- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മൈക്രോ യൂണിറ്റ് തുടങ്ങാനായത് 54 ശതമാനം പ്രദേശത്തും; 46ശതമാനം സ്ഥലത്തും കോൺഗ്രസിന് ആരുമില്ല! 2500 കേഡർമാരെ നിയോഗിച്ച് അടിത്തറ ശക്തമാക്കും; പാർട്ടിയെ വളർത്താൻ ശമ്പളം നൽകി നേതാക്കളെ നിയോഗിക്കാൻ സുധാകരൻ; കോൺഗ്രസിൽ ഇനി അടിമുടി മാറ്റം
കണ്ണൂർ: കോൺഗ്രസിലെ ഗ്രൂപ്പു സമാവാക്യങ്ങളെ തകർത്ത് പാർട്ടിയെ കേഡർ സംവിധാനത്തിലേക്ക് കൊണ്ടു വരാൻ കെ സുധാകരൻ. പാർട്ടിക്ക് ഇനി കെപിസിസിയെന്ന ഏക അധികാര കേന്ദ്രമേ ഉണ്ടാകൂ. ഇവിടെ എടുക്കുന്ന തീരുമാനങ്ങൾ ഏവരും അംഗീകരിക്കേണ്ടി വരും. അച്ചടക്കം ലംഘിച്ചാൽ പാർട്ടിക്ക് പുറത്താകും. അതിശക്തമായ നിലപാടുകൾ എടുക്കാനാണ് സുധാകരന്റെ തീരുമാനം.
കോൺഗ്രസിന്റെ അടിത്തറ ശക്തമാക്കുമെന്നാണ് കേഡർ സംവിധാനം. ഡിസിസി അധ്യക്ഷന്മാരുടെ പ്രഖ്യാപനത്തിലൂടെ ആദ്യ ചുവട് പൂർത്തിയാക്കി. ഗ്രൂപ്പു നേതാക്കളെ അംഗീകരിക്കില്ലെന്ന സന്ദേശം കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ നൽകി. ഇന്നലെ കണ്ട കോൺഗ്രസല്ല, 6 മാസത്തിനു ശേഷം കാണാൻ പോകുന്ന കോൺഗ്രസ്-ഇതാണ് സുധാകരന്റെ പ്രഖ്യാപനം.
കെപിസിസി അധ്യക്ഷനായ ശേഷം 2 സർവേകൾ നടത്തി. രണ്ടിലും കോൺഗ്രസിന്റെ അടിത്തറയുടെ ദൗർബല്യം അടിവരയിട്ടു പറഞ്ഞിട്ടുണ്ട്. മൈക്രോ യൂണിറ്റുകൾ തുടങ്ങാൻ തീരുമാനിച്ചപ്പോൾ അതിനു സാധിക്കുന്നത് കേരളത്തിൽ 54% പ്രദേശങ്ങളിൽ മാത്രമാണ്. മറ്റിടങ്ങളിൽ അടിത്തറയില്ല. ഇതിന് പരിഹാരമുണ്ടാക്കുകയാണ് ലക്ഷ്യം. ബൂത്തുകൾ ശക്തമായാലേ കോൺഗ്രസിന് മുമ്പോട്ട് പോകാൻ കഴിയൂ. സാമൂഹിക ഇടപെടലും ശക്തമാക്കും.
ബൂത്തു തലത്തിൽ പ്രവർത്തനം ഉറപ്പാക്കാനും ഏകോപിപ്പിക്കാനും സമർപ്പിത സേവനത്തിന് 2500 കേഡർമാരെ നിയോഗിക്കും. ഇവരിൽ 1000 പേർ യൂത്ത് കോൺഗ്രസിൽ നിന്നും 1500 പേർ ഐഎൻടിയുസിയിൽ നിന്നുമായിരിക്കും. പട്ടിക ഒരാഴ്ചയ്ക്കുള്ളിൽ കിട്ടും. അവർക്കു പരിശീലനം നൽകും. ഇതിലൂടെ സംഘടനയ്ക്ക് പുതുജീവൻ വരുമെന്ന് സുധാകരൻ കരുതുന്നു. സിപിഎം മോഡലിലെ കേഡർ സംവിധാനത്തിലേക്കാണ് സുധാകരന്റെ രാഷ്ട്രീയ യാത്ര.
കോൺഗ്രസിന് സംഘടനാശേഷിയില്ലാത്ത 46% പ്രദേശങ്ങളിൽ 3 വർഷം കേഡർമാർ പ്രവർത്തിക്കും. കേഡർമാർക്ക് ജീവിക്കാനുള്ള ചെലവ് കൊടുക്കും. മുഴുവൻ പ്രദേശങ്ങളിലും മൈക്രോ യൂണിറ്റുകൾ സംഭവിപ്പിക്കുകയാണ് ലക്ഷ്യം. കെഎസ്‌യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും സംഘടനാ തിരഞ്ഞെടുപ്പുകളുടെ നടത്തിപ്പ് കെപിസിസി ഏറ്റെടുക്കും. മുകളിൽ നിന്ന് ആരേയും കെട്ടിയിറക്കാനും സമ്മതിക്കില്ല.
കോൺഗ്രസിന്റെ നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങൾ സ്വയം കുത്തി മരിക്കുന്ന നിലയിലേക്ക് മാറിയിരിക്കുന്നു. ഇവയെ പാർട്ടിയുടെ നിയന്ത്രണത്തിലേക്കു കൊണ്ടുവരും. ഇതിനായി ജില്ലാതലത്തിൽ പ്രത്യേക സമിതിയെ നിയോഗിക്കും. സഹകരണ സ്ഥാപനങ്ങളിലേക്ക് 2 തവണയിൽ കൂടുതൽ മത്സരിക്കാൻ ആരെയും അനുവദിക്കില്ലെന്നും സുധാകരൻ പറയുന്നു.
എന്താണ് കോൺഗ്രസ് എന്ന് പത്തുമിനിറ്റ് പറയാൻ കഴിയുന്ന കോൺഗ്രസുകാർ ഇല്ലാതായി. രാഷ്ട്രീയപഠനം തീർത്തുമില്ലാതായി. ഇത് പരിഹരിക്കാൻ തിരുവനന്തപുരത്തും കോഴിക്കോട്ടും പഠനസ്‌കൂൾ തുടങ്ങും. തിരുവനന്തപുരത്ത് എട്ട്, ഒമ്പത് തീയതികളിൽ പുതിയ ഡി.സി.സി. അധ്യക്ഷർക്കായി ശിൽപ്പശാല നടത്തും. അച്ചടക്കം ഉറപ്പുവരുത്താൻ എല്ലാ ജില്ലയിലും കൺട്രോൾ കമ്മിഷൻ. ഇവർ മുഖംനോക്കാതെ നടപടിയെടുക്കും. സാമൂഹികമാധ്യമങ്ങളിലൂടെ പാർട്ടി നേതാക്കളെ തെറിവിളിക്കുന്ന പാർട്ടിക്ക് സമൂഹത്തിനുമുന്നിൽ നിൽക്കാൻ കഴിയില്ല. ജനങ്ങളുടെ മുമ്പിൽ അപഹാസ്യരാകുന്നത് നേതാക്കളല്ല, പാർട്ടിയാണെന്ന് സുധാകരൻ പറയുന്നു.
സഹകരണ സ്ഥാപനങ്ങളിൽ മണ്ഡലം കമ്മിറ്റിയുമായി ചർച്ചനടത്തി പാർട്ടി സ്ഥാപനങ്ങളുടെ മേൽനോട്ടം ഇവർ നിർവഹിക്കും. ഇവിടങ്ങളിലേക്ക് സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നത് ഈ സമിതിയായിരിക്കും. ഒഴിവുകളിൽ നിയമനം നടത്താൻ ഈ സമിതി പാർട്ടിപ്രവർത്തകരുടെ സീനിയോറിറ്റി പട്ടിക തയ്യാറാക്കും. അതിൽനിന്നുമാത്രമേ നിയമനം നടത്തൂവെന്നും സുധാകരൻ വിശദീകരിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ