- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തിരുവഞ്ചൂരും സുധാകരനൊപ്പം; ഉമ്മൻ ചാണ്ടിക്കൊപ്പം ഉറച്ചു നിൽക്കുന്നത് കെസി ജോസഫും ചാണ്ടി ഉമ്മനും മാത്രം; പുനഃസംഘടനയിൽ ഗ്രൂപ്പ് സമവാക്യങ്ങൾ അപ്രസക്തമാക്കുമെങ്കിലും മുൻ മുഖ്യമന്ത്രിയെ സുധാകരൻ വേദനിപ്പിക്കില്ല; ചെന്നിത്തലയേയും ചേർത്തു നിർത്തും; കെഎസ്-കെസി-വിഡി അച്ചുതണ്ടിലേക്ക് കോൺഗ്രസ് രാഷ്ട്രീയം മാറും
തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗത്തിൽ വിശാല ഐ ഗ്രൂപ്പ് ഒരുമിച്ച് തന്നെ നിൽക്കും. രാഷ്ട്രീയ കാര്യ സമിതി പുനഃസംഘടിപ്പിക്കാനും സാധ്യതയുണ്ട്. കെ സുധാകരൻ അധ്യക്ഷനായ ശേഷമുള്ള ആദ്യയോഗത്തിൽ കെപിസിസി ,ഡിസിസി പുനഃ സംഘടനാ മാനദണ്ഡങ്ങൾ ചർച്ച ചെയ്യും. ജംബോ കമ്മറ്റികൾ വേണ്ടെന്ന നിലപാടാണ് സുധാകരനും വി ഡി സതീശനുമുള്ളത്. ഇതിനൊപ്പം എ ഗ്രൂപ്പിലെ പ്രമുഖനായ തിരുവഞ്ചൂർ രാധാകൃഷ്ണനും എത്തുകയാണ്. അതായത് എ ഗ്രൂപ്പിലെ ഒരു പ്രമുഖൻ കൂടി സുധാകരന് പിന്തുണ അറിയിക്കുകയാണ്.
നിലവിലെ എല്ലാ ഡിസിസി പ്രസിഡന്റുമാരെയും ഒഴിവാക്കാൻ സാധ്യതയുണ്ട്. രാഹുൽഗാന്ധിയുമായി നേതാക്കൾ നടത്തിയ ചർച്ചക്ക് ശേഷമാണ് ഈ തീരുമാനം. പിണറായിയ്‌ക്കെതിരെ സുധാകരൻ നടത്തുന്ന രാഷ്ട്രീയ ആക്രമണത്തിന് കെപിസിസിയുടെ പൂർണ്ണ പിന്തുണയുണ്ടാകും. ഇത്തരം തീരുമാനങ്ങളെ പിന്തുണയ്ക്കാനാണ് തിരുവഞ്ചൂരിന്റെ തീരുമാനം. എ ഗ്രൂപ്പിൽ കെസി ജോസഫും ചാണ്ടി ഉമ്മനും നടത്തുന്ന ഇടപെടലാണ് തിരുഞ്ചൂരിനേയും അകറ്റുന്നതെന്നാണ് സൂചന. ഗ്രൂപ്പിന് അതീത സമീപനം സ്വീകരിക്കാനാകും തിരുവഞ്ചൂരിന്റെ ഇനിയുള്ള ശ്രമം. ഹൈക്കമാണ്ടിനൊപ്പം നിൽക്കാൻ ഷാഫി പറമ്പിലും ടി സിദ്ദിഖും തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തിരുഞ്ചൂരും കളം മാറുന്നത്.
പ്രതിപക്ഷ നേതാവായി എത്താൻ തിരുവഞ്ചൂരിന് മോഹമുണ്ടായിരുന്നു. എന്നാൽ ഉമ്മൻ ചാണ്ടി പോലും തിരുവഞ്ചൂരിന് വേണ്ടി പറഞ്ഞില്ല. കെസി ജോസഫിന്റെ താൽപ്പര്യമാണ് തിരുവഞ്ചൂരിനെ ഉമ്മൻ ചാണ്ടി തഴയാൻ കാരണമെന്നാണ് വിലയിരുത്തൽ. ചെന്നിത്തലയെ ഉയർത്തികാട്ടിയുള്ള എ ഗ്രൂപ്പിന്റെ നീക്കം പൊളിയുകയും ചെയ്തു. ഇതോടെയാണ് തിരുവഞ്ചൂരും എ ഗ്രൂപ്പും തമ്മിലെ വിള്ളൽ കൂടുന്നത്. സുധാകരനെ കെപിസിസി അധ്യക്ഷനായപ്പോൾ ആദ്യം പിന്തുണ അറിയിച്ചതും തിരുവഞ്ചൂരാണ്. ഐ ഗ്രൂപ്പിൽ ചെന്നിത്തലയ്ക്ക് മാത്രമാണ് അതൃപ്തിയുള്ളത്. എന്നാൽ കെസി വേണുഗാപോലും കെ മരുളീധരനും വിഡി സതീശനും അടക്കമുള്ള പ്രമുഖർ നിലവിൽ ഒറ്റക്കെട്ടാണ്. ഇന്നത്തെ രാഷ്ട്രീയകാര്യ സമിതിയോടെ കെഎസ്(കെസുധാകരൻ)-കെസി(കെസി വേണുഗോപാൽ)-വിഡി(വിഡി സതീശൻ) അച്യുതണ്ടിലേക്ക് കോൺഗ്രസ് രാഷ്ട്രീയം മാറും
കെപിസിസി പുനഃസംഘടനയിലും സുധാകരനൊപ്പം ഈ നേതാക്കളുടെ വാക്കുകൾക്കും ബലം കിട്ടും. ഉമ്മൻ ചാണ്ടിയേയും ചെന്നിത്തലയേയും പിണക്കുകയുമില്ല. നാമമാത്രമായ സ്ഥാനങ്ങൾ ഇവർക്ക് മാറ്റി വയ്ക്കും. അപ്പോഴും ഗ്രൂപ്പ് എന്ന പ്രതീതി കടന്നുവരാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യും. ഗ്രൂപ്പിനെ തകർക്കാനാണ് രാഹുൽ ഗാന്ധിയുടെ തീരുമാനം. ഇത് മനസ്സിലാക്കിയാണ് ഇത്തരത്തിൽ ചർച്ചകൾ പുരോഗമിക്കുന്നത്. പുതിയ ഡിസിസി അധ്യക്ഷന്മാരെ ഉടൻ നിയമിക്കാനാണ് സുധാകരന്റെ തീരുമാനം. ഡിസിസിയേയും സമ്പൂർണ്ണമായി അഴിച്ചു പണിയും.
കോൺഗ്രസിലെ ഉമ്മൻ ചാണ്ടി വിഭാഗം ആശങ്കയിലാണ്. എ ഗ്രൂപ്പിനെ പൂർണ്ണമായും വെട്ടിനിരത്തുമോ എന്നതാണ് ആശങ്ക. കെപിസിസി വർക്കിങ് പ്രസിഡന്റുമാരായി പിടി തോമസും ടി സിദ്ദിഖും ഉണ്ടെങ്കിലും അവർ ഗ്രൂപ്പിന് വേണ്ടി ശബ്ദമുയർത്തുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ചുള്ള സുധാകരന്റെ തുടക്കം ഗംഭീരമായി. കെപിസിസി അധ്യക്ഷനാകും ഇനി പാർട്ടിയിലെ അവസാന വാക്കെന്ന സന്ദേശമാണ് സുധാകരൻ നൽകുന്നത്. അണികളും സുധാകരനൊപ്പം. ഡിസിസി പുനഃസംഘടനയിൽ അടക്കം സുധാകര തീരുമാനങ്ങൾ നടപ്പായാൽ എ ഗ്രൂപ്പിന്റെ അസ്തിത്വം തന്നെ നഷ്ടമാകും. തിരുവഞ്ചൂരും കളം മാറ്റി. കെ ബാബുവും കരുതലോടെ പ്രവർത്തിക്കാനാണ് ആലോചന. എങ്കിലും ബാബു ഉമ്മൻ ചാണ്ടിയെ തള്ളി പറയില്ല.
പിണറായിയെ മൂലക്കിരുത്തി പാർട്ടിയെ കൈപ്പിടിയിലൊതുക്കി സുധാകരൻ മുന്നേറ്റത്തിൽ പാർട്ടിയിൽ സമൂല മാറ്റം ഉറപ്പാണ്. അതെല്ലാം സുധാകരന്റെ ഇഷ്ടത്തിനുമാകും. അങ്ങനെ വരുമ്പോൾ നാളെ രാഷ്ട്രീയകാര്യ സമിതി ചേരുമ്പോൾ ഗ്രൂപ്പിന്റെ തകർച്ച പൂർണ്ണമാകുമെന്ന് ഭയക്കുകയാണ് ഉമ്മൻ ചാണ്ടി. കെപിസിസിയിലും ഡിസിസിയിലും നിലവിലെ ജംബോ സമിതി ഇനി ഉണ്ടാകില്ലെന്നു സുധാകരൻ പ്രഖ്യാപിച്ചു കഴിഞ്ഞു. പാർട്ടിയിലെ പൊതു വികാരവും അതാണെങ്കിലും ഭാരവാഹികളാകാൻ നിരവധി പേർ ആഗ്രഹിക്കുന്നുണ്ട്. സുധാകരന് കൂടുതൽ അടുപ്പം ഐ ഗ്രൂപ്പിലെ നേതാക്കളോടാണ്. അതുകൊണ്ട് തന്നെ ഐ ഗ്രൂപ്പുകാർക്ക് പ്രാധാന്യം കിട്ടും. എഐസിസി ജനറൽ സെക്രട്ടറിയായ കെ സി വേണുഗോപാലും തീരുമാനങ്ങളിൽ സ്വാധീനം ചെലുത്തും. ഇതും വിശാല ഐ ഗ്രൂപ്പിന് വേണ്ടിയാരും.
കെപിസിസിക്കു നിർവാഹക സമിതി അടക്കം 51 അംഗ സമിതി രൂപീകരിക്കാനാണു സുധാകരൻ ഉദ്ദേശിക്കുന്നത്. വൈസ് പ്രസിഡന്റുമാരും ജനറൽ സെക്രട്ടറിമാരുമായി പത്തിൽ താഴെ പേർ മതിയെന്നും അദ്ദേഹം കരുതുന്നു. ഡിസിസികളിലും അതേ മാതൃക തുടരുകയാണു ലക്ഷ്യം. ഈ പദവികളിലെല്ലാം സുധാകരന് താൽപ്പര്യമുള്ളവർക്ക് കൂടുതൽ പിന്തുണ കിട്ടും എന്ന് ഉറപ്പാണ്. അതുണ്ടായാൽ എ ഗ്രൂപ്പ് നേതാക്കൾ തീർത്തും നിരാശരാകും. ഉമ്മൻ ചാണ്ടിക്കൊപ്പമുള്ളവർ വെട്ടിനിരത്തലിനും വിധേയമാകും.
മറുനാടന് മലയാളി ബ്യൂറോ