തിരുവനന്തപുരം: കെപിസിസി പുനഃസംഘടനാ മാനദണ്ഡങ്ങൾ കോൺഗ്രസിൽ വീണ്ടും കലാപമുണ്ടാക്കിയേക്കും. ഒരേ പദവിയിൽ അഞ്ചു വർഷം പൂർത്തിയാക്കിയ വൈസ് പ്രസിഡണ്ടുമാരേയും, ജനറൽ സെക്രട്ടറിമാരെയും പുതിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തേണ്ടന്നാണ് കെപിസിസിയുടെ തീരുമാനം. അങ്ങനെ വരുമ്പോൾ ഗ്രൂപ്പ് മാനേജർമാർക്ക് സ്ഥാനം പോകുമെന്ന് ഉറപ്പാണ്.

പി.സി വിഷ്ണുനാഥ്, ശൂരനാട് രാജശേഖരൻ, ജോസഫ് വാഴക്കൻ, എൻ സുബ്രഹ്മണ്യൻ, പത്മജ വേണുഗോപാൽ, തമ്പാനൂർ രവി, ശരത് ചന്ദ്രപ്രസാദ്, സി.ആർ മഹേഷ്, മാത്യു കുഴൽ നാടൻ, സജീവ് ജോസഫ്, ദീപ്തി മേരി വർഗീസ്, ജയ്‌സൺ ജോസഫ് ഉൾപ്പടെയുള്ള നേതാക്കൾക്കാണ് പദവി നഷ്ടപ്പെടുക. ഇപ്പോൾ സ്ഥാനമൊഴിഞ്ഞ ഡിസിസി അധ്യക്ഷന്മാരെ ഭാരവാഹി ആക്കേണ്ടതില്ലെന്നുമാണ് മാനദണ്ഡം. ഒരാൾക്ക് ഒരു പദവി നടപ്പിലാക്കുമ്പോൾ ജനപ്രതിനിധികൾ പൂർണ്ണമായും തഴയപ്പെടുമെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.

ശൂരനാട് രാജശേഖരൻ, ജോസഫ് വാഴക്കൻ, എൻ സുബ്രഹ്മണ്യൻ, പത്മജ വേണുഗോപാൽ എന്നിവർ ഐ ഗ്രൂപ്പിലെ പ്രധാനികളാണ്. തമ്പാനൂർ രവി ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനും. ഇവർക്ക് സ്ഥാനം നിഷേധിക്കുകയാണ് ഈ മാനദണ്ഡത്തിന് പിന്നിലെ ലക്ഷ്യം. മാനദണ്ഡം നടപ്പിലാക്കുന്നതിലൂടെ മുതിർന്ന നേതാക്കളുടെ പാർട്ടിയിലെ സ്വാധീനം കുറയ്ക്കാനാണ് കെപിസിസി നേതൃത്വം ശ്രമിക്കുന്നത്.

മാനദണ്ഡങ്ങൾ കെപിസിസി അധ്യക്ഷനും വർക്കിങ് പ്രസിഡണ്ടുമാർക്കും ബാധകമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. കെപിസിസി അദ്ധ്യക്ഷൻ സുധാകരനും വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ്, ടി സിദ്ദിഖ്, പി.ടി തോമസ് എന്നിവർ ജനപ്രതിനിധികളാണെന്ന് മാനദണ്ഡങ്ങളെ എതിർക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. പുനഃസംഘടന ഈമാസം അവസാനത്തോടെ പൂർത്തിയാക്കാനാണ് കെപിസിസി നേതൃത്വം ലക്ഷ്യമിടുന്നത്.

പുനഃസംഘടനയിൽ അഞ്ച് വർഷം ഭാരവാഹികളായവരെ പരിഗണിക്കേണ്ടതില്ലെന്നാണ് നേതൃത്വത്തിലെ ധാരണ. നിലവിൽ ജനപ്രതിനിധികളായ നേതാക്കളേയും കെപിസിസി ഭാരവാഹിത്വത്തിൽ നിന്നും ഒഴിവാക്കും. കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ നടത്തിയ ചർച്ചയിലാണ് മാനദണ്ഡം സംബന്ധിച്ച ധാരണയായത്.

ഡിസിസി പുനഃസംഘടനയ്ക്ക് പിന്നാലെ പാർട്ടിയിലുണ്ടായ പൊട്ടിത്തെറിയുടെ തുടർച്ചയായി പി.എസ്.പ്രശാന്തും കെ.പി.അനിൽ കുമാറും കോൺഗ്രസ് വിട്ടു പോയ സാഹചര്യത്തിൽ വളരെ കരുതലോടെയാണ് കോൺഗ്രസ് നേതൃത്വം കെപിസിസി പുനഃസംഘടനയിലേക്ക് നീങ്ങുന്നത്.