- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്വന്തം പ്രദേശത്ത് സംഘടനാ ചട്ടക്കൂടിൽ നിന്ന് പ്രവർത്തിക്കാൻ തയ്യാറല്ലാത്തവരെ ഒരു പദവികളിലും പരിഗണിക്കില്ല; നേതാക്കളുടെ സേവ പിടിച്ച് ആർക്കും എന്തും ചെയ്യാമെന്നത് അനുവദിക്കില്ലെന്നും സുധാകരൻ; ഗ്രൂപ്പു കളികൾ അവസാനിപ്പിക്കാൻ അച്ചടക്ക നടപടികളും; 97 നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ്; കെപിസിസി പുനഃസംഘടനാ ചർച്ചകൾ ഇനി ഡൽഹിയിൽ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് കെപിസിസി നിയോഗിച്ച അന്വേഷണ സമിതികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അച്ചടക്ക നടപടികൾക്ക് തുടക്കം കുറിച്ചതായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി അറിയിച്ചു. സ്വന്തം പ്രദേശത്ത് സംഘടനാ ചട്ടക്കൂടിൽ നിന്ന് പ്രവർത്തിക്കാൻ തയ്യാറല്ലാത്തവരെ ഒരു പദവികളിലും പരിഗണിക്കുന്നതല്ല. നേതാക്കളുടെ സേവ പിടിച്ച് ആർക്കും എന്തും ചെയ്യാമെന്നത് അനുവദിക്കില്ല. പാർട്ടിയുടെ നന്മക്കായി എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്ന് കെപിസിസി പ്രസിഡന്റ് അഭ്യർത്ഥിച്ചു.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഗുരുതരമായ വീഴ്ചവരുത്തിയതായി റിപ്പോർട്ടിൽ കണ്ടെത്തിയ 97 നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകും. ഇലക്ഷൻ സംബന്ധിച്ച് വിവിധ തലങ്ങളിൽ നിന്നും ലഭിച്ച സംഘടനാപരമായതും പൊതുജനമധ്യത്തിൽ പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതുമായ 58 പരാതികൾ പ്രത്യേകമായി പരിശോധിക്കും. ഇവർക്കെല്ലാം എതിരെ നടപടികൾ ഉണ്ടാകും. ഘടകകക്ഷികളുടെ പരാതിയും ഗൗരവത്തോടെ എടുത്ത് തീരുമാനം എടുക്കും. യുഡിഎഫിനെ താഴെ തട്ടിൽ ശക്തമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഘടകകക്ഷികൾ മത്സരിച്ച ചവറ, കുന്നത്തൂർ, ഇടുക്കി, അഴീക്കോട് മണ്ഡലങ്ങളിലേയും കോൺഗ്രസ് സ്ഥാനാർത്ഥികൾ മത്സരിച്ച കായംകുളം, അടൂർ, പീരുമേട്, തൃശ്ശൂർ, ബാലുശ്ശേരി മണ്ഡലങ്ങളിലേയും തെരഞ്ഞെടുപ്പ് തോൽവി കൂടുതൽ വിശദമായി വിലയിരുത്താൻ കെ മോഹൻകുമാർ മുൻ എംഎൽഎ, പിജെ ജോയി മുൻ എംഎൽഎ, കെപി ധനപാലൻ മുൻ എംപി എന്നിവരെ ചുമതലപ്പെടുത്തി. സ്ഥാനാർത്ഥികൾക്ക് ദോഷകരമായി പ്രവർത്തിക്കുന്നതും തെരഞ്ഞെടുപ്പ് കാലത്ത് മാറിനിൽക്കുന്നതും സജീവമായി പ്രവർത്തിക്കാത്തതും കർശനമായി വിലയിരുത്തി നടപടികളുമായി മുന്നോട്ട് പോകും.
കെപിസിസിയുടെ അനുമതിയില്ലാതെ സംഘടനകൾ രുപീകരിക്കരുതെന്നും നേതാക്കൾക്ക് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. സംഘടനകൾ രൂപീകരിച്ചാൽ പാർട്ടിയിലെ ഔദ്യോഗിക സ്ഥാനം നഷ്ടമാകും. രമേശ് ചെന്നിത്തല അധ്യക്ഷനായ സംസ്‌കാരയുടെ പരിപാടിയിൽ കാഞ്ഞങ്ങാട് സംഘർഷം ഉണ്ടായതിന് പിന്നാലെയാണ് താക്കീത് എത്തുന്നത്. അതേസമയം, കെപിസിസി ഭാരവാഹി പുനഃസംഘടന പൂർത്തിയാക്കാൻ കെ സുധാകരനും വി.ഡി.സതീശനും ഉടൻ ഡൽഹിക്കും പോകും.
രമേശ് ചെന്നിത്തല അധ്യക്ഷനായ സംസ്‌കാര കാസർകോട് പീലിക്കോട് സംഘടിപ്പിച്ച പൊതുപരിപാടി ഇന്നലെ അലങ്കോലമായിരുന്നു. ഇതേ തുടർന്നാണ് സമാന്തര സംഘടനകളുടെ രൂപീകരണത്തിനെതിരെ ശക്തമായ മുന്നറിയിപ്പുമായി കെപിസിസി നേതൃത്വം രംഗത്തെത്തിയത്. കെപിസിസിയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഇത്തരം സംഘടനകൾ രൂപീകരിക്കുകയോ അവയിൽ പ്രവർത്തിക്കുകയോ ചെയ്യുന്നത് സമാന്തര പ്രവർത്തനമായി കണക്കാക്കുമെന്ന് കെ.സുധാകരൻ വ്യക്തമാക്കി.
കോൺഗ്രസ് പാർട്ടിയെ ദുർബലപ്പെടുത്തുന്ന രീതിയിൽ ചില നേതാക്കളും പ്രവർത്തകരും പല പേരുകളിൽ സംഘടനകൾ ഉണ്ടാക്കി പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും സുധാകരൻ സൂചിപ്പിച്ചു. അത്തരം ആളുകളെ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്യുമെന്നും കെപിസിസി പ്രസിഡന്റ് മുന്നറിയിപ്പ് നൽകി. ഇതേക്കുറിച്ച് പ്രതികരിക്കാർ ഐ ഗ്രൂപ്പ് ഇതുവരെ തയാറായിട്ടില്ല.
അതേസമയം, കെപിസിസി ഭാരവാഹി പുനഃസംഘടന അന്തിമമാക്കാൻ കെ.സുധാകരനും വി.ഡി.സതീശനും ഹൈക്കമാൻഡിൽ നിന്ന് സമയം ചോദിച്ചിട്ടുണ്ട്. കെ.സി.വേണുഗോപാലിനെ കൂടി കണ്ട് അന്തിമമാക്കുന്ന പട്ടിക്കയിലെ അംഗീകാരത്തിന് ഹൈക്കമാൻഡിന് വിടുന്നതിന് മുൻപ് മുതിർന്ന നേതാക്കളുമായി പങ്കുവയ്ക്കും.
മറുനാടന് മലയാളി ബ്യൂറോ