- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചൊറിഞ്ഞപ്പോൾ അറിയാതെ പറഞ്ഞ പിണറായി സ്തുതി! ഗോപീനാഥിനെ ഭാരവാഹിയാക്കാൻ രണ്ടും കൽപ്പിച്ച് സുധാകരൻ; സുധീരനെ അനുനയിപ്പിക്കാനും ഭാരവാഹിത്വം നൽകും; ചെന്നിത്തലയ്ക്കും ഉമ്മൻ ചാണ്ടിക്കും മൂന്ന് പേരെ വീതം കിട്ടും; ഡൽഹി ചർച്ചകൾ ഇനി നിർണ്ണായകം
തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയിൽ എവി ഗോപിനാഥിനെ ഉൾപ്പെടുത്താൻ അവസാന കരുനീക്കവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. എവി ഗോപിനാഥിനെ വൈസ് പ്രസിഡന്റാക്കണമെന്നാണ് ആവശ്യം. പുനഃസംഘടനയിൽ രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും പറയുന്ന പേരുകാർക്കും അവസരം നൽകും. വി എം സുധീരനും അർഹമായ പരിഗണന നൽകും. അനിൽ അക്കരെ, വിടി ബൽറാം, ശബരിനാഥ്, പിഎം നിയാസ് എന്നിവർ ഭാരവാഹിത്വം ഉറപ്പിച്ചിട്ടുണ്ട്.
ഗോപിനാഥിന്റെ പിണറായി സ്തുതി ചർച്ചയാക്കാനാണ് ഗ്രൂപ്പ് മാനേജർമാരുടെ ശ്രമം. പിണറായിയെ പരസ്യമായി പിന്തുണച്ച ഗോപീനാഥിനെ ഭാരവാഹിയാക്കരുതെന്നാണ് ആവശ്യം. എന്നാൽ ഗോപിനാഥ് കറകളഞ്ഞ കോൺഗ്രസുകാരനാണെന്നും പ്രകോപിപ്പിച്ച് പിണറായിക്ക് അനുകൂലമായി പറയിപ്പിച്ചതാണെന്നും സുധാകരനും പറയുന്നു. അതുകൊണ്ട് തന്നെ ഗോപിനാഥിനെ ഭാരവാഹിയാക്കണമെന്നാണ് സുധാകരന്റെ നിലപാട്. ഇത് ഹൈക്കമാണ്ട് അംഗീകരിച്ചാൽ ഗോപിനാഥും കെപിസിസി ഭാരവാഹിയാകും.
രമേശ് ചെന്നിത്തലയ്ക്കും ഉമ്മൻ ചാണ്ടിക്കും മൂന്ന് പേരെ വീതം കൊടുക്കാനാണ് സാധ്യത. വി എസ് ശിവകുമാർ, കരകുളം കൃഷ്ണപിള്ള, ആർ ചന്ദ്രശേഖരൻ, ജ്യോതികുമാർ ചാമക്കാല, അജയ് മോഹൻ, എഎ ഷുക്കൂർ, അജയ് മോഹൻ, ഫിലിപ്പ് ജോസഫ്, അഡ്വ അശോകൻ, നിലകണ്ഠൻ എന്നിവരെയാണ് ചെന്നിത്തല മുമ്പോട്ട് വയ്ക്കുന്നത്. ഇതിൽ മൂന്ന് പേർക്കാകും നറുക്കു വീഴുക. ഉമ്മൻ ചാണ്ടിയും പരിഗണിക്കേണ്ടവരുടെ പേരുകൾ മുമ്പോട്ട് വച്ചിട്ടുണ്ട്. വർക്കല കഹാർ, ശിവദാസൻ നായർ, ആര്യാടൻ ഷൗക്കത്ത് എന്നിവരാണ് പ്രധാനികൾ. കോട്ടയത്ത് നിന്ന് പി എ സലിമിന്റെ പേരും ചർച്ചകളിലുണ്ട്. തിരുവഞ്ചൂർ രാധാകൃഷ്ണനുമായി അടുപ്പമുള്ള വ്യക്തിയാണ് സലിം.
വി എം സുധീരന്റെ പക്ഷത്തു നിന്നാണ് അനിൽ അക്കരെ ഉൾപ്പെടെയുള്ള പേരുകൾ ചർച്ചയാകുന്നത്. ടോമി കല്യാനിയും സുരജ് രവിയും വി എം സുധീരന്റെ ആളുകളാണ്. ഇവർക്കായും സമ്മർദ്ദമുണ്ട്. എവി ഗോപിനാഥിന് പുറമേ സുമാ ബാലകൃഷ്ണൻ, അജയ് തറയിൽ ഡി സുഗുതൻ എന്നിവരുടെ പേരുകളും കെപിസിസി അധ്യക്ഷൻ മുമ്പോട്ട് വയ്ക്കുന്നുണ്ട്. വിശാല ഐ ഗ്രൂപ്പിന് മൃഗീയ ആധിപത്യമുള്ള പുനഃസംഘടനയാകും ഇത്തവണ നടക്കുക. പ്രതിപക്ഷ നേതാവ് വിഡി സതീശനും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും ഈ പട്ടികയിൽ ഇടപെടും. സുധാകരനും സതീശനും കെസിയും ഐ ഗ്രൂപ്പുകാരാണ്. അതാണ് എ ഗ്രൂപ്പിനെ മൊത്തത്തിൽ പുനഃസംഘടന ബാധിക്കാൻ പോകുന്നതിന് കാരണവും.
കെപിസിസി പുനഃസംഘടന സംബന്ധിച്ച് കേന്ദ്ര നേതൃത്വവുമായി ബന്ധപ്പെട്ട് പ്രാഥമിക ചർച്ചകൾക്കായി കെപിസിസി നേതൃത്വം ഡൽഹിയിൽ എത്തിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷൻ കെ സുധാകരനും ഇന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലുമായി ഇത് സംബന്ധിച്ച ചർച്ച നടത്തും. ഡിസിസി പുനഃസംഘടനയെ സംബന്ധിച്ച തർക്കങ്ങൾ ഇപ്പോഴും പൂർണമായും പരിഹരിക്കപ്പെടാതെ നിൽക്കുമ്പോഴാണ് കെപിസിസി പുനഃസംഘടന സംബന്ധിച്ച ചർച്ചകൾ കോൺഗ്രസിൽ അവസാന ഘട്ടത്തിൽ എത്തുന്നത്. വനിതാ പ്രാതിനിധ്യം ഉറപ്പ് വരുത്തണം എന്ന ഹൈക്കമാൻഡ് നിർദ്ദേശം ഡിസിസി പുനഃസംഘടന വേളയിൽ പാലിക്കാൻ കേരള പിസിസിക്ക് സാധിച്ചിരുന്നില്ല.
ഈ വിഷയത്തിലെ കേന്ദ്ര നേതൃത്വത്തിന്റെ അതൃപ്തി കെപിസിസി പുനഃസംഘടനയിൽ പരിഹരിക്കാൻ ഉള്ള ഫോർമുലയും ഡൽഹിയിൽ എത്തിയ കെ സുധാകരനും വിഡി സതീശനും തയ്യാറാക്കിയിട്ടുണ്ട്. നിർണായക കരട് പട്ടിക സംബന്ധിച്ച ചർച്ചകൾ പൂർത്തിയാക്കി ഞായറാഴ്ച വൈകിട്ടോടെ ഇരു നേതാക്കളും കേരളത്തിലേക്ക് മടങ്ങും. വനിതകളായി പത്മജാ വേണുഗോപാലിനേയും ജ്യോതി വിജയകുമാറിനേയും ജയലക്ഷ്മിയേയും സുമാ ബാലകൃഷ്ണനേയുമാണ് പരിഗണിക്കുന്നത്.
19 ഭാരവാഹികളിൽ ഗ്രൂപ്പുകളുടെ പട്ടികയിൽ നിന്നു പകുതിയിൽ താഴെ പേരെ മാത്രമേ പുതിയ നേതൃത്വം ഉൾപ്പെടുത്താൻ ഇടയുള്ളൂ. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയും ട്രഷററും കെപിസിസി പ്രസിഡന്റിന്റെ നോമിനികളായിരിക്കും. 51 അംഗ നിർവാഹക സമിതിയിൽ 15 ജനറൽ സെക്രട്ടറിമാരും 4 വൈസ് പ്രസിഡന്റുമാരും ഉണ്ടാകും. ഈ 19 ഭാരവാഹികളുടെയും 28 നിർവാഹക സമിതി അംഗങ്ങളുടെയും പേരാണ് ഇപ്പോൾ അന്തിമമാക്കാൻ ശ്രമിക്കുന്നത്. കെപിസിസി സെക്രട്ടറിമാരെ ഈ ഘട്ടത്തിൽ നിയമിക്കുന്നില്ല.
മറുനാടന് മലയാളി ബ്യൂറോ