കോട്ടയം: രാഷ്ട്രീയകാര്യസമിതിയിൽനിന്നു രാജിവച്ച വി എം.സുധീരനെ അനുയിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ എഐസിസി അംഗത്വംകൂടി രാജിവച്ചു പ്രകോപനം സൃഷ്ടച്ചതിൽ കടുത്ത അതൃപ്തിയുമായി കെപിസിസി നേതൃത്വം രംഗത്തു വന്നിരുന്നു. ഹൈക്കമാണ്ടുമായുള്ള അതൃപ്തിയാണ് ഇതിന് കാരണമെന്നും വിശദീകരിച്ചു. എന്നാൽ ഈ നിലപാടിനെ തള്ളി പറയുകയാണ് ഹൈക്കമാണ്ട്. കേരളത്തിലെ നേതാക്കൾ തമ്മിലെ പ്രശ്‌നമാണ് സുധീരന്റെ രാജിക്ക് കാരണമെന്നും പറയുന്നു. സുധീരന്റെ രാജി ഹൈക്കമാണ്ട് അംഗീകരിക്കില്ല.

കേരളത്തിലെ നേതാക്കൾക്കടയിൽ ആശയ വിനിമയം ഇല്ലെന്നാണ് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറുടെ പ്രതികരണം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറും നേരിട്ടു സംസാരിച്ചിട്ടു പോലും ഒട്ടും വീഴ്ച കാണിക്കാത്ത സുധീരന്റെ പിന്നാലെ ഇനി പോകേണ്ട കാര്യമില്ല എന്ന നിലപാടിലേക്കു കെപിസിസി നേതൃത്വം നീങ്ങിയിരുന്നു. എന്നാൽ ഇത് പറ്റില്ലെന്നാണ് ഹൈക്കമാണ്ടിന്റെ നിലപാട്. കേരളത്തിൽ തന്നെ പ്രശ്‌ന പരിഹാരം ഉണ്ടാകണെന്നാണ് ആവശ്യം.

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ എത്തിയിരുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ച് രാഹുൽ ഗാന്ധിയുമായി കെപിസിസി. പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ചർച്ച നടത്തിയിരുന്നു. ചർച്ചയിൽ എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാലും പങ്കെടുത്തു. മുതിർന്ന നേതാക്കളുടെ അതൃപ്തി സംസ്ഥാന തലത്തിൽ പരിഹരിക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. വിഷയത്തിൽ ഇനിയും ചർച്ച നടക്കും.

സുധീരനുമായി ഇനി അനുയത്തിന് ഇല്ലെന്നും ഹൈക്കമാൻഡ് ഇടപെട്ട് എന്തെങ്കിലും ചെയ്യുന്നെങ്കിൽ ചെയ്യട്ടെയെന്നുമാണ് കെപിസിസി നേതൃത്വം തീരുമാനിച്ചിരിന്നത്. എഐസിസി അംഗത്വം രാജിവച്ചതിനാൽ സ്വഭാവികമായി ഹൈക്കമാൻഡിന് ഇടപെട്ടു സംസാരിക്കാൻ സാധ്യതകളുണ്ടെന്നും കെപിസിസി നേതൃത്വം വിശദീകരിച്ചിരുന്നു. എന്നാൽ കേരളത്തിലെ പ്രശ്‌നം കേരളത്തിൽ തീർക്കണമെന്നതാണ് ഹൈക്കമാണ്ട് പക്ഷം. കെപിസിസി അധ്യക്ഷൻ കെ സുധാകരനും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനോടുമുള്ള പ്രശ്‌നമാണ് സുധീരൻ പ്രകടിപ്പിക്കുന്നതെന്നാണ് സൂചന.

കോൺഗ്രസിനെ സമ്മർദ തന്ത്രത്തിൽപ്പെടുത്തി കെപിസിസി പുനഃസംഘടനയിൽ തന്റെ ആളുകൾക്കു കൂടുതൽ സ്ഥാനമാനങ്ങൾ ലഭിക്കാനുള്ള നീക്കമായിട്ടാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം സുധീരന്റെ നിലപാടിനെ കാണുന്നത്. ഇതും സുധീരനെ പ്രകോപ്പിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ കോൺഗ്രസിലെ മുതിർന്ന നേതാക്കളെ പിണക്കി മുന്നോട്ടു പോകാൻ ഹൈക്കമാൻഡ് തയാറാകില്ലെന്നാണ് സൂചന. പഞ്ചാബിലെ പ്രശ്‌നങ്ങളാണ് ഇതിന് കാരണം. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും ഉൾപ്പെടുന്ന മുതിർന്ന നേതാക്കൾക്കു കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തോടു വിയോജിപ്പുണ്ട്.

അധികാരം കിട്ടിയപ്പോൾ തങ്ങളെ അപമാനിച്ചുവെന്ന വികാരം ഇവർ പലപ്പോഴായി പങ്കുവച്ചു കഴിഞ്ഞു. സുധീരനും ഹൈക്കമാൻഡിലാണ് പ്രതീക്ഷ വച്ചിരിക്കുന്നത്. കോൺഗ്രസ് സംസ്‌കാരത്തിന് യോജിച്ചതല്ലാത്ത നടപടികൾ പുതിയ നേതൃത്വത്തിൽ നിന്നുണ്ടായതോടെയാണ് താൻ പ്രതികരിക്കാൻ തയാറാതെന്നു സുധീരൻ പറയുന്നു. കോൺഗ്രസ് നേതൃത്വത്തിനു കത്തയച്ചിരുന്നു. എന്നാൽ, അതിനു വേണ്ടത്ര പരിഗണന ലഭിച്ചില്ല. അതുകൊണ്ടാണ് സ്ഥാനങ്ങൾ രാജിവെച്ചത്. പരസ്യ പ്രതികരണത്തിലേക്ക് ഇപ്പോഴും പോയിട്ടില്ലെന്നാണ് സുധീരന്റെ നിലപാട്.

കേരളത്തിൽ സിപിഎമ്മിനെതിരേ ശക്തമായ നിലപാട് സ്വീകരിക്കാൻ യോഗ്യനായ നേതാവ് കെ. സുധാകരനാണെന്ന കാര്യത്തിൽ ഹൈക്കമാൻഡിനു യാതൊരു തർക്കവുമില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരിനെതിരേ പട നയിക്കാനും പാർട്ടിയെ ശക്തിപ്പെടുത്താനും സുധാകരനു മാത്രമേ ഇപ്പോൾ സാധിക്കുകയുള്ളൂവെന്ന വികാരം ഹൈക്കമാൻഡും പങ്കുവയ്ക്കുന്നു.