാക്കി. എൻഡിഎ പലക്കാട് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിമാനത്താവളത്തിനായി കണ്ടെത്തിയ എസ്റ്റേറ്റ് ഭൂമി സർക്കാരിന് അർഹതപ്പെട്ടതാണ്. ഇതുൾപ്പെടെയുള്ള ഭൂമികൾ തിരിച്ചുപിടിക്കണമെന്ന് എറണാകുളം ജില്ലാ കലക്ടറായിരുന്ന രാജമാണിക്കം റിപ്പോർട്ട് നൽകിയിരുന്നു. സംസ്ഥാനത്ത് ഇത്തരത്തിൽ അഞ്ചു ലക്ഷം ഏക്കർ ഭൂമിയുണ്ട്. വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കുമ്പോൾ പകരം ബന്ധപ്പെട്ട വ്യക്തിക്ക് ഷെയർ നൽകാനാണു സർക്കാർ നീക്കം. ഇത്തരത്തിൽ ഷെയർ നൽകുന്നത് ഭൂമി കൈവശക്കാർക്കു സ്വന്തമാണെന്ന അവകാശവാദം അംഗീകരിക്കുന്നതിനു തുല്യമാണ്.

ഇതര തോട്ടം ഉടമസ്ഥർക്കും തീരുമാനം ഗുണകരമാകും. ഇത്തരം ഇടപാടുകൾ ജനം ചോദ്യം ചെയ്യാതിരിക്കാനാണ് സംസ്ഥാനത്ത് നോട്ടിന്റെ മറപിടിച്ച് സർക്കാർ ഭീതി പരുത്തന്നത്. പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരിക്കെ എസ്എൻസി ലാവ്‌ലിൻ കേസിൽ 374 കോടി രൂപയുടെ ക്രമക്കേടാണു നടന്നത്. ഇപ്പോൾ മുഖ്യമന്ത്രിയായതോടെ അദ്ദേഹത്തിന്റെ നിലവാരം കൂടി. അതുകൊണ്ടാണ് ശബരിമലയുടെ മറവിൽ 25,000 കോടി രൂപയുടെ കുംഭകോണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ഇതിൽ മാർക്‌സിസ്റ്റ് നേതാക്കൾക്ക് എത്ര വിഹിതം കെട്ടുമെന്നു പിന്നീട് അറിയാമെന്നും മുരളീധരൻ പറഞ്ഞു.