തിരുവനന്തപുരം: ഡൽഹിയിലേക്ക് പുനഃസംഘടനാ ചർച്ചയ്ക്ക് രമേശ് ചെന്നിത്തലയേയും ഉമ്മൻ ചാണ്ടിയേയും വിളിക്കാത്തത് നിസ്സഹകരണം തിരിച്ചറിഞ്ഞെന്ന് കെപിസിസിയിലെ ഒദ്യോഗിക നേതൃത്വത്തോട് ചേർന്ന് നിൽകുന്ന നേതാക്കൾ. സുധാകരൻ ഉമ്മൻ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും നടത്തിയ ആദ്യഘട്ട ചർച്ചകളിൽ ഡി.സി.സി. പ്രസിഡന്റുമാരായി പരിഗണിക്കേണ്ടവരെ സംബന്ധിച്ച് ആലോചനനടന്നിരുന്നു. എന്നാൽ, എ, ഐ ഗ്രൂപ്പുകൾ പേരുകൾ പട്ടികയായി എഴുതിനൽകിയില്ല.

ഇങ്ങനെ നിസ്സഹകരിക്കുന്നവരെ എന്തിനാണ് ഡൽഹി ചർച്ചയ്ക്ക് വിളിക്കുന്നതെന്നാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരനെ അനുകൂലിക്കുന്നവരുടെ ചോദ്യം. ഡി.സി.സി. പ്രസിഡന്റുമാരുടെ നിയമനം അന്തിമഘട്ടത്തിലേക്കെത്തിയപ്പോൾ എ, ഐ ഗ്രൂപ്പുകൾ സംയുക്തമായാണ് സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമെതിരേ രംഗത്തുവരുന്നത്. എന്നാൽ, ഒരുകാലത്തുമില്ലാത്തരീതിയിൽ എല്ലാവരുമായും ചർച്ചചെയ്ത് രൂപംനൽകിയ ചുരുക്കപ്പട്ടികയാണ് ഹൈക്കമാൻഡിന് സമർപ്പിച്ചതെന്ന് ഔദ്യോഗിക നേതൃത്വം വിശദീകരിച്ചു.

മുല്ലപ്പള്ളി രാമചന്ദ്രനും വി എം സുധീരനും ഗ്രൂപ്പുകൾ അതീതമായി കെപിസിസി അധ്യക്ഷന്മാരായവരാണ്. എന്നാൽ ഗ്രൂപ്പുകളുടെ സമ്മർദ്ദം കാരണം ഡിസിസി അധ്യക്ഷന്മാരടകം ഗ്രൂപ്പ് നേതാക്കളായി. അതുകൊണ്ട് തന്നെ മുല്ലപ്പള്ളിയും സുധീരനും പറയുന്നത് ആരും കേട്ടില്ല. ഗ്രൂപ്പ് നേതാക്കളാണ് എല്ലാം നിയന്ത്രിച്ചത്. ഇതാണ് കോൺഗ്രസിന്റെ സംഘടനാ സംവിധാനത്തെ തകർത്തത്. അതിനാൽ തങ്ങൾ പറഞ്ഞാൽ അനുസരിക്കുന്നവർ താക്കോൽ സ്ഥാനത്ത് വരണമെന്നതാണ് സുധാകരന്റേയും സതീശന്റേയും നിലപാട്.

അല്ലാത്ത പക്ഷം കെപിസിസി അധ്യക്ഷന് റബ്ബർ സ്റ്റാമ്പായി ഇരിക്കേണ്ടി വരും. അതിന് സുധാകരൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് കെപിസിസി നേതൃത്വത്തോട് കൂറുള്ളവർ ഡിസിസിയെ നിയന്ത്രിച്ചാൽ മതിയെന്നാണ് നിലപാട്. ഡൽഹി ചർച്ചയിൽ സമാവായം ഉണ്ടായി. വി.ഡി. സതീശനും കെപിസിസി. വർക്കിങ് പ്രസിഡന്റുമാരായ പി.ടി. തോമസ്, ടി. സിദ്ദിഖ്, കൊടിക്കുന്നിൽ സുരേഷ് എന്നിവരും ചർച്ചകളിൽ പങ്കെടുത്തു. എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അടക്കമുള്ളവരുമായി ചർച്ചനടത്തിയാണ് പട്ടിക പാനലായി ഹൈക്കമാൻഡിന് നൽകിയത്.

ഏകപക്ഷീയമെങ്കിൽ പരസ്യപ്രതികരണമെന്ന് എ, ഐ ഗ്രൂപ്പ് നേതൃത്വം വ്യക്തമാക്കി കഴിഞ്ഞു. ഒരുമിച്ചിരുന്നുള്ള ചർച്ചയിലൂടെ പേരുകൾ അന്തിമമാക്കാമെന്നുള്ള ധാരണയ്ക്ക് വിരുദ്ധമായി സുധാകരൻ നീങ്ങിയെന്നാണ് എ, ഐ ഗ്രൂപ്പ് നേതൃത്വത്തിന്റെ പരാതി. നിയമനം ഏകപക്ഷീയമായാൽ പരസ്യപ്രതികരണത്തിന് മുതിരുമെന്നാണ് നേതാക്കൾ അറിയിച്ചത്. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും സോണിയാഗാന്ധിയെയും രാഹുൽ ഗാന്ധിയെയും അതൃപ്തിയറിയിച്ചതായും ഗ്രൂപ്പ് നേതൃത്വത്തിലുള്ളവർ വ്യക്തമാക്കി.

സുധാകരന്റെയും സതീശന്റെയും വേണുഗോപാലിന്റെയും നേതൃത്വത്തിൽ പുതിയ ഗ്രൂപ്പുണ്ടാക്കാനാണ് പുതിയ നേതൃത്വം ശ്രമിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തുന്നു. ഒരുവശത്ത് പുനഃസംഘടന നീട്ടിക്കൊണ്ടുപോകുകയും മറുവശത്ത് ഭാരവാഹികൾ വരാത്തതിനെതിരേ പ്രചാരണം നടത്തുകയും ചെയ്യുന്നവരാണ് വിവാദങ്ങൾക്കു പിന്നിലെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ വാദം.

ഭാരവാഹികളുടെ എണ്ണം കുറയ്ക്കുന്നതുൾപ്പെടെ രാഷ്ട്രീയകാര്യസമിതി അംഗീകരിച്ചതാണ്. പിന്നീട് സുധാകരനും സതീശനും ഉമ്മൻ ചാണ്ടി, ചെന്നിത്തല എന്നിവരുമായി പേരുകൾവെച്ചും ചർച്ചനടത്തി. സതീശൻ ഡൽഹിക്ക് പോകുംമുമ്പ് പേരുകൾ എഴുതിനൽകാമെന്ന് പറഞ്ഞെങ്കിലും അതിൽനിന്ന് ഗ്രൂപ്പ് നേതൃത്വം പിന്നാക്കംപോയി. അതുകൊണ്ടാണ് ഡൽഹി ചർച്ചയ്ക്ക് അവരെ വിളിക്കാത്തതെന്ന് സുധാകരനോട് അടുപ്പമുള്ളവർ പറയുന്നു.