തിരുവനന്തപുരം: വടക്കാഞ്ചേരിയിൽ ഇടത് സ്ഥാനാർത്ഥിയായി കെപിഎസി ലളിതയെ പ്രഖ്യാപിച്ചതാണ്. എന്നാൽ സിപിഐ(എം) പ്രാദേശിക നേതൃത്വത്തിന്റെ എതിർപ്പ് വിവാദങ്ങളുണ്ടാക്കി. ഒന്നിനുമില്ലെന്ന് പറഞ്ഞ് ആരോഗ്യകാരണങ്ങൾ വിശദീകരിച്ച് കെപിഎസി ലളിത മത്സരത്തിൽ നിന്ന് പിനമാറി. എന്നാൽ അഭിനേത്രിയെ സ്ഥാനാർത്ഥിയാക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ ഈ കലാകാരിയെ വേദനിപ്പിച്ചിട്ടുണ്ട്. അതിന് തെളിവാണ് വെള്ളിനക്ഷത്രത്തിന് അനുവദിച്ച അഭിമുഖത്തിലെ കെപിഎസി ലളിതയുടെ നിലപാടുകൾ. സിനിമാക്കാർക്കും രാഷ്ട്രീയമുണ്ടെന്നും അവർക്ക് എല്ലാ വിഷയത്തിലും വ്യക്തമായ ധാരണയുണ്ടെന്നും വിശദീകരിക്കുകയാണ് കെപിഎസി ലളിത.

അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ- ചിലർക്കൊരു ധാരണയുണ്ട്. ഞങ്ങളെ സിനിമയിൽ അഭിനയിക്കാനും നാടകത്തിൽ അഭിനയിക്കാനും മാത്രമേ കൊള്ളാവൂയെന്നും രാഷ്ട്രീയത്തെപ്പറ്റിയും സാമൂഹ്യ ജീവിതത്തെക്കുറിച്ചും ഞങ്ങൾക്കൊരു ധാരണയും ഇല്ലെന്നും. ഇത് ശരിയല്ല. സത്യൻ മാഷ് തൊട്ടുള്ളവരെ നോക്കിയാൽ ഇത് മനസ്സിലാകും. പൊലീസ് സബ് ഇൻസ്‌പെക്ടറായിരുന്ന സത്യന്മാഷ് ജോലി ഉപേക്ഷിച്ചാണ് സിനിമയിലെത്തിയത്. അതുപോലെ മിക്ക സിനിമാക്കാരും കഴിവുള്ളവരാണ്. അവരെ ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തവർ എന്ന രീതിയിൽ ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ല. വളരെയേറെ കഴിവും വ്യക്തിത്വവും ഉള്ളവരാണ് സിനിമാക്കാർ. അവർക്കും കൃത്യമായ രാഷ്ട്രീയ കാഴ്ചപ്പാടുണ്ട്.

എംജിആർ, കരുണാനിധി, ജയലളിത, വിജയകാന്ത് തുടങ്ങി തമിഴ്‌നാട്ടിലെ പ്രധാന രാഷ്ട്രീയ നേതാക്കളെല്ലാം സിനിമാ പശ്ചാത്തലമുള്ളവരാണ്. തമിഴ്‌നാട്ടിലെ ജനങ്ങൾ അത്തരം ബഹുമാനവും പരിഗണനയും അവർക്ക് കൊടുക്കുന്നുണ്ട്. നമ്മുടെ നാട്ടിലെ ആളുകൾക്ക് പക്ഷേ സിനിമാക്കാരോട് പുച്ഛമാണ്. സിനിമാക്കാർക്ക് ഒന്നുമറിയില്ലെന്നാണ് അവരുടെ വിചാരം. അതുശരിയല്ല. മുകേഷും, ജഗദീഷും, ഗണേശുമെല്ലാം അറിവും പരിചയവുമുള്ളവരാണ്. നമ്മുടെ എംകെ മുനീർ രാഷ്ട്രീയത്തിൽ വരുംമുമ്പേ കലാകാരനാണല്ലോ. ഇതെല്ലാം ഓർമ്മപ്പെടുത്താൻ വേണ്ടിയാണ് ചായം തേച്ചവർക്കും രാഷ്ട്രീയമുണ്ടെന്ന് ഞാൻ പറഞ്ഞത്. എന്തായാലും സ്ഥാനാർത്ഥികളെയെല്ലാം പ്രഖ്യാപിച്ച് ഇലക്ഷൻ രംഗം ചൂടുപിടിച്ച് തുടങ്ങിയല്ലോ. ഇനി വിവാദങ്ങളെക്കുറിച്ച് നമ്മൾ ഓരോന്ന് വീണ്ടും പറയുന്നതെന്തിനാണ്. നമ്മുടെ സ്ഥാനാർത്ഥികളെല്ലാം വിജയിക്കട്ടേയെന്നാണ് എന്റെ ആഗ്രഹം.

മകൻ സിദ്ധാർത്ഥ് ഭരതന് അപകടം പിണഞ്ഞ സമയത്താണ് മലയാളികൾ ഇത്രമേൽ സ്‌നേഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയതെന്ന് കെപിഎസി ലളിത പറയുന്നു. സത്യമാണ് ഞാൻ പറഞ്ഞത്. എന്റെ മാത്രം പ്രാർത്ഥന കൊണ്ടല്ല എന്റെ മകന് ജീവിതം തിരികെ കിട്ടിയത്. എന്നെ ഇഷ്ടപ്പെടുന്ന എന്റെ കുഞ്ഞിനെ ഇഷ്ടപ്പെടുന്ന ഞങ്ങളുടെ കുടുംബത്തെ ഇഷ്ടപ്പെടുന്ന എണ്ണിയാലൊടുങ്ങാത്തവരുടെ പ്രാർത്ഥനയാണ് എന്റെ കുഞ്ഞിന്റെ ജീവൻ രക്ഷിച്ചത്. കൂട്ടപ്രാർത്ഥന നടത്തിയാൽ ദൈവം കേൾക്കുമെന്നതിന് തെളിവാണത്. ഒരുപാട് പേർ പലയിടങ്ങളിൽ വഴിപാട് നേർന്ന കാര്യമെല്ലാം എന്നെ ഫോണിൽ വിളിച്ച് പറയാറുണ്ട്.

ആളുകൾക്ക് ഇത്രയേറെ സ്‌നേഹമുണ്ടെന്ന് തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്. ഇനിയും ആ സ്‌നേഹം അതേപടി എന്നും നിലനിൽക്കണേയെന്നാണ് പ്രാർത്ഥന-കെപിഎസി ലളിത പറയുന്നു.