- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അമ്പതു വയസിന് താഴെയുള്ളവർക്കായി സതീശൻ; തനിക്ക് എഴുപതു കഴിഞ്ഞെന്ന വാദവുമായി ജനകീയതയും കണക്കിലെടുക്കാൻ സുധാകരനും; ഡിസിസി അധ്യക്ഷന്മാരാകാൻ ശബരിനാഥും വിടി ബൽറാമും ശുരനാടും പഴകുളവും; ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ആരേയും നിർദ്ദേശിക്കില്ല
തിരുവനന്തപുരം: കെ പി സി സി ഭാരവാഹികളെ നിശ്ചയിക്കും മുമ്പ് ഡിസിസി അദ്ധ്യക്ഷന്മാരെ കണ്ടെത്താൻ തീരുമാനം. അമ്പത് വയസിൽ താഴെയുള്ളവരെ ഡിസിസി അദ്ധ്യക്ഷന്മാരാക്കാം എന്നതായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നിർദ്ദേശം. എന്നാൽ പ്രായം മാനദണ്ഡമാക്കുന്നതിനോട് സുധാകരന് താൽപ്പര്യമില്ല. പ്രവർത്തന മികവിന് വേണ്ടി വാദിക്കുകയാണ് സുധാകരൻ.
പുതിയ ഡിസിസി അദ്ധ്യക്ഷന്മാരെ നിയമിക്കുന്നതിന് മുന്നോടിയായുള്ള അനൗദ്യോഗിക ചർച്ചകൾക്ക് ഇതോടെ തുടക്കമായി. രാഹുൽഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്കായി കെ സുധാകരൻ ഡൽഹിക്ക് പോകുന്നുണ്ട്. രാഹുലുമായി കൂടിയാലോചിച്ച് തീരുമാനം എടുക്കും. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അങ്ങോട്ടു കയറി അഭിപ്രായം പറയില്ല. ചോദിച്ചാൽ മാത്രം നിലപാട് വിശദീകരിക്കാനാണ് തീരുമാനം.
അദ്ധ്യക്ഷന്മാരിൽ യുവ പ്രാതിനിധ്യത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് കെ എസ് ശബരീനാഥിന്റെയും പാലക്കാട് വി ടി ബൽറാമിന്റെയും പേരുകൾ പരിഗണിക്കുന്നുണ്ട്. തിരുവനന്തപുരത്ത് വി എസ് ശിവകുമാർ, പാലോട് രവി, ശരത് ചന്ദ്ര പ്രസാദ് അടക്കമുള്ളവരും ഡിസിസി അദ്ധ്യക്ഷ പദത്തിനായി കരുക്കൾ നീക്കുന്നുണ്ട്. തിരുവനന്തപുരത്ത് ഡിസിസി അധ്യക്ഷനെ നിശ്ചയിക്കുക വലിയ വെല്ലുവിളിയായി മാറിയേക്കും.
പാലക്കാട്ട് വിടി ബൽറാമിന് എവി ഗോപിനാഥിന്റെ വിമത നീക്കങ്ങൾ വെല്ലുവിളിയാണ്. ഗോപിനാഥിനെ കെപിസിസി ഭാരവാഹിയാക്കാനും സാധ്യതയുണ്ട്. കെപിസിസിയിൽ ഇത്തവ ജംബോ കമ്മറ്റികളുണ്ടാകില്ല. അതുകൊണ്ട് തന്നെ സ്ഥാന മോഹികൾക്കെല്ലാം നോട്ടം ഡിസിസി അധ്യക്ഷ പദവിയിലേക്കാണ്. പ്രായപരിധിയിൽ രാഹുൽഗാന്ധിയുടെ നിലപാട് നിർണായകമാകും.
ആലപ്പുഴ, പാലക്കാട് ഉൾപ്പടെയുള്ള ജില്ലകളിലെ ഡിസിസി അദ്ധ്യക്ഷന്മാർ രാജിവച്ചു കഴിഞ്ഞു. ബാക്കിയുള്ളിടത്തും ഡിസിസി അധ്യക്ഷന്മാരെ മാറ്റും. പ്രായപരിധി കൊണ്ട് വലിയ കാര്യമൊന്നുമില്ലെന്നാണ് സുധാകരന്റെ നിലപാട്. ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത് എഴുപത് പിന്നിട്ട തന്റെ പ്രായവും. ഇതു കാരണം സതീശന് കടുംപിടിത്തം കഴിയുന്നുമില്ല. യുവാക്കൾക്ക് പ്രധാന്യം നൽകി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടിട്ട് എന്തായെന്ന ചോദ്യവും ഉയരുന്നുണ്ട്.
കൊല്ലത്ത് ശൂരനാട് രാജശേഖരൻ, ആർ ചന്ദ്രശേഖരൻ, എ ഷാനവാസ്ഖാൻ, ജ്യോതികുമാർ ചാമക്കാല എന്നിവരും പത്തനംത്തിട്ടയിൽ ശിവദാസൻ നായരും പഴകുളം മധുവും പരിഗണിക്കപ്പെടുന്നുണ്ട്. കോട്ടയത്ത് ടോമി കല്ലാനിയും തൃശൂരിൽ പത്മജ വേണുഗോപാലും സാധ്യതാ പട്ടികയിലുണ്ട്. കോഴിക്കോടും വയനാടും മലപ്പുറത്തും പിടിവലി ശക്തമാണ്. മലപ്പുറത്ത് എപി അനിൽകുമാറും ഡിസിസി അധ്യക്ഷനാകാൻ രംഗത്തുണ്ട്.
മറുനാടന് മലയാളി ബ്യൂറോ