തൃശൂർ: മത്സരിക്കാനില്ലെന്ന നിലപാടിൽ ഉറച്ച് സിനിമാ താരം കെ.പി.എ.സി. ലളിത. സമയവും ആരോഗ്യവും അനുവദിച്ചാൽ പ്രചാരണത്തിനിറങ്ങും. തനിക്കെതിരെയുള്ള പ്രതിഷേധം കൊച്ചുകുട്ടികളുടെ അറിവില്ലായ്മയാണെന്നും കെ.പി.എ.സി. ലളിത പ്രതികരിച്ചു. എന്റെ മകൻ തെറ്റു ചെയ്താലും ക്ഷമിക്കും. ഉണ്ടായ വിവാദങ്ങൾ ചേമ്പിലയിൽ വെള്ളം വീണതു പോലെ മാത്രമേ കരുതുന്നുള്ളൂവെന്നും കെപിഎസി ലളിത വ്യക്തമാക്കി.

പ്രതിഷേധം തന്നെ ബാധിച്ചിട്ടില്ല. ചായം തേച്ചവർക്കും രാഷ്ട്രീയമുണ്ടെന്നും ഇനി സ്ഥാനാർത്ഥിയാകാനില്ലെന്നും ലളിത പറഞ്ഞു. വടക്കാഞ്ചേരിയിൽ സിപിഐ(എം), സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരുന്നത് കെ.പി.എ.സി. ലളിതയെ ആയിരുന്നു. ഇതിനെതിരെ മണ്ഡലത്തിൽ പ്രതിഷേധം ശക്തമായി. പോസ്റ്ററുകളും പരസ്യ പ്രകടനങ്ങളും നടന്നിരുന്നു. ഇതേ തുടർന്നായിരുന്നു നടിയുടെ പിന്മാറ്റം. അതിനിടെ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ് മേരി തോമസിനെ സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന.

കെപിഎസി ലളിത ഒഴിവായെങ്കിലും വനിത തന്നെ സ്ഥാനാർത്ഥിയാകണമെന്ന് സിപിഐ(എം) സംസഥാന നേതൃത്വം നിലപാട് എടുക്കുകയായിരുന്നു. ഇതോടെയാണ് മേരി തോമസ് സ്ഥാനാർത്ഥിയാകാനുള്ള സാധ്യത തെളിഞ്ഞത്. സ്ഥാനാർത്ഥിത്വത്തെ ആദ്യം സ്വാഗതം ചെയ്‌തെങ്കിലും സിനിമാ തിരക്കും ആരോഗ്യപരമായ കാരണങ്ങളാലും മത്സര രംഗത്ത് നിന്ന് പിന്മാറുകയാണെന്ന് പിന്നീട് കെ.പി.എ.സി.ലളിത പാർട്ടി നേതൃത്വത്തെ അറിയിച്ചു. തീരുമാനം മാറ്റണമെന്നാവശ്യപ്പെട്ട് പാർട്ടി സമീപിച്ചെങ്കിലും മത്സരിക്കാനില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ലളിത. ഈ സാഹര്യത്തിലാണ് മേരി തോമസ് സ്ഥാനാർത്ഥിയാകുന്നത്.

വടക്കാഞ്ചേരിയിൽ കെപിഎസി ലളിതയെ മത്സരിപ്പിക്കണമെന്ന ഉറച്ച നിലപാടായിരുന്നു സംസ്ഥാന നേതൃത്വത്തിനുണ്ടായിരുന്നത്. പിണറായി വിജയൻ തന്നെയാണ് ഇതിന് മുൻകൈയുമെടുത്തത്. എന്നാൽ പോസ്റ്റർ വിവാദം എല്ലാം മാറ്റി മറിച്ചു. തുടർന്ന് ലളിത പിന്മാറ്റം അറിയിച്ചു. അതിന് ശേഷവും സിപിഐ(എം) സമ്മർദ്ദം തുടർന്നു. ഇന്നലെയും കെപിഎസി ലളിതയെ അനുനയിപ്പിക്കാൻ ശ്രമം നടന്നു. അപ്പോഴും മത്സരിക്കാനില്ലെന്ന് കെപിഎസി ലളിത നിലപാട് എടുത്തു. ഇതേ തുടർന്നാണ് മേരി തോമസിനെ സ്ഥാനാർത്ഥിയാക്കുന്നത്.

വടക്കാഞ്ചേരിയിൽ സീറ്റ് മോഹവുമായി ചിലർ നടത്തിയ നീക്കമാണ് കെപിഎസി ലളിതയ്ക്ക് എതിരെയുള്ള പ്രതിഷേധങ്ങൾക്ക് കാരണമെന്നാണ് സിപിഐ(എം) വിലയിരുത്തുന്നത്. ഈ സാഹചര്യത്തിലാണ് മേരി തോമസിനെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കം.