തിരുവനന്തപുരം: കെപിസിസി. പുനഃസംഘടനയിൽ ഭാരവാഹികളുടെ പട്ടികയിലേക്ക് പരിഗണിക്കേണ്ട നേതാക്കളുടെ പേരുകൾ നിർദ്ദേശിച്ച് ഗ്രൂപ്പ് നേതാക്കൾ. അഞ്ച് വർഷം പിന്നിട്ടിവരേയും എംഎൽഎ, എംപി സ്ഥാനങ്ങൾ വഹിക്കുന്നവരേയും ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു. അതിനാൽ തന്നെ 16 അംഗ ജനറൽ സെക്രട്ടറിമാരിൽ പരമാവധി ഗ്രൂപ്പ് നേതാക്കളെ ഉൾപ്പെടുത്താനാണ് എ, ഐ ഗ്രൂപ്പുകളുടെ നീക്കം. മുൻ ജില്ലാ അധ്യക്ഷ സ്ഥാനം വഹിച്ചവരെ രാഷ്ട്രീയകാര്യ സമിതിയിൽ ഉൾപ്പെടുത്തും. ഈ ആഴ്ച അവസാനത്തോടെ പേരുകളുടെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് സംസ്ഥാന നേതൃത്വം വ്യക്തമാക്കുന്നത്.

പി.എം. നിയാസ്, വി.ടി. ബൽറാം, പഴകുളം മധു തുടങ്ങിയവർ ഭാരവാഹികളാകും. അയജ് തറയിൽ, ബി.സുഗതൻ, എ.വി. ഗോപിനാഥ് തുടങ്ങിയവർക്ക് വേണ്ടി കെപിസിസി പ്രസിഡന്റ് തന്നെ മുന്നിട്ടിറങ്ങിയിട്ടുണ്ട്. ഇവരെല്ലാം സ്ഥാനങ്ങൾ ഉറപ്പിക്കുമെന്നാണ് സൂചന. അതിനിടെ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും സംസ്ഥാന നേതൃത്വത്തിന് നേതാക്കളുടെ പട്ടിക കൈമാറി. കെ.ശിവദാസൻ നായരെ നേതൃനിരയിലേക്ക് പരിഗണിക്കണമെന്ന് എ ഗ്രൂപ്പ് ആവശ്യപ്പെട്ടു. ഇടഞ്ഞുനിൽക്കുന്ന എ.വി. ഗോപിനാഥിനെ വൈസ് പ്രസിഡന്റാക്കാനാണ് നീക്കം.

ഡിസിസി പുനഃസംഘടനയിലെ തർക്കം, കെപിസിസി ഭാരവാഹികളെ നിശ്ചയിക്കുമ്പോൾ വരാതിരിക്കാൻ പൊതുമാനദണ്ഡം വെച്ച് ഗ്രൂപ്പ് നേതാക്കളുമായി രണ്ട് വട്ടം ചർച്ച നടത്തിയ ശേഷമാണ് സംസ്ഥാന നേതൃത്വം മുന്നോട്ട് പോകുന്നത്. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി ചർച്ച നടത്തിയ ശേഷം അവരുടെ താൽപര്യം സംസ്ഥാന നേതൃത്വം ചോദിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് എ, ഐ ഗ്രൂപ്പുകൾ 51 അംഗങ്ങൾ വരുന്ന കെപിസിസി. ഭാരവാഹികളുടെ പട്ടികയിലേക്ക് നിർദ്ദേശിച്ചത്.

എ.എ. ഷുക്കൂർ, വി എസ്.ശിവകുമാർ, ജ്യോതികുമാർ ചാമക്കാല തുടങ്ങിയവരെയാണ് ചെന്നിത്തല മുമ്പോട്ട് വയ്ക്കുന്നത്. ആര്യാടൻ ഷൗക്കത്ത്, സോണി സെബാസ്റ്റ്യൻ, കെ.ശിവദാസൻ നായർ, അബ്ദുൾ മുത്തലിബ്, വർക്കല കഹാർ തുടങ്ങിയ നേതാക്കളെ എ ഗ്രൂപ്പും നിർദ്ദേശിച്ചിട്ടുണ്ട്. ഇതിൽ ശിവദാസൻ നായരുടെ പേരിലെ തിരുവഞ്ചൂരും കൂട്ടരും എതിർക്കുന്നു. എന്നാൽ എ ഗ്രൂപ്പിന് പുറത്താണ് തിരുവഞ്ചൂർ. അതുകൊണ്ടു തന്നെ തിരുവഞ്ചൂരിന്റെ അഭിപ്രായം മാനിക്കില്ല. ഉമ്മൻ ചാണ്ടിയുടെ മകനായ ചാണ്ടി ഉമ്മനേയും ഗ്രൂപ്പ് നേതൃത്വം ഭാരവാഹിയായി നിർദ്ദേശിക്കില്ല.

നിയമസഭാ പരാജയത്തേക്കുറിച്ച് പഠിച്ച കെപിസിസിയുടെ അഞ്ച് മേഖലാ സമിതികളുടെ റിപ്പോർട്ടിൽ വിമർശനം നേരിട്ടവരെ ഒഴിവാക്കാൻ പൊതുധാരണയായിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് നേതൃത്വത്തിലേക്ക് പേരുകളെ ഗ്രൂപ്പുകൾ മുമ്പോട്ട് വയ്ക്കുന്നത്. എന്നാൽ ഡിസിസി അധ്യക്ഷ പട്ടികയ്ക്ക് പിന്നാലെ വിമർശനവുമായി എത്തിയ ശിവദാസൻ നായരെ നേതൃത്വത്തിലേക്ക് എത്തിക്കുന്നത് ദോഷം ചെയ്യുമെന്നാണ് പൊതു വിലയിരുത്തൽ. ഇക്കാര്യത്തിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ നിലപാട് നിർണ്ണായകമാകും.

അതിനിടെ പ്രവർത്തന പരിചയമുണ്ടായിട്ടും കെപിസിസി പുനഃസംഘടനയിൽ ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കേണ്ടെന്ന നേതൃതല തീരുമാനത്തിൽ പ്രതിഷേധവുമായി സ്ഥാനമൊഴിഞ്ഞ ഡി.സി.സി അദ്ധ്യക്ഷന്മാർ രംഗത്ത് വന്നിട്ടുണഅട്. ഇക്കാര്യത്തിലുള്ള അതൃപ്തി അവർ കെപിസിസി നേതൃത്വത്തെ നേരിൽ കണ്ടറിയിച്ചു. ചിലർ ഒറ്റയ്ക്കും മറ്റ് ചിലർ കൂട്ടായുമായാണ് അതൃപ്തി അറിയിച്ചത്. പരാതി ഹൈക്കമാൻഡിന് മുന്നിലെത്തിക്കാനും നീക്കമുണ്ട്. 14 ജില്ലകളിലും പുതിയ ഡി.സി.സി പ്രസിഡന്റുമാർ വന്നതോടെ സ്ഥാനമൊഴിയേണ്ടിവന്നവരെ തത്കാലം കെപിസിസിയുടെ ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കേണ്ടെന്നാണ് തീരുമാനം.

ജംബോ കമ്മിറ്റി ഒഴിവാക്കി 51 അംഗ കെപിസിസി നിർവാഹക സമിതി മാത്രമാക്കാൻ നേതൃത്വം ശ്രമിക്കുന്നതിനിടയിൽ സ്ഥാനമൊഴിഞ്ഞവർക്കെല്ലാം പദവി നൽകാനാവില്ല. പകരം ഇവരെ കെപിസിസി നിർവാഹക സമിതിയിൽ സ്ഥിരം ക്ഷണിതാക്കളാക്കാനാണ് തീരുമാനം. ഇത് അനീതിയാണെന്ന് കാട്ടിയാണ് തലസ്ഥാനത്ത് ഒത്തുകൂടിയ സ്ഥാനമൊഴിഞ്ഞ ഡി.സി.സി പ്രസിഡന്റുമാർ സുധാകരനെയും പ്രതിപക്ഷനേതാവ് വി.ഡി. സതീശനെയും നേരിൽ കണ്ട് പരാതി അറിയിച്ചത്.

ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും ഇവർ കണ്ടു. നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് കാരണം തങ്ങളല്ലെന്നാണ് ഇവർ പറയുന്നത്. സ്ഥാനമൊഴിഞ്ഞ എല്ലാവരെയും ഭാരവാഹികളാക്കാൻ പറ്റിയില്ലെങ്കിലും കഴിയാവുന്നിടത്തോളം പരിഗണിക്കണമെന്നാണ് ആവശ്യം.