- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗ്രൂപ്പ് മാനേജർമാർക്ക് ഭാരവാഹിത്വം നിഷേധിക്കാൻ മാനദണ്ഡങ്ങൾ; അച്ചടക്കം കർശനമാക്കും; പാർട്ടിയെ തള്ളിപ്പറഞ്ഞ് പുറത്തു പോകുന്നവരെ കാര്യമാക്കില്ല; അച്ചടക്ക സമിതി രൂപീകരിച്ച് സെമി കേഡർ സംവിധാനത്തിന് കരുത്ത് പകരാനും ആലോചന
തിരുവനന്തപുരം: കെപിസിസി. ഭാരവാഹികളെ നിശ്ചയിക്കുമ്പോൾ ഗ്രൂപ്പ് മാനേജർമാരെ എല്ലാം മാറ്റും. ഇതിന് വേണ്ടിയാണ് മാനദണ്ഡങ്ങൾക്ക് തയ്യാറാക്കിയത്. അഞ്ചുവർഷം വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനത്തിരുന്നവരെ വീണ്ടും പരിഗണിക്കില്ല. രാഷ്ട്രീയകാര്യ സമിതി പുനഃസംഘടിപ്പിക്കാനും തീരുമാനിച്ചു. ഫലത്തിൽ ഇപ്പോൾ ഗ്രൂപ്പുകളുടെ പിന്തുണയിൽ ഭാരവാഹികളായി ഇരിക്കുന്നവർക്ക് പണി കിട്ടും. ഗ്രൂപ്പുകൾക്ക് അതീതരായ പുതിയ ടീമിനെ സുധാകരൻ സൃഷ്ടിക്കും.
യുവാക്കൾക്കും വനിതകൾക്കും മെച്ചപ്പെട്ട പ്രാതിനിധ്യമുണ്ടാകും. എന്നാൽ, പ്രായനിബന്ധന നിർബന്ധമാക്കില്ല. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി കെപിസിസി. പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും നടത്തിയ ചർച്ചയിലാണ് ധാരണയായത്. നേരത്തേ നിശ്ചയിച്ചതുപോലെ 15 ജനറൽ സെക്രട്ടറിമാരും മൂന്ന് വൈസ് പ്രസിഡന്റുമാരുമുണ്ടാകും. എക്‌സിക്യുട്ടീവ് അംഗങ്ങളടക്കം 51 പേരുൾപ്പെടുന്ന സമിതിയാകും വരിക. വൈസ് പ്രസിഡന്റുമാർക്ക് മികച്ച ഉത്തരവാദിത്തവും നൽകും. മേഖലാ ചുമതലയും നൽകും. ഭാരവാഹികളെ സംബന്ധിച്ച് ഉമ്മൻ ചാണ്ടിയുടെയും രമേശിന്റെയും നിർദ്ദേശം പരിഗണിക്കും. എന്നാൽ അത് അതേ പടി അംഗീകരിക്കില്ല.
സ്ഥാനമൊഴിഞ്ഞ 14 ഡി.സി.സി. പ്രസിഡന്റുമാരെ നേരിട്ട് കെപിസിസി.യുടെ പ്രധാന ഭാരവാഹിത്വത്തിലേക്ക് കൊണ്ടുവരില്ല. അവരെ എക്‌സിക്യുട്ടീവിൽ ഉൾപ്പെടുത്തും. എംപി.മാർ, എംഎൽഎ.മാർ എന്നിവർക്കും ഭാരവാഹിത്വമുണ്ടാകില്ല. എന്നാൽ, തിരഞ്ഞെടുപ്പിൽ മത്സരിച്ചവർക്ക് ഭാരവാഹിത്വത്തിന് വിലക്കില്ല. ആരേയും അച്ചടക്കം ലംഘിക്കാനും അനുവദിക്കില്ല.
ഒരുവശത്ത് പാർട്ടിയെ സെമികാഡർ സംവിധാനത്തിലേക്കു കൊണ്ടുവരാൻ സുധാകരൻ ശ്രമിക്കുന്നതിനിടെ, മറുവശത്ത് സംസ്ഥാന ഭാരവാഹികൾ തന്നെ കൊഴിഞ്ഞുപോകുന്നത് കോൺഗ്രസിനെ പിടിച്ചുലയ്ക്കുന്നുണ്ട്. എന്നാൽ അത് കാര്യമാക്കേണ്ടതില്ലെന്നാണ് സുധാകരന്റെ നിലപാട്. അടിത്തറയുള്ള നേതാക്കളെ മാത്രമേ കെപിസിസി സംരക്ഷിക്കൂ. അച്ചടക്കത്തിന് തന്നെയാകും പ്രധാന്യം നൽകുക. ഒരു പരിധിവരെയെങ്കിലും അച്ചടക്കമുള്ള സംവിധാനം കൊണ്ടുവരുമെന്ന് കെപിസിസി അധ്യക്ഷൻ വ്യക്തമാക്കിയിട്ടുണ്ട്. പുനഃസംഘടനയിലും ഇത് പ്രതിഫലിക്കും.
കെപിസിസി. സെക്രട്ടറി പി.എസ്. പ്രശാന്ത്, ജനറൽ സെക്രട്ടറിമാരായ കെ.പി. അനിൽകുമാർ, ജി. രതികുമാർ എന്നിവർ സംഘടന വിട്ടു. സർവസ്വാതന്ത്ര്യമുണ്ടായിരുന്ന പാർട്ടിയിൽ പൊടുന്നനെ അച്ചടക്കം അടിച്ചേൽപ്പിക്കുന്നത് അസ്വാരസ്യങ്ങൾക്കു കാരണമാകുമെന്നാണ് എ, ഐ ഗ്രൂപ്പുകളുടെ നിലപാട്. അനിൽകുമാറടക്കം ഗുരുതര അച്ചടക്ക ലംഘനമാണ് നടത്തിയതെന്ന് സുധാകരനും പറയുന്നു. സെമികാഡർ സംവിധാനം ഏർപ്പെടുത്താൻ പാർട്ടി ഭരണഘടനയിലും കാതലായ മാറ്റംവരുത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
സസ്പെൻഷനും പുറത്താക്കലുമാണ് നിലവിൽ കോൺഗ്രസ് ഭരണഘടനയിൽ അച്ചടക്ക നടപടിയായി പറയുന്നത്. കേന്ദ്രതലത്തിൽ മാത്രമേ സ്ഥിരം അച്ചടക്ക സമിതിയുള്ളൂ. ഇതേ രീതി കേരളത്തിലും കൊണ്ടു വരും. പാർട്ടി കെട്ടുറപ്പുള്ളതാകാൻ അച്ചടക്കം അനിവാര്യതയാണെന്ന് സുധാകരൻ വിലയിരുത്തുന്നു.
മറുനാടന് മലയാളി ബ്യൂറോ