- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മയുടെ സാരിത്തുമ്പിൽ പിടിച്ച് ആടിത്തുടങ്ങിയ ബാല്യം; നൃത്തത്തോടുള്ള അഭിനിവേശം എത്തിച്ചത് കേരളത്തിലെ പ്രമുഖ നാടക സംഘത്തിൽ; അഭിനയം കണ്ട് മോഹിച്ച് ജീവിതത്തിൽ കൂടെക്കൂട്ടിയത് മലയാളത്തിലെ മാസ്റ്റർക്രാഫ്റ്റ്സ്മാൻ; മലയാളി അറിയാത്ത മഹേശ്വരി കെ പി എ സി ലളിതയായ കഥ

തിരുവനന്തപുരം: മലയാളി നെഞ്ചേറ്റിയ പേരാണ് കെ പി എ സി എന്ന നാടക സംഘത്തിന്റെ പേര്.ആ നാടക സംഘത്തോടുള്ള അഭിനിവേശമാകണം കെ പി എ സി എന്ന പേര് ചേർത്ത് വിളിക്കുന്ന താരങ്ങളെയും മലയാളി അതേപോലെ നെഞ്ചേറ്റി.അതിൽ ഏറ്റവും പ്രധാനം കെ പി എ സി ലളിത തന്നെയായിരുന്നു.ലളിത എന്ന തന്റെ പേരിനൊ്പ്പം തന്നെ കെ പി എ സി എന്ന നാടക സംഘത്തേയും കൊണ്ടുനടന്ന മലയാളികളുടെ സ്വന്തം ലളിതച്ചേച്ചി.
അഭിനയത്തിനായി എന്ത് ത്യാഗവും സഹിക്കാൻ തയ്യാറാകുന്ന അവരുടെ രീതി ഒരു പക്ഷെ നാടകത്തിന്റെ തട്ടുകൾ പകർന്നു നൽകിയതാവാം.ഭർത്താവും സംവിധായകനുമായ ഭരതൻ സംവിധാനം ചെയ്ത അമരത്തിന് വേണ്ടി കടപ്പുറത്തെ ഭാഷയും ജീവിത രീതികളും സ്വായത്തമാക്കാൻ മാസങ്ങളോളമാണ് ലളിത ചേച്ചി കടപ്പുറത്ത് താമസിച്ചതെന്ന് അവർ തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.തന്നെ വിശ്വസിച്ച് സംവിധായകർ ഏൽപ്പിക്കുന്ന ഒരോ കഥാപാത്രത്തിനു വേണ്ടിയും എ്ത്രത്തോളം പരിശ്രമങ്ങൾ അവർ സ്വീകരിച്ചുവെന്നതിന്റെ തെളിവാണ് ഈ സാക്ഷ്യം.
പക്ഷെ ഒരു സുപ്രഭാതത്തിൽ തുടങ്ങിയതല്ല കെ പി എ സി ലളിതയ്ക്ക് അഭിനയത്തോടുള്ള അഭിനിവേശം.കുട്ടിക്കാലത്ത് അമ്മയുടെ സാരിചുറ്റി കണ്ണാടിക്കുമുമ്പിൽ കാലവും നേരവും നോക്കാതെ ആടിത്തുടങ്ങിയ മഹേശ്വരി നൃത്തംപഠിച്ചും പിന്നീട് നാടകത്തിലൂടെ, സിനിമയിലൂടെ വളർന്ന് കെ.പി.എ.സി. ലളിതയായി. മലയാളിയുടെ സിനിമാക്കാഴ്ചയ്ക്ക് അനുഭവങ്ങളുടെ തീവ്രതപകർന്ന ചലച്ചിത്രകാരൻ വടക്കാഞ്ചേരി ഏങ്കക്കാടുകാരൻ ഭരതന്റെ ജീവിതസഖിയായി.
കായംകുളം രാമപുരത്ത് കടയ്ക്കൽ തറയിൽ അനന്തൻനായരുടെയും ഭാർഗവി അമ്മയുടെയും മകളായി 1947 മാർച്ച് പത്തിന് ഇടയാറന്മുളയിൽ ജനനം. ചെങ്ങന്നൂർ അമ്പലത്തിൽ ഭജനമിരുന്ന് പിറന്നതിനാലാണത്രേ മഹേശ്വരിയെന്ന പേരുവീണത്. നൃത്തത്തിലായിരുന്നു ആദ്യം താത്പര്യം. അരങ്ങേറ്റമെന്ന് പറയാവുന്ന നൃത്തമത്സരം രാമപുരത്ത് സ്‌കൂളിലായിരുന്നു. അതും എക്കാലത്തെയും മികച്ച വിപ്ലവപ്പാട്ടുകളിൽ ഒന്നായ 'പൊന്നരിവാളമ്പിളിയിൽ കണ്ണെറിയുന്നോളെ...' എന്ന വരികൾക്കൊത്ത്. പത്താംവയസ്സിൽ നൃത്തപഠനത്തിൽനിന്ന് ചങ്ങനാശ്ശേരി ഗീഥയുടെ 'ബലി'യെന്ന നാടകത്തിലൂടെ കെ.പി.എ.സി.യിലെത്തി.
ഇതേപ്പറ്റി പറയാനും കഥകളേറെയുണ്ട് ലളിതയ്ക്ക്.ഞാൻ മഹേശ്വരി. മഹേശ്വരിയെ നിങ്ങൾക്കറിയില്ല. എന്നാൽ, എന്നെ നിങ്ങൾക്കറിയാം -വർഷങ്ങൾക്കുമുമ്പ് 'കഥതുടരും' എന്ന ഓർമക്കുറിപ്പിൽ കെ.പി.എ.സി. ലളിത ഇങ്ങനെ കുറിച്ചിട്ടു.കെ.എസ്. സേതുമാധവൻ 'കൂട്ടുകുടുംബം' സിനിമയാക്കിയപ്പോൾ ലളിത സിനിമാക്കാരിയായി, 1969-ൽ. മലയാളത്തിലും തമിഴിലുമായി അഞ്ഞൂറിലേറെ സിനിമകളിൽ അവർ കഥാപാത്രമായി ജീവിച്ചു.
അഭിനയത്തികവിന്റെ അംഗീകാരങ്ങളായി മികച്ച സഹനടിക്കുള്ള ദേശീയപുരസ്‌കാരം രണ്ടുതവണ -ഭരതന്റെ അമരത്തിനും ജയരാജിന്റെ ശാന്തത്തിനും. നാലുവട്ടം സംസ്ഥാന പുരസ്‌കാരം. പ്രേംനസീർ മുതലുള്ള താരങ്ങൾക്കൊപ്പം വേഷമിട്ട ലളിതയുടെ കഥപാത്രങ്ങളിൽ നല്ലൊരുഭാഗവും മലയാളിയെ ചിരിപ്പിക്കുന്നതായി. ഗോഡ്ഫാദറിലെ കൊച്ചമ്മിണിടീച്ചറും വിയറ്റ്‌നാംകോളനിയിലെയും മണിച്ചിത്രത്താഴിലെയുമൊക്കെ കഥാപാത്രങ്ങളും ഇതിൽ ചിലത്.
'മണിയേട്ടൻ' എന്ന ഭരതന്റെ മരണം ലളിതയെ വല്ലാതെ തളർത്തിയിരുന്നു. പിന്നീട് മകൻ നടനും സംവിധായകനുമായ സിദ്ധാർഥിന്റെ അപകടവും വേദനിപ്പിച്ചു. ഈ സങ്കടങ്ങളിൽനിന്നൊക്കെ കരകയറാൻ അവർ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയിരുന്നു.തുടർന്നും കറതീർന്ന ഇടതു സഹയാത്രികയായപ്പോഴും കെ പി എ സി ലളിതയെ ചുറ്റിപ്പറ്റി വിവാദങ്ങൾ തുടർന്നു.അപ്പോഴും അവർ കുലുങ്ങിയില്ല. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ എപ്പോഴും ഉറക്കെ വിളിച്ചു പറഞ്ഞു.ഡബ്ല്യു സി സി വിഷയത്തിലെ നിലപാട് ഉൾപ്പടെ ഇതിന്റെ ഉദാഹരണങ്ങളാണ്.
മുഖച്ചമയങ്ങളില്ലാത്ത ജീവിതത്തിന്റെ ഉടമയായിരുന്നു കെ പി എ സി ലളിത. ചിത്തിരയ്ക്കുപിറന്ന മലയാളസിനിമയിലെ നക്ഷത്രം. അഭിനയത്തിലെ സ്ത്രീക്കരുത്തകൂടിയാണ് കെ പി എ സി ലളിതയുടെ വിയോഗത്തിലൂടെ മലയാള സിനിമയ്ക്ക് നഷ്ടമാകുന്നത്.


