വടക്കാഞ്ചേരി : പിന്നിട്ട കാലത്തിന്റെ ഓർമ്മകൾ തുടികൊട്ടുന്ന എങ്കക്കാട്ടെ 'ഓർമ്മ'യിൽ നിന്ന് കെപിഎസി ലളിത എത്തിയത് എറണാകുളത്തേക്ക്.ബുധനാഴ്ച രാത്രി ആംബുലൻസിൽ 'ഓർമ'യിൽ നിന്ന് പടിയിറങ്ങുമ്പോൾ ഒന്നും ഓർക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു മലയാളത്തിന്റെ മഹാനടി.സംസാരമില്ലാത്തതയും ആരെയും തിരിച്ചറിയാൻ കഴിയാത്തതും കൊണ്ടാണ് മലയാളികളുടെ പ്രിയ നടിയെ മകനൊപ്പം മാറ്റിയത്.

ഒക്ടോബറിലാണ് കരൾ രോഗംമൂലം കെ പി എസി ലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കരൾ മാറ്റിവയ്ക്കേണ്ടതിനാൽ പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.എറണാകുളത്തെ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെ രണ്ടു മാസം മുമ്പാണ് എങ്കക്കാട്ടെ വീട്ടിലെത്തുന്നത്. വീട്ടിലേയ്ക്ക് പോകണമെന്ന് ലളിത ആഗ്രഹം പ്രകടിപ്പിച്ചതോടെയാണ് ഇവിടേക്ക് കൊണ്ടുവന്നത്. ദിവസങ്ങൾക്കുള്ളിൽ അവശയായി. സംസാരിക്കാനും ആരെയും തിരിച്ചറിയാനും കഴിയാത്ത അവസ്ഥയിലായി.

ഇതോടെ ബുധനാഴ്ച രാത്രി എട്ടേ കാലോടെ തൃപ്പൂണിത്തുറയിലുള്ള മകൻ സിദ്ധാർത്ഥിന്റെ ഫ്ളാറ്റിലേക്ക് അവരെ കൊണ്ടുപോവുകയായിരുന്നു.മകൻ സിദ്ധാർത്ഥും ഭാര്യ സുജിനയും മുംബയിൽ നിന്നെത്തിയ മകൾ ശ്രീക്കുട്ടിയും അടുത്ത ബന്ധുക്കളും സന്തത സഹചാരിയായ സാരഥി സുനിലും ഈ ദിവസങ്ങളിൽ ഒപ്പമുണ്ടായിരുന്നു.