- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൻകിട സ്വകാര്യ ആശുപത്രിയിലെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്താൽ വിമർശനമുയരാൻ സാധ്യതയുണ്ടെന്ന് ഭയം; സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ചികിൽസാ സഹായം നൽകിയില്ലെന്ന് റിപ്പോർട്ട്; ഡിസ്ചാർജ് വാങ്ങി വീട്ടിലേക്ക് മടങ്ങി നടി; കെപിഎസി ലളിതയുടെ ചികിൽസാ സഹായം വൈകുമ്പോൾ
തൃശ്ശൂർ: നടി കെപിഎസി ലളിതയ്ക്ക് ചികിൽസാ സഹായം നൽകിയത് സോഷ്യൽ മീഡിയയിൽ ഏറെ വിവാദമുണ്ടാക്കിയിരുന്നു. കെപിഎസി ലളിതയ്ക്ക് അതിന് അർഹതയുണ്ടോ എന്നതായിരുന്നു ഉയർന്ന ചോദ്യം. ഏതായാലും ആ സഹായം ഇനിയും കെപിഎസി ലളിതയ്ക്ക് കിട്ടിയിട്ടില്ലെന്നതാണ് സൂചന.
സർക്കാർ വാഗ്ദാനം ചെയ്ത ചികിത്സാ സഹായം ലഭിക്കാതായതോടെ നടി കെപിഎസി ലളിത ചികിത്സ മതിയാക്കിയെന്ന് ബന്ധുക്കൾ വെളിപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ. ആശുപത്രിയിലെ ഭാരിച്ച ചികിത്സാ ചെലവ് താങ്ങാനാവുന്നില്ല. അതുകൊണ്ട് വീട്ടിലേക്ക് മടങ്ങണമെന്ന് ലളിത ആവശ്യപ്പെടുകയായിരുന്നു.
ലളിതയുടെ ചികിത്സാ ചെലവുകൾ പൂർണമായും ഏറ്റെടുക്കുമെന്ന് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിന് സാങ്കേതികവും നിയമപരവുമായ തടസങ്ങളുണ്ടെന്നാണ് ഇപ്പോൾ സർക്കാർ വൃത്തങ്ങൾ വെളിപ്പെടുത്തുന്നത്. വൻകിട സ്വകാര്യ ആശുപത്രിയിലെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്താൽ വിമർശനമുയരാൻ സാധ്യതയുണ്ടെന്നതും കാരണമാണ്. സോഷ്യൽ മീഡിയാ വിമർശനങ്ങളാണ് ഇതിന് കാരണമെന്നും സൂചനയുണ്ട്.
സർക്കാർ ആശുപത്രികളിലോ മെഡിക്കൽ കോളജുകളിലോ ചികിത്സാ സൗകര്യമൊരുക്കാമെന്ന നിർദ്ദേശമാണ് സർക്കാർ മുമ്പോട്ട് വയ്ക്കുന്നതെന്നാണ് സൂചന. അതിനിടെയാണ് കെപിഎസി ലളിത സ്വന്തം നിലക്ക് ഡിസ്ചാർജ് വാങ്ങി വടക്കാഞ്ചേരിയിലെ വീട്ടിലേക്ക് മടങ്ങിയത്. ഇപ്പോൾ മരുന്നുകൾ കഴിക്കുന്നുണ്ട്. കരൾ മാറ്റിവെക്കണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളത്.
കരൾ ദാനം ചെയ്യാൻ തയ്യാറുള്ളവർ അറിയിക്കണമെന്ന് കാണിച്ച് മകൾ ശ്രീലക്ഷ്മി സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു. ഒട്ടേറെപ്പേർ ഇതിനോട് പ്രതികരിച്ചു. എന്നാൽ ആരോഗ്യനില തൃപ്തികരമല്ലാത്തതിനാൽ ഇപ്പോൾ ശസ്ത്രക്രിയ ചെയ്യാനാകില്ലെന്ന് ഡോക്ടർമാർ അറിയിക്കുകയായിരുന്നു. തുടർ ചികിത്സയ്ക്കായി ആശുപത്രിയിൽ തുടരണമെന്ന് നിർദ്ദേശിച്ചുവെങ്കിലും വടക്കാഞ്ചേരി എങ്കക്കാടുള്ള വീട്ടിലേക്ക് മടങ്ങണമെന്ന് ലളിത നിർബന്ധപൂർവ്വം ആവശ്യപ്പെടുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. തുടർചികിത്സകൾ ആവശ്യമാണ്. ഇപ്പോഴത്തെ നിലയ്ക്ക് തുടർ ചികിത്സയുടെ കാര്യം സർക്കാർ തീരുമാനത്തെ ആശ്രയിച്ചാകും കൈക്കൊള്ളുക.
മറുനാടന് മലയാളി ബ്യൂറോ