ന്യൂഡൽഹി: തിരുവനന്തപുരത്ത് മണക്കാട് സുരേഷ്, കൊല്ലത്ത് ചന്ദ്രശേഖരൻ.... ഇങ്ങനെ പോകുന്നതാണ് കെപിസിസി മുമ്പോട്ട് വയ്ക്കുന്ന ഡിസിസി അധ്യക്ഷനമാരുടെ പട്ടിക. വ്യക്തമാക്കി. കേരളത്തിൽ ഗ്രൂപ്പുകൾ കഴിഞ്ഞ കഥയാണെന്നും ഡിസിസി പ്രസിഡന്റുമാരുടെ നിയമനത്തിൽ ഗ്രൂപ്പ് മാനദണ്ഡം നോക്കില്ലെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ പ്രസ്താവനയുടെ മറവിൽ പെട്ടിയെടുപ്പുകാരാണ് താക്കോൽ സ്ഥാനത്ത് എത്താൻ പോകുന്നതെന്ന സംശയമാണ് ഉയരുന്നത്.

അതുകൊണ്ട് തന്നെ കോൺഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ടു സംസ്ഥാന, ഗ്രൂപ്പ് നേതൃത്വങ്ങൾ തുറന്ന പോരിലേക്ക് പോകും. ഡിസിസി പ്രസിഡന്റുമാരായി നിയമിക്കേണ്ടവരുടെ ചുരുക്കപ്പട്ടിക സുധാകരൻ ഹൈക്കമാൻഡിനു കൈമാറിയതിനു പിന്നാലെ, തങ്ങളുമായി കൂടിയാലോചന നടത്തിയില്ലെന്നും സുധാകരൻ വാക്കു പാലിച്ചില്ലെന്നും ആരോപിച്ച് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്കു കത്തയച്ചു. അതിശക്തമായ പ്രതിഷേധമാണ് ഇവർ അറിയിക്കുന്നത്.

കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവറിനെ ഫോണിൽ വിളിച്ചും പ്രതിഷേധമറിയിച്ചു. താനുമായി ഒരുതരത്തിലുള്ള കൂടിയാലോചനയും നടത്തിയില്ലെന്ന പരാതിയുമായി മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും താരിഖിനെ വിളിച്ചു. ഏകപക്ഷീയമാണ് കാര്യങ്ങൾ. പ്രവർത്തന മികവല്ല മാനദണ്ഡമാക്കുന്നത്. മറിച്ച് പെട്ടിയെടുക്കുന്ന നേതാക്കളെ നേതൃത്വത്തിൽ കൊണ്ടു വരാനാണ് ശ്രമമെന്ന് ഗ്രൂപ്പ് മാനേജർമാർ പറയുന്നു. ഐ ഗ്രൂപ്പിലാണ് അമർഷം കൂടുതൽ. കെസി വേണുഗോപാൽ സ്വന്തം ഗ്രൂപ്പുണ്ടാക്കാനാണ് ശ്രമമെന്ന് അവർ പറയുന്നു.

സുധാകരനു പുറമേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ്, പി.ടി. തോമസ്, ടി. സിദ്ദിഖ് എന്നിവർ വെള്ളിയാഴ്ചയും ഇന്നലെയുമായി ഡൽഹിയിൽ നടത്തിയ ചർച്ചകൾക്കു ശേഷമാണു ചുരുക്കപ്പട്ടിക കൈമാറിയത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായും ഇവർ ചർച്ച നടത്തി.

കെ സുധാകരനും വിഡി സതീശനും പിടി തോമസും കൊടിക്കുന്നിൽ സുരേഷും ടി സിദ്ധിഖും ചേർന്നാണ് പട്ടിക തയ്യാറാക്കിയത്. ഇതിൽ സിദ്ദിഖ്, ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായിരുന്നു. എന്നാൽ സിദ്ദിഖ് ഇപ്പോൾ എ ഗ്രൂപ്പുമായി ആശയ വിനിമയം നടത്തുന്നില്ല. സുധാകരനും വിഡിയും പറയുന്നതാണ് കേൾക്കുന്നത്. ചർച്ചയ്ക്ക് ഇരുന്ന ഒരു നേതാവും ചെന്നിത്തലയുമായി ബന്ധമുള്ളവരല്ല. ഐ ഗ്രൂപ്പിനെ പിളർത്തി പുതിയ അധികാര കേന്ദ്രം ഉണ്ടാക്കാനാണ് വിഡിയുടെ ശ്രമം. ഇതിന് കെസി വേണുഗോപാലും പിന്തുണയ്ക്കുന്നു.

പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടിയെയും രമേശിനെയും ഡൽഹിക്കു വിളിപ്പിക്കാമെന്നു താരിഖ് അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ല. സംസ്ഥാന നേതൃത്വം കൈമാറിയ ഡിസിസി പട്ടികയിൽ ഏതാനും ജില്ലകളിൽ ഒന്നിലധികം പേരുകളുണ്ട്. എംപിമാർ, എംഎൽഎമാർ എന്നിവർ പട്ടികയിലില്ല. വനിതാ പ്രാതിനിധ്യവുമില്ല. തൃശൂരിൽ പത്മജാ വേണുഗോപാലിന്റെ പേരു പോലും വെട്ടി. ഇതിന് പിന്നിൽ കെസി വേണുഗോപാലാണെന്ന് ചെന്നിത്തലയും കൂട്ടരും സംശയിക്കുന്നു. ഐ ഗ്രൂപ്പിൽ കെസി വേണുഗോപാലിനൊപ്പം നിൽക്കുന്നവർക്കാണ് കൂടുതൽ സ്ഥാനങ്ങളും കിട്ടാൻ പോകുന്നതെന്ന സൂചനകളും പുറത്തു വരുന്നുണ്ട്.

രാഹുൽ ഗാന്ധിയുടെ വിശ്വസ്തനായി നടിച്ചാണ് പട്ടികയിൽ കെസി ഇടപെടൽ നടത്തുന്നത്. വിഡിയെ പ്രതിപക്ഷ നേതാവാക്കിയതും ചെന്നിത്തലയെ വെട്ടിയാണ്. ഈ കളികൾ ഇപ്പോഴും കെസി തുടരുന്നുവെന്നാണ് ഉയരുന്ന ആരോപണം.