കോഴിക്കോട്: ആറു മാസത്തെ പരീക്ഷ കാലം വിജയകരമായി മറികടന്നില്ലെങ്കിൽ ഡിസിസി പ്രസിഡന്റുമാരെ മാറ്റും. മാർക്കിടാൻ ഗ്രൂപ്പിന് അതീതമായ നിരീക്ഷണ സംവിധാനം കൊണ്ടു വരും. പാർട്ടി യോഗങ്ങൾ ഒഴിവാക്കുന്ന ഭാരവാഹികൾക്കും സ്ഥാനം നഷ്ടമാകും. അച്ചടക്കം അതിശക്തമാക്കാനാണ് കെപിസിസി പ്രസിഡന്റെ കെ സുധാകരന്റെ തീരുമാനം. പുതിയ മാറ്റങ്ങൾ കേരളത്തിൽ വീണ്ടും കോൺഗ്രസിനെ അധികാരത്തിൽ എത്തിക്കുമെന്നാണ് വിലയിരുത്തൽ.

കോൺഗ്രസിലാണ് കേഡർ സംവിധാനം ആദ്യം തുടങ്ങിയത് എന്നാണ് കെപിസിസിയുടെ വിശദീകറണംു. 'സ്വാതന്ത്ര്യസമരകാലത്ത് മഹാത്മാ ഗാന്ധി നടത്തിയ ദണ്ഡിയാത്രയിൽ പരിശീലനം ലഭിച്ച 78 കേഡർമാർ പങ്കെടുത്തിരുന്നു. ഒരുപക്ഷേ ആദ്യമായിട്ടാവും പരിശീലനം ലഭിച്ച കേഡർമാർ ഒരു പാർട്ടിയുടെ സമരത്തിൽ പങ്കെടുക്കുന്നത്. ആ കേഡർ സംവിധാനത്തിന്റെ അച്ചടക്കത്തിലേക്ക് കോൺഗ്രസ് തിരിച്ചുപോവുകയാണ്' ഇതാണ് വിശദീകരണം. പുതിയ കെപിസിസി നേതൃത്വം നടത്തിയ 3 സർവേകളുടെ ഫലവും മാനവശേഷി വികസന വിദഗ്ദ്ധർ നൽകിയ റിപ്പോർട്ടുകളും പരിശോധിച്ചാണ് കോൺഗ്രസിൽ മാറ്റങ്ങൾക്കുള്ള മാർഗരേഖ തയാറാക്കിയത്. ഇത് കർശനമായി നടപ്പാക്കാനാണ് നീക്കം.

ആറു മാസത്തെ പ്രവർത്തനം വിലയിരുത്തിയാകും പുതിയ ഡിസിസി പ്രസിഡന്റുമാർ തുടരണോ എന്നു പാർട്ടി തീരുമാനിക്കുക. 'മികച്ച പ്രവർത്തനം നടത്താത്ത ഡിസിസി പ്രസിഡന്റുമാരെ ആറു മാസം കഴിഞ്ഞാൽ മാറ്റും. നിഷ്‌ക്രിയനായ ഒരു ഡിസിസി പ്രസിഡന്റ് ആറു മാസത്തിനപ്പുറം ആ സ്ഥാനത്തു തുടരില്ല' എന്നാണ് സുധാകരൻ പറയുന്നത്. അതുകൊണ്ട് തന്നെ പരാതികൾക്ക് അപ്പുറം എല്ലാവരേയും ചേർത്ത് നിർത്തി സുധാകരന് മുമ്പോട്ട് പോകേണ്ടി വരും. പോഷക സംഘടനകളുടെ ഓരോ മാസത്തെയും പ്രവർത്തന റിപ്പോർട്ട് ഡിസിസിക്കു സമർപ്പിക്കണം. ഇതിൽ ഓരോ ഭാരവാഹിയുടെയും പ്രവർത്തനങ്ങൾ സൂചിപ്പിക്കണം. ഇതെല്ലാം നിരീക്ഷണ വിധേയമാക്കും. കെപിസിസി സെക്രട്ടറിമാർക്കും നിയന്ത്രണങ്ങൾ ഉണ്ടാകും. വൈസ് പ്രസിഡന്റും ജനറൽ സെക്രട്ടറിമാരും പിന്നെ എക്‌സിക്യൂട്ടീവ് അംഗങ്ങളുമാകും പാർട്ടിയിലെ പരമോന്നത സമിതി.

പരിപാടികൾക്ക് സ്വന്തം പേരിൽ അഭിവാദ്യം അർപ്പിച്ചുള്ള ഫ്‌ളെക്‌സുകൾ നേതാക്കൾ വയ്ക്കരുത് എന്നു കർശന നിർദ്ദേശമുണ്ട്. സ്വന്തം ഫ്‌ളെക്‌സ് സ്ഥാപിച്ചല്ല നേതാവാകേണ്ടതെന്ന് സുധാകരൻ പറയുന്നതും സെമി കേഡറിലേക്കുള്ള ചുവടുമാറ്റമാണ്. സഹകരണ പ്രസ്ഥാനങ്ങളിലും നേതൃമാറ്റമുണ്ടാകും. പുതിയ നേതാക്കളെ ചുമതല ഏൽപ്പിക്കും. താഴെ തട്ടിൽ പാർട്ടിയെ വളർത്താൻ ഇത് അനിവാര്യമാണെന്ന് സുധാകരൻ വിശ്വസിക്കുന്നു. 40 വർഷത്തോളമായി ഒരു വ്യക്തി തന്നെ പ്രസിഡന്റായിരിക്കുന്ന സഹകരണ സ്ഥാപനങ്ങളുണ്ട് എന്നു സുധാകരൻ പറയുന്നു. ഇനി ഇത് അനുവദിക്കില്ല. സഹകരണ ഇടപെടലിൽ പാർട്ടിയെ മുമ്പോട്ട് കൊണ്ടു പോകാനാണ് നീക്കം.

പാർട്ടി ഫണ്ടിനായി എംപിമാർ, എംഎൽഎമാർ, തദ്ദേശ സ്ഥാപനങ്ങളിലെയും സഹകരണ സ്ഥാപനങ്ങളിലെയും ഭരണസമിതി അംഗങ്ങൾ എന്നിവർ ലെവി നൽകണം. ജോലിയുള്ളവരിൽനിന്നു ലെവി പിരിക്കാം എന്ന നിർദ്ദേശം പരിഗണനയിലുണ്ട്. കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികളിൽ വഴിയുള്ള ഫണ്ട് സമാഹരണവും ലക്ഷ്യമിടുന്നു. പരിശീലനം ലഭിച്ച മുഴുവൻ സമയ പ്രവർത്തകർക്കു വേതനം നൽകണമെന്നും നിർദ്ദേശമുണ്ട്. പ്രവർത്തകർ പരസ്യ മദ്യപാനത്തിൽനിന്നു വിട്ടുനിൽക്കണം എന്നാണു മറ്റൊരു നിർദ്ദേശം. ബൂത്ത് കമ്മിറ്റികൾക്കു കീഴിൽ രൂപീകരിക്കുന്ന യൂണിറ്റ് കമ്മിറ്റികളാകും (കോൺഗ്രസ് യൂണിറ്റ് കമ്മിറ്റിസിയുസി) ഇനി കോൺഗ്രസിലെ ഏറ്റവും താഴേത്തട്ടിലുള്ള ഘടകം.

ഒരു വീട്ടിൽനിന്ന് ഒരു പ്രതിനിധിയെ ഉൾപ്പെടുത്തിയാണു യൂണിറ്റ് കമ്മിറ്റി രൂപീകരിക്കുക. യൂണിറ്റിന്റെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നിവയിൽ ഒന്ന് വനിതയായിരിക്കണം. ആകെ ഭാരവാഹികളുടെ 20 ശതമാനം സ്ത്രീകളും 5 മുതൽ 10 ശതമാനം വരെ ദലിത് വിഭാഗത്തിൽ പെട്ടവരും വേണം. മാസത്തിൽ രണ്ടു തവണ യൂണിറ്റ് കമ്മിറ്റി യോഗം ചേരണം. വർഷത്തിൽ ചരിത്രപ്രാധാന്യമുള്ള 10 ദിവസങ്ങളിൽ പ്രത്യേക ചടങ്ങുകൾ സംഘടിപ്പിക്കണം. മുഴുവൻ അംഗങ്ങളെയും പങ്കെടുപ്പിച്ച വാർഷികയോഗം, കുടുംബസംഗമം എന്നിവ സംഘടിപ്പിക്കണം തുടങ്ങിയവയാണ് നിർദ്ദേശങ്ങൾ.