തിരുവനന്തപുരം: കോൺഗ്രസിൽ വീണ്ടും ഗ്രൂപ്പ് പിടിവലികൾ തുടരുന്നു. കെപിസിസി അധ്യക്ഷൻ കെ സുധാകരന് ഈ ഗ്രൂപ്പുകളി ഭാവിയിൽ ദോഷം ആകുമെന്നും അറിയാം. എങ്കിലും മുൻ മുഖ്യമന്ത്രി കൂടിയായ മുതിർന്ന നേതാവിന്റെ പിടിവാശിക്ക് വഴങ്ങുകയാണ് സുധാകരൻ. പ്രതിപക്ഷ നേതാവ് വിഡി സതീശനും കടുംപിടിത്തം വിട്ടു. ഇതോടെ യുഡിഎഫ് കൺവീനർ സ്ഥാനം കെ മുരളീധരന് ലഭിക്കാതെ പോയി. ഈ സാഹചര്യത്തിലാണ് പ്രചരണ സമിതി അധ്യക്ഷനായി മുരളീധരൻ മാറുന്നത്. ഇത് മുരളിയും ആഗ്രഹിച്ച പദവിയല്ല.

നേമത്തെ വെല്ലുവിളികളെ ധൈര്യത്തോടെ നേരിട്ട് മുരളീധരനെ യുഡിഎഫ് കൺവീനറാക്കാനായിരുന്നു നീക്കം. എന്നാൽ എംഎം ഹസനെ മാറ്റാനാകില്ലെന്ന് ഉമ്മൻ ചാണ്ടി തീർത്തു പറഞ്ഞു. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും ഐ ഗ്രൂപ്പുകാരാണ്. അതുകൊണ്ട് യുഡിഎഫ് കൺവീനർ സ്ഥാനം എക്കാരനായ ഹസന് തന്നെ നൽകണമെന്ന് ഉമ്മൻ ചാണ്ടി നിലപാട് എടുത്തു. രമേശ് ചെന്നിത്തലയും ഇതിനെ എതിർത്തില്ല. മുസ്ലിം സമുദായ അംഗമെന്ന പരിഗണന എംഎം ഹസന് തുണയാവുകയും ചെയ്തു. ഈ വർഗ്ഗീയ കാർഡ് തന്നെയാണ് ഉമ്മൻ ചാണ്ടിയും എടുത്തുപയോഗിച്ചത്.

ഇതോടെ യുഡിഎഫ് കൺവീനറായി എം.എം.ഹസൻ തുടരുന്നതിന് കോൺഗ്രസ് ഹൈക്കമാൻഡിന്റെ അനുമതിയും എത്തി. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ ഹസൻ തുടരുന്നതിനെ സംസ്ഥാന നേതൃത്വവും പാർട്ടി എംപിമാരും അനുകൂലിച്ചതിനു പിന്നാലെയാണിത്. കൺവീനറെ സംസ്ഥാനത്താണു തീരുമാനിക്കുന്നതെന്നും അവിടെ ഹസനു പിന്തുണയുള്ളതിനാൽ തങ്ങൾക്ക് എതിർപ്പൊന്നുമില്ലെന്നും ഹൈക്കമാൻഡ് വൃത്തങ്ങൾ പറഞ്ഞു. കൺവീനറായി പരിഗണിക്കപ്പെട്ടിരുന്ന കെ.മുരളീധരൻ എംപിയെ കെപിസിസി പ്രചാരണ വിഭാഗം അധ്യക്ഷനാക്കി. ദൗത്യം ഏറ്റെടുക്കുമെന്നും പരിഭവമില്ലെന്നും മുരളീധരൻ പറഞ്ഞു.

കോൺഗ്രസ് അഴിച്ചുപണി സംബന്ധിച്ച കേരളത്തിലെ ചർച്ചകൾ അന്തിമ ഘട്ടത്തിലെത്തി. ഇവിടെ തയാറാക്കുന്ന കരടു പട്ടികയുമായി സംസ്ഥാന പ്രസിഡന്റ് കെ.സുധാകരൻ അടുത്ത ആഴ്ച ഡൽഹിക്കു തിരിക്കും. 15 ന് മുൻപ് പട്ടിക പുറത്തിറക്കാനാണ് ആലോചന. ഇവിടേുയും എയും ഐയും വെവ്വേറെ പട്ടിക നൽകിയിട്ടുണ്ട്. ഇത് ഏതാണ്ട് അംഗീകരിക്കാനാണ് സാധ്യത. ഗ്രൂപ്പുകളെ പിണക്കി മുമ്പോട്ട് പോകാൻ കഴിയില്ലെന്ന തിരിച്ചറിവ് സുധാകരനും ഉണ്ട്. വിഡി സതീശനും വലിയ അട്ടിമറികൾക്ക് ശ്രമിക്കില്ല. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന്റെ നിലപാടും നിർണ്ണായകമാകും.

അതിനിടെ യുഡിഎഫ് കൺവീനർ സ്ഥാനത്ത് മുരളീധരൻ എത്താതിരിക്കാൻ കെസിയും ചരടുവലിച്ചുവെന്ന ആരോപണം ശക്തമാണ്. കെപിസിസി പുനഃസംഘടനയിലും കെസിയുടെ കരുത്ത് തെളിയുമെന്നും വിലയിരുത്തലുണ്ട്. കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും പട്ടിക ഒരുമിച്ചു തയാറാക്കാനാണു ശ്രമം. ഭാരവാഹി പട്ടിക നീണ്ടു പോയാൽ ഡിസിസി പ്രസിഡന്റുമാരുടെയെങ്കിലും ഉടൻ പ്രഖ്യാപിക്കും.

എല്ലാ ഡിസിസി പ്രസിഡന്റുമാരെയും മാറ്റാൻ തീരുമാനിച്ചതോടെ ജില്ലകളിൽ പാർട്ടി പ്രവർത്തനത്തിനു മാന്ദ്യം ഉണ്ടെന്നാണു നിരീക്ഷണം. എംപിമാർ, എംഎൽഎമാർ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ എന്നിവരുമായി കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സംസാരിച്ചു. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരുമായും കൂടിയാലോചന നടന്നു.