കണ്ണൂർ: അനിശ്ചിതത്വം തുടരുന്നതിനിടെ അവസാന ലാപ്പിൽ കെ.സുധാകരൻ കെപിസിസി പ്രസിഡന്റാകുമെന്ന പ്രതീക്ഷയിൽ കോൺഗ്രസിലെ വലിയൊരു വിഭാഗം അണികൾ. ഏറ്റവും ഒടുവിൽ പ്രിയങ്കാ ഗാന്ധിയുടെ പിൻതുണയും സുധാകരനുണ്ടെന്നാണ് സുധാകരവിഭാഗം നേതാക്കൾ പ്രചരിപ്പിക്കുന്നത്. സുധാകരൻ കെപിസിസി പ്രസിഡന്റാകരുതെന്ന് പ്രധാനമായും ആഗ്രഹിക്കുന്നത് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആണെന്നാണ് സൂചന. അതുകൊണ്ട് തന്നെ പ്രിയങ്കയുടെ മനസ്സ് അനുകൂലമാകുന്നത് സുധാകരന് ഗുണകരമാകും.

നേരത്തെ രാഹുൽ ഗാന്ധി സുധാകരനുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും സുധാകരനെ കോൺഗ്രസിന്റെ ചുമതലയേൽപ്പിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചതായുമുള്ള സൂചനകൾ പുറത്തു വന്നിരുന്നു. സുധാകരനൊപ്പം കെപിസിസി അധ്യക്ഷ പദവിയിലേക്ക് മറ്റൊരു വർക്കിങ് പ്രസിഡന്റായ കൊടിക്കുന്നിൽ സുരേഷിന്റെ പേര് ഉയർത്തി കൊണ്ടുവന്നതോടെയാണ് സോഷ്യൽ മീഡിയയിലും അല്ലാതെയും സുധാകരന് പ്രചാരണം ശക്തമാക്കിയത്. കെസിയും ആളുകളുമാണ് കൊടിക്കുന്നിൽ സുരേഷിന് വേണ്ടി രംഗത്തുള്ളത്.

കെപിസിസി പദവിയിൽ താൽകാലികമായി തുടരാൻ കഴിയില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ദിവസങ്ങൾക്കുള്ളിൽ പുതിയ കെപിസിസി അധ്യക്ഷനിൽ തീരുമാനം ഉണ്ടാകും. രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഈ വിഷയത്തിൽ അഭിപ്രായ പ്രകടനത്തിന് തയ്യാറല്ല. വിഡി സതീശനെ ഏകപക്ഷീയമായി പ്രതിപക്ഷ നേതാവാക്കിയവർ തന്നെ ഇക്കാര്യത്തിലും തീരുമാനം എടുക്കട്ടേ എന്നതാണ് അവരുടെ നിലപാട്

കണ്ണുരിലെ ഭൂരിഭാഗം മണ്ഡലം കമ്മിറ്റികളും സുധാകരനെ അനുകൂലിച്ച് രംഗത്ത് വന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സുധാകരന് അനുകൂലമായ ഹാഷ് ടാഗുമായി യൂത്ത് കോൺഗ്രസ് -കെ.എസ്.യു പ്രവർത്തകരും രംഗത്തുണ്ട്. ഇതോടെ കെ. സുധാകരന് കെപിസിസി അധ്യക്ഷ പദവി ലഭിച്ചില്ലെങ്കിൽ കോൺഗ്രസിൽ പുതിയ പോർമുഖം തുറക്കുമെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഹൈകമാൻഡിൽ നിന്നും അനുകൂല തീരുമാനമാണ് സുധാകര അനുകൂലികളും പ്രതീക്ഷിക്കുന്നത്.

കോൺഗ്രസിലെ സ്ഥിതി സ്‌ഫോടനാത്മകമാണെന്ന സൂചനയാണ് കെപിസിസി അധ്യക്ഷപദവിയുമായി ബന്ധപ്പെട്ട് ലഭിക്കുന്നത്. കണ്ണൂരിൽ സ്ഥിതി സങ്കീർണ്ണമാണ്. എന്നാൽ സുധാകരനെ അനുകൂലിക്കുന്നവരോടൊപ്പം എതിർക്കുന്നവരും കണ്ണുരിൽ ശക്തമാണ്. ജില്ലയിലെ എ വിഭാഗവും കെ.സി വേണുഗോപാലിനെ അനുകൂലിക്കുന്ന മൂന്നാം ഗ്രുപ്പും ഐ വിഭാഗത്തിലെ ഒരു വിഭാഗവും സുധാകരൻ കെപിസിസി അധ്യക്ഷ പദവിയിലേക്ക് വരുന്നത് ശക്തമായി എതിർക്കുന്നുണ്ട്. കണ്ണുരിൽ കോൺഗ്രസിന്റെ സംഘടനാ സംവിധാനം തകർത്തത് കെ.സുധാകരന്റെ അപ്രമാദിത്വമാണെന്നാണ് ഇവരുടെ വിമർശനം.

കോൺഗ്രസിന്റെ ഉറച്ച മണ്ഡലങ്ങളിലൊന്നായ കണ്ണുരിൽ സതീശൻ പാച്ചേനി തോൽക്കാനിടയായത് സുധാകരന്റെ നേതൃത്വത്തിലുള്ള ഗ്രുപ്പ് പാലം വലിച്ചതാണെന്നാണ് ഇവരുടെ ആരോപണം. ഇതു കൂടാതെ കെ.കരുണാകരൻ സ്മാരക ട്രസ്റ്റിനു വേണ്ടി ചിറക്കൽ സ്‌ക്കൂൾ ഏറ്റെടുക്കാനായി ഗൾഫിൽ നിന്നും പിരിച്ച 16 കോടി രൂപ എവിടെയെന്നും ഇവർ ചോദിക്കുന്നു. സ്‌കൂൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് രാജകുടുംബങ്ങളിൽ നിന്നും അന്യായമായി അധിക തുക ചോദിച്ചതിനെ തുടർന്നാണ് കരാർ അലസിപ്പോയതെന്നാണ് ഇവരുടെ ആരോപണം.

ഇതേ തുടർന്നാണ് മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടുപോയെന്ന ചൊല്ലു പോലെ സിപിഎം നിയന്ത്രിത മാടായി സർവീസ് സഹകരണ ബാങ്ക് രൂപീകരിച്ച ട്രസ്റ്റ് സ്‌കൂൾ കരസ്ഥമാക്കിയതെന്നാണ് സുധാകരനെ എതിർക്കുന്നവർ ആരോപിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് കോൺഗ്രസിൽ ഇതിനെ തുടർന്നുണ്ടായ വിവാദങ്ങളുടെ പത്ര കട്ടിങുകളും ഇവർ പ്രചരിപ്പിക്കുന്നുണ്ട്. ഇതു കൂടാതെ പണിതിട്ടും പണിതീരാത്ത ഡി.സിസി ഓഫിസ് വിഷയവും ഇവർ ഉയർത്തിക്കാട്ടുന്നുണ്ട്.

രാഷ്ട്രീയപരമായി സിപിഎമ്മിനെ അതിശക്തമായി എതിർക്കുമ്പോൾ തന്നെ സുധാകരൻ നടത്തിയ ചില പ്രസ്താവനകൾ അതിരു കടന്നതും പദവിക്ക് നിരക്കാത്തതുമാണെന്നും ഇതൊരിക്കലും കെപിസിസി അധ്യക്ഷ പദവിയിലിരിക്കുന്നവർക്ക് യോഗ്യമല്ലെന്നും സുധാകരവിരുദ്ധർ ചൂണ്ടിക്കാണിക്കുന്നു. കെ പി സി സി എക്‌സിക്യുട്ടീവ് അംഗം മമ്പറം ദിവാകരന്റെ നേതൃത്വത്തിൽ കെ.സുധാകരനെതിരെ പാർട്ടിക്കുള്ളിൽ അതിശക്തമായ നീക്കമാണ് അഴിച്ചുവിടുന്നത്.

സുധാകരനെ കെപിസിസി അധ്യക്ഷനാക്കുന്നത് പാർട്ടിയിൽ സർവനാശത്തിന് വഴിയൊരുക്കുമെന്ന സന്ദേശമാണ് ഇവർ ഹൈക്കമാൻഡിന് നൽകുന്നത്.