- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആഴ്ചകൾ നീണ്ട സംസാരത്തിനൊടുവിൽ എ-ഐ ഗ്രൂപ്പ് നേതാക്കൾ വഴങ്ങി; കഴിവിന് പുറമേ യുവത്വവും സ്ത്രീകളും സമുദായവും മാത്രമേ പരിഗണിക്കൂവെന്ന് സുധാകരൻ; ലിസ്റ്റ് കൊടുത്ത് വിധിയറിയാൻ കാത്തിരുന്ന് ഗ്രൂപ്പ് മാനജർമാർ; ഇനി കെപിസിസിയിൽ അഴിച്ചുപണിക്കാലം
തിരുവനന്തപുരം: കെപിസിസിയിൽ നടക്കുക കെ സുധാകരൻ ആഗ്രഹിച്ചതു പോലുള്ള പുനഃസംഘടന തന്നെ. ഗ്രൂപ്പിന് ഒരു പ്രാധാന്യവും കിട്ടില്ല. പ്രായപരിധി മാനദണ്ഡമാക്കാതെ മികവും നേതൃശേഷിയും കാര്യപ്രാപ്തിയും ഉള്ളവരെ ഡിസിസി പ്രസിഡന്റ് പദത്തിലേക്കു നിയോഗിക്കും.
ഇതിനൊപ്പം നേതൃ ഗുണങ്ങൾ ഉള്ള യുവാക്കൾക്കു പ്രത്യേക പരിഗണന നൽകാമെന്നും നേതാക്കൾ കെപിസിസി പ്രസിഡന്റ് കെ.സുധാകരനോടു നിർദേശിച്ചു. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, എംഎൽഎമാർ എന്നിവരുമായാണു സുധാകരൻ ചർച്ച തുടങ്ങിയത്. ചർച്ചൾ ഏതാണ്ട് പൂർത്തിയായി. കഴിവിന് പുറമേ യുവത്വവും സ്ത്രീകളും സമുദായവും മാത്രമേ പരിഗണിക്കൂവെന്ന് സുധാകരൻ അടിവരയിട്ട് നേതാക്കളെ അറിയിച്ചിട്ടുണ്ട്.
അനൗദ്യോഗിക ആലോചനകളിൽ ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് എഐ വിഭാഗങ്ങൾ പേരുകൾ മുന്നോട്ടു വച്ചിട്ടുണ്ട്. നിലവിൽ ഒരു വിഭാഗത്തിനൊപ്പം നിൽക്കുന്ന ജില്ല അതേ ഗ്രൂപ്പിനു നൽകുക എന്നതായിരുന്നു ഫോർമുല. ഇത് സുധാകരൻ അംഗീകരിച്ചില്ല. പ്രവർത്തന മികവിനാകും പ്രാധാന്യമെന്നും വിശദീകരിച്ചു. സുധാകരനെ പ്രതിപക്ഷ നേതാവ് വിഡി സതീശനും അംഗീകരിച്ചു.
സാമുദായിക സന്തുലനം പാലിക്കും. മുഴുവൻ സമയവും പ്രവർത്തിക്കുന്നവരെ ഭാരവാഹിത്വത്തിലേക്കു കൊണ്ടുവരും. വനിതാ പ്രാതിനിധ്യവും കണക്കിലെടുക്കണം-ഇതായിരുന്നു സുധാകരന്റെ നിർദ്ദേശം. നിലവിലുള്ള ഭാരവാഹികളിൽ ഭൂരിഭാഗവും ഒഴിയേണ്ടി വരും. ആകെ 51 പേരെയാണു ഭാരവാഹികളാക്കുന്നത്. രണ്ടാഴ്ചയ്ക്കകം ഭാരവാഹികളെ പ്രഖ്യാപിക്കാനാണു ശ്രമിക്കുന്നത്.
മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ എന്നിവരെ ഒരുമിച്ചുകണ്ട് നേരത്തേ സുധാകരൻ ചർച്ച നടത്തിയിരുന്നു. എംപി.മാരുമായി ഡൽഹിയിലും ആശയവിനിമയം നടത്തി. കെപിസിസി. ജനറൽ സെക്രട്ടറി, ഡി.സി.സി. പ്രസിഡന്റ് സ്ഥാനങ്ങളിലേക്കാണ് പുതിയ ഭാരവാഹികളെ നിയോഗിക്കുക. എല്ലാ ഗ്രൂപ്പുകളും ലിസ്റ്റ് കൊടുത്തിട്ടുണ്ട്. ഇത് അംഗീകരിക്കുമോ എന്ന് അവർക്കും അറിയില്ല.
എ-ഐ ഗ്രൂപ്പുകൾ ഇപ്പോഴും പ്രതീക്ഷയിലാണ്. എന്നാൽ ഐ ഗ്രൂപ്പിന്റെ സ്ഥാനങ്ങൾ കെസി വേണുഗോപാൽ തട്ടിത്തെറിപ്പിക്കുമോ എന്ന സംശയം രമേശ് ചെന്നിത്തലയ്ക്കുണ്ട്. രാഹുൽ ഗാന്ധിയെ സ്വാധീനിച്ച് പട്ടികയിൽ അന്തിമ ഘട്ടത്തിൽ അട്ടിമറി നടത്തുന്നത് കെസി വേണുഗോപാലിന്റെ പതിവാണ്. അതുകൊണ്ട് തന്നെ ഐ ഗ്രൂപ്പിന് എന്താകും സംഭവിക്കുക എന്നതിൽ ആശങ്കയുണ്ട്.
ഡി.സി.സി. പ്രസിഡന്റ്, കെപിസിസി. ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ ഒരു പാക്കേജായി നൽകാനാണ് ശ്രമിക്കുന്നത്. കെപിസിസി. ഭാരവാഹികളായി പരമാവധി 51 പേർ എന്ന നിർദ്ദേശം രാഷ്ട്രീയകാര്യ സമിതി അംഗീകരിച്ചിരുന്നു.
പാർട്ടിയിലും നിയമസഭാ കക്ഷിയിലും പുതിയ നേതൃത്വം വന്നപ്പോൾത്തന്നെ പാർട്ടി പുനഃസംഘടന എത്രയുംവേഗം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പുനഃസംഘടനാ ചർച്ചയ്ക്ക് വേണ്ടത്ര വേഗമില്ലെന്ന സ്ഥിതി വന്നു. ഇതോടെയാണ് രണ്ടാംഘട്ട ചർച്ച സജീവമാക്കിയത്.
മറുനാടന് മലയാളി ബ്യൂറോ