തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തോൽവിക്ക് പിന്നാലെ പുതിയ നേതൃത്വത്തിന് കീഴിൽ അഴിച്ചുപണിക്കൊരുങ്ങി കെപിസിസി. പാർട്ടിയിൽ ജംബോ കമ്മിറ്റി വേണ്ടെന്ന് ഇന്നുചേർന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ തത്വത്തിൽ ധാരണയായി. ഇക്കാര്യത്തിൽ നേതാക്കളെല്ലാം ഏകാഭിപ്രായമാണ് രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.

കോൺഗ്രസിന്റെ പഴയകാല ചരിത്രത്തെ അനുസ്മരിക്കുന്ന രീതിയിൽ 51 അംഗങ്ങൾ അടങ്ങിയ ഭാരവാഹി കമ്മിറ്റി മതിയെന്ന് രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ധാരണയായെന്നും സുധാകരൻ വ്യക്തമാക്കി. എല്ലാ ഡിസിസികളും പുനഃസംഘടിപ്പിക്കുമെന്നും ഭാരവാഹികളെ തീരുമാനിക്കുന്നത് മെരിറ്റ് അടിസ്ഥാനത്തിലാകുമെന്നും സുധാകരൻ നിലപാട് വ്യക്തമാക്കി.

കെപിസിസി പ്രസിഡന്റ്, മൂന്ന് വർക്കിങ് പ്രസിഡന്റ്, മൂന്ന് വൈസ് പ്രസിഡന്റ്, 15 ജനറൽ സെക്രട്ടറി, ഒരു ട്രഷറർ എന്ന നിലയിലാകും പുതിയ കെപിസിസിയിലെ ആകെ ഭാരവാഹികളെന്നും സുധാകരൻ അറിയിച്ചു. രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെപിസിസിയിൽ സ്ത്രീ, ദളിത് പ്രിതിനിധ്യം ഉറപ്പുവരുത്തും. സ്ത്രീകൾക്കും എസ്.സി/എസ്.ടി വിഭാഗത്തിലെ നേതാക്കന്മാർക്കും 10 ശതമാനം സംവരണം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ മൂന്ന് അംഗങ്ങൾ വീതമുള്ള അഞ്ച് മേഖല കമ്മിറ്റികളെ നിശ്ചയിക്കുമെന്നും സുധാകരൻ പറഞ്ഞു.

പാർട്ടിയിൽ അച്ചടക്കരാഹിത്യം ഒരുകാരണവശാലും അനുവദിക്കില്ല. അച്ചടക്കം ഉറപ്പാക്കാൻ ജില്ലാ തലത്തിൽ അച്ചടക്ക സമിതിയും സംസ്ഥാന തലത്തിൽ അപ്പീൽ അച്ചടക്ക സമിതിയും രൂപീകരിക്കാൻ തീരുമാനിച്ചതായും സുധാകരൻ വിശദീകരിച്ചു.

പാർട്ടിയുടെ താഴേത്തട്ടിലുള്ള ഘടകമായി അയൽക്കൂട്ടം കമ്മിറ്റികൾ പ്രവർത്തിക്കും. 30-50 വീടുകളെ ഉൾപ്പെടുത്തി അയൽക്കൂട്ടം കമ്മിറ്റികൾ രൂപീകരിക്കും. ഇത് പാർട്ടി സെമി കേഡർ സംവിധാനത്തിലേക്ക് മാറുന്നതിന് സഹായിക്കുമെന്നും രാഷ്ട്രീയ വിദ്യാഭ്യാസത്തിനായി കെപിസിസി പൊളിറ്റിക്കൽ സ്‌കൂൾ ആരംഭിക്കാൻ തീരുമാനിച്ചതായും സുധാകരൻ വ്യക്തമാക്കി.

പുനഃസംഘടനയിൽ ജംബോകമ്മിറ്റി വേണ്ട എന്നതിൽ നേതാക്കൾക്കിടയിൽ ധാരണയായതോടെ അംഗങ്ങളുടെ എണ്ണവും രാഷ്ട്രീയകാര്യസമിതിയിൽ തീരുമാനിക്കും.

എംഎൽഎമാരും എംപിമാരും ഭാരവാഹിത്വത്തിൽ നിന്ന് വിട്ടുനിൽക്കണമെന്നും ഒരാൾക്ക് ഒരു പദവി എന്ന രീതിയിൽ കാര്യങ്ങൾ നടപ്പിലാക്കണമെന്ന് വി എം സുധീരൻ, പിജെ കുര്യൻ, കെവി തോമസ് അടക്കമുള്ള നേതാക്കൾ യോഗത്തിൽ ആവശ്യപ്പെട്ടു.

അതേസമയം തിരുവനന്തപുരത്ത് ഉണ്ടായിരുന്നിട്ടും കെ മുരളീധരൻ യോഗത്തിൽ നിന്ന് വിട്ടുനിന്നു. യോഗത്തിൽ പങ്കെടുക്കുന്നില്ലെന്ന് കെ.മുരളീധരൻ അറിയിച്ചു. രാഷ്ട്രീയകാര്യ സമിതി യോഗത്തിന് മുന്നോടിയായി ഇന്നു രാവിലെ ചേർന്ന മുതിർന്ന നേതാക്കളുടെ യോഗത്തിൽ മുരളീധരന് ക്ഷണമുണ്ടായിരുന്നില്ല. ഇതിൽ പ്രകോപിതനായാണ് അദ്ദേഹം വൈകീട്ട് ചേർന്ന് യോഗത്തിൽ നിന്ന് വിട്ടുനിന്നതെന്നാണ് റിപ്പോർട്ടുകൾ.

ഇന്നത്തെ രാഷ്ട്രീയകാര്യസമിതിയിൽ പുനഃസംഘടനയാണ് പ്രധാന അജണ്ടയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നേരത്തെ പറഞ്ഞിരുന്നു. പാർട്ടിയെ ശക്തിപ്പെടുത്തുന്ന തീരുമാനം ഉണ്ടാകുമെന്നും വി.ഡി.സതീശൻ തിരുവനന്തപുരത്ത് പറഞ്ഞിരുന്നു.

രാഷ്ട്രീയകാര്യസമിതിക്ക് മുന്നോടിയായി കെ.സുധാകരൻ മുതിർന്ന നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് ജംബോ കമ്മിറ്റി വേണ്ടെന്ന കാര്യത്തിൽ ധാരണയായത്. എണ്ണം വർധിപ്പിക്കണമെന്ന നിലപാടിലാണ് ഗ്രൂപ്പ് നേതാക്കൾ. .

ജംബോ കമ്മിറ്റികളെ തുടച്ചുനീക്കി കെപിസിസി, ഡിസിസി പുനഃസംഘടനയ്ക്കുള്ള മാനദണ്ഡങ്ങൾക്ക് രൂപം നൽകുക എന്ന ദുഷ്‌ക്കരമായ ദൗത്യമാണ് കെ.സുധാകരൻ കെപിസിസി അധ്യക്ഷനായി ചുമതലയേറ്റ ശേഷമുള്ള ആദ്യ രാഷ്ട്രീയകാര്യ സമിതി യോഗത്തിന് മുന്നിലുള്ളത്. ജംബോ കമ്മറ്റികൾ വേണ്ടെന്ന് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കൾ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും കടുംവെട്ട് പാടില്ലെന്നാണ് ഗ്രൂപ്പുകളുടെ നിലപാട്.

ഡിസിസികളിലും സമ്പൂർണ പൊളിച്ചെഴുത്താണ് സുധാകരൻ ആഗ്രഹിക്കുന്നത്. താഴേത്തട്ടിൽ കുടുംബയൂണിറ്റുകൾ രൂപീകരിക്കുക എന്ന ആശയവും സുധാകരനുണ്ട്. ഇത്തരം കാര്യങ്ങളും രാഷ്ട്രീയ കാര്യസമിതി ചർച്ച ചെയ്യും. ജംബോ കമ്മിറ്റി ഒഴിവാക്കാൻ ഒരാൾക്ക് ഒരു പദവി, ഭാരവാഹികൾക്ക് പ്രായ പരിധി, തിരഞ്ഞെടുപ്പിൽ തോറ്റവരെ മാറ്റിനിർത്തൽ തുടങ്ങി മാനദണ്ഡങ്ങളും ചർച്ചയ്ക്ക് വരുമെന്ന് നേതാക്കൾ സൂചിപ്പിച്ചു. ചർച്ചകൾ ഉടൻ പൂർത്തിയാക്കി അടുത്ത മാസം 15ന് മുൻപ് കെപിസിസി പുനഃസംഘടന പൂർത്തിയാക്കണമെന്നാണ് ഹൈക്കമാൻഡിന്റെ നിർദ്ദേശം.