- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സുധാകരനെ പോലെ നിലവിലെ പ്രതിസന്ധിയിൽ വേണുഗോപാലിനും ഉത്തരവാദിത്തമുണ്ടെന്ന നിലപാടിൽ സുധീരൻ; പഞ്ചാബിലെ കൈവിട്ട കളിയിലെ വിവാദം കാരണം കേരളത്തിൽ കരുതൽ എടുക്കും; കെപിസിസി പുനഃസംഘടന വൈകും; സുധാകരനോടും സതീശിനോടും കാത്തിരിക്കാൻ കേന്ദ്ര നേതൃത്വം
തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിലെ പുനഃസംഘടന വൈകും. ഈ മാസം തന്നെ പുതിയ കെപിസിസി ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിക്കാനുള്ള സാധ്യത കുറവാണ്. മുൻ കെപിസിസി അധ്യക്ഷൻ വി എം സുധീരൻ അടക്കം എതിർപ്പുന്നയിച്ച സാഹചര്യത്തിലാണ് ഇത്.
നേരത്തേ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഈ രോഷം പ്രകടിപ്പിച്ചതോടെ അവരെ വിശ്വാസത്തിലെടുക്കാൻ ശ്രമിച്ചെങ്കിൽ മുൻ കെപിസിസി പ്രസിഡന്റുമാരായ വി എം.സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും അതിലും വലിയ വിമർശനമാണ് ഉയർത്തിയത്. കേരളത്തിലെ ചർച്ചകളുടെ അടിസ്ഥാനത്തിൽ എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ നൽകുന്ന റിപ്പോർട്ട് ഇനി നിർണ്ണായകമാകും.
കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും അടങ്ങുന്ന പുതിയ നേതൃത്വം എല്ലാവരെയും വിശ്വാസത്തിലെടുക്കാനും മതിയായ ചർച്ചകൾക്കും ശ്രമിക്കുന്നില്ലെന്നാണ് പരാതികൾ. ഡിസിസി പുനഃസംഘടനാ ചർച്ചകളുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നങ്ങളിൽ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും പ്രതിപ്പട്ടികയിൽ ഒന്നാമതു കണ്ടിരുന്നത് വി.ഡി.സതീശനെ ആയിരുന്നു. എന്നാൽ സുധീരൻ പ്രതിക്കൂട്ടിൽ നിർത്തുന്നത് സുധാകരനെയാണ്. പുതിയ നേതൃത്വത്തിന് എല്ലാ സ്വാതന്ത്ര്യവും നൽകി അഴിച്ചു വിടരുത് എന്ന ആവശ്യമാണ് കേരളത്തിലെ ഒരു വിഭാഗം നേതാക്കളിൽനിന്ന് ഉയരുന്നത്. പ്രവർത്തന സ്വാതന്ത്ര്യം നൽകിയാലേ അവരുടെ ആശയങ്ങളും നേതൃശേഷിയും പ്രയോഗത്തിലാകൂവെന്ന് സുധാകരനും പറയുന്നു.
ഒന്നരമാസം മുൻപ് സോണിയ ഗാന്ധിക്കു നൽകിയ കത്ത് എഐസിസി ഗൗരവമായി എടുത്തില്ലെന്ന പ്രതിഷേധം കൂടി വ്യക്തമാക്കിയാണ് എഐസിസി അംഗത്വവും സുധീരൻ ഒഴിഞ്ഞത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ അദ്ദേഹത്തെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇരുവരും ഫോണിൽ സംസാരിച്ചിട്ടില്ല. സുധാകരനെ പോലെ നിലവിലെ പ്രതിസന്ധിയിൽ വേണുഗോപാലിനും ഉത്തരവാദിത്തമുണ്ടെന്ന നിലപാടിലാണ് സുധീരൻ. ഇതും സ്ഥിതിഗതികൾ വഷളാക്കുന്നു. അതുകൊണ്ട് കൂടിയാണ് പ്രഖ്യാപനത്തിൽ കരുതൽ വേണമെന്ന ആവശ്യം ഉയരുന്നത്.
ഹൈക്കമാണ്ടിനെതിരെ നിരവധി പരാതികൾ ഉയരുന്നുണ്ട്. പഞ്ചാബിൽ പ്രശ്‌നങ്ങൾ സങ്കീർണ്ണമാണ്. ഈ സാഹചര്യത്തിൽ സുധീരൻ അടക്കമുള്ളവരെ പിണക്കാതെ മുമ്പോട്ട് പോകാനാണ് നീക്കം. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതംവയ്ക്കൽ ഒഴിവാക്കണമെന്നും നിർദേശിക്കപ്പെടുന്നവരുടെ കഴിവു വിലയിരുത്തി വേണം കെപിസിസി ഭാരവാഹിയാക്കാനെന്നും ആവശ്യം ശക്തമാണ്, അതിനിടെ കെപിസിസി ഭാരവാഹികളെ സംബന്ധിച്ച എഐ ഗ്രൂപ്പുകളുടെ പട്ടിക പുതിയ നേതൃത്വത്തിനു ലഭിച്ചിട്ടുണ്ട്.
ചർച്ച നാളെ ഡൽഹിയിൽ എത്താനാണ് സുധാകരനും സതീശനും ആലോചിച്ചത്. ഇത് പക്ഷേ നടക്കില്ല. ഈ സാഹചര്യത്തിലാണ് തീരുമാനം വൈകുന്നത്. രാഹുൽ ഗാന്ധി ഇന്നു കോഴിക്കോട്ടെത്തുന്ന സാഹചര്യത്തിലും താരിഖ് അൻവർ ബിഹാറിൽ ആയതിനാലും ഡൽഹി യാത്ര നീട്ടിവച്ചു എന്നാണ് കെപിസിസി നൽകുന്ന സൂചന.
മറുനാടന് മലയാളി ബ്യൂറോ