തിരുവനന്തപുരം: വിഡി സതീശന്റെ വരവ് ഗ്രൂപ്പുകളെ തകർക്കുമെന്ന് പ്രതീക്ഷയിൽ കോൺഗ്രസ്. അപ്പോഴും ചില സംശയങ്ങൾ തുടരുന്നു. ഇന്നലെ പുലർച്ചെ തിരുവനന്തപുരത്തെത്തിയ സതീശൻ ആദ്യം സന്ദർശിച്ചത് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെയാണ്. കെസി വേണുഗോപാലിന്റെ തന്ത്രങ്ങളാണ് സതീശനെ പ്രതിപക്ഷ നേതാവാക്കിയത് എന്ന ചർച്ച സജീവമാണ്. അതുകൊണ്ട് തന്നെ ഇതിനെ ഒരു ഗ്രൂപ്പ് മീറ്റിംഗായി പലരും വിലയിരുത്തുന്നു. അപ്പോഴും സതീശനിൽ പ്രതീക്ഷ കാണുന്നവരുമുണ്ട്.

കെസി വേണുഗോപാലിനെ കണ്ട ശേഷമാണ് കെപിസിസി ആസ്ഥാനത്ത് പോലും എത്തിയത്. സതീശൻ മികച്ച സംഘാടകനാണെന്നും കാലത്തിന്റെ മാറ്റമാണു ഹൈക്കമാൻഡ് ലക്ഷ്യമിടുന്നതെന്നും വേണുഗോപാൽ പറഞ്ഞു. ഗ്രൂപ്പുകൾ മഹാപാപമാണെന്ന നിലപാടിലേക്കു പോകേണ്ടതില്ല. പാർട്ടിയെ ശക്തിപ്പെടുത്താനാണ് ഇപ്പോൾ മുൻതൂക്കമെന്നും വേണുഗോപാൽ പറഞ്ഞു. ഇതെല്ലാം പുതിയ ഗ്രൂപ്പ് കോൺഗ്രസിൽ എത്തുന്നതിന് തെളിവായി കരുതുന്നവരുണ്ട്. അതിനിടെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെ സുധാകരനെ എത്തിക്കാതിരിക്കാനും നീക്കം സജീവമാണ്.

ഐയ്ക്കുള്ളിലെ ചെന്നിത്തലാ വിരുദ്ധരാണ് സുധാകരനെതിരേയും ഒരുമിപ്പിക്കുന്നത്. ഗ്രൂപ്പിന് അതീതൻ എന്ന ടാഗ് ലൈനിൽ സതീശനെ പോലൊരു മുഖത്തെ ഇറക്കാനാണ് നീക്കം. എന്നാൽ സുധാകരനെ പിണക്കിയാൽ അത് കോൺഗ്രസിൽ വലിയ പ്രതിസന്ധിയാകുമെന്നും അവർക്ക് അറിയാം. എ ഗ്രൂപ്പും കെപിസിസി അധ്യക്ഷ പദവി നോട്ടമിടുന്നുണ്ട്. അതുകൊണ്ട് തന്നെ സുധാകരനെ ഒഴിവാക്കാൻ കരുതലോടെ കളിക്കുകയാണ് ഐയിലെ പുതിയ തിരുത്തൽ വാദികൾ.

സതീശൻ ഗ്രൂപ്പിന് അതീതമായി പ്രവർത്തിക്കുമെന്ന് കരുതുന്നവർ തന്നെയാണ് ഇപ്പോഴും ഏവരും. ഗ്രൂപ്പിന് അതീതമായി എംഎൽഎമാരുടെയും പ്രവർത്തകരുടെയും പിന്തുണയുണ്ടെങ്കിലും അവസാന നിമിഷം വരെ തന്റെ വരവിനെ എതിർത്ത ഗ്രൂപ്പ് നേതാക്കളെ ഒപ്പം നിർത്തുക എന്ന ദൗത്യത്തിലേക്ക് സതീശൻ കടക്കുമെന്നാണ് ഏവരുടേയും പ്രതീക്ഷ. ഹൈക്കമാണ്ടിനെ പിണക്കാതിരിക്കാൻ രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും സതീശന് പിന്തുണ നൽകുമെന്നും പ്രതീക്ഷിക്കുന്നു.

കെപിസിസി ആസ്ഥാനത്തു സതീശനെ സ്വീകരിച്ച പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പൂർണ പിന്തുണ വാഗ്ദാനം ചെയ്തു. മറ്റു പ്രതികരണങ്ങൾക്ക് അദ്ദേഹം തയാറായില്ല. തുടർന്ന് വി എം.സുധീരൻ, യുഡിഎഫ് കൺവീനർ എം.എം.ഹസൻ, മുതിർന്ന നേതാവ് തെന്നല ബാലകൃഷ്ണപിള്ള എന്നിവരെയും സതീശൻ കണ്ടു. മുൻ സ്പീക്കർ ജി.കാർത്തികേയന്റെ വീട്ടിലെത്തി അദ്ദേഹത്തിന്റെ ഭാര്യ എം ടി.സുലേഖ, മകൻ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.ശബരീനാഥൻ എന്നിവരുമായി ഒന്നര മണിക്കൂറോളം ചെലവിട്ട ശേഷമാണു മടങ്ങിയത്.

ഗ്രൂപ്പിസം ഇല്ലാതാക്കാനുള്ള നല്ല തുടക്കമാണ് സതീശന്റെ നിയമനമെന്നു സുധീരൻ പറഞ്ഞു. പാർലമെന്റേറിയനെന്ന നിലയിൽ മികവു തെളിയിച്ച സതീശനു പ്രതിപക്ഷ നേതാവെന്ന നിലയിൽ നന്നായി ശോഭിക്കാൻ കഴിയുമെന്നു ഹസൻ പറഞ്ഞു. വൈകിട്ട് ഏഴരയോടെ തലസ്ഥാനത്തെത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വീട്ടിലെത്തി സതീശൻ കണ്ടു. കൂടിക്കാഴ്ച 20 മിനിറ്റ് നീണ്ടു. രമേശ് ചെന്നിത്തല എത്തിയാൽ ഉടൻ കാണാനാണ് സതീശന്റെ തീരുമാനം.

അതിനിടെ ഒരു സമുദായ സംഘടനയ്ക്കും കീഴ്‌പ്പെടില്ലെന്നും ന്യൂനപക്ഷ വർഗീയതയെയും ഭൂരിപക്ഷ വർഗീയതയെയും ഒരുപോലെ എതിർത്തു തോൽപിക്കുന്ന പോരാട്ടമാണു കോൺഗ്രസ് നടത്തേണ്ടതെന്നും ഫേസ്‌ബുക് പോസ്റ്റിൽ സതീശൻ പറഞ്ഞു. സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെയാണു കേരളത്തിന്റെ പൊതുബോധം. വർഗീയതയോടു സന്ധിയില്ലാത്ത സമരമാണു തന്റെ രാഷ്ട്രീയം.

നെഹ്‌റുവിയൻ സോഷ്യലിസത്തിൽ അധിഷ്ഠിതമായ കോൺഗ്രസിന്റെ ആശയങ്ങളിൽ ഊന്നി തിരിച്ചുവരവിനുള്ള പ്രവർത്തനമായിരിക്കും നടത്തുകയെന്നും അദ്ദേഹം കുറിച്ചു.