തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഇനിയും പൂർണ്ണമായും പരിഹരിച്ചില്ലെന്ന് സൂചന. മുൻ ഡിസിസി പ്രസിഡന്റുമാരെ ഭാരവാഹികളാക്കില്ല. എംപി വിൻസന്റിനും യു.രാജീവനും ഇളവ് നൽകില്ല. പത്മജ വേണുഗോപാലിന് മാത്രം ഇളവ് അനുവദിക്കും. ബിന്ദു കൃഷ്ണയെ പരിഗണിക്കില്ല. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് രമണി പി.നായരും മഹിളാ കോൺഗ്രസ് നേതാവ് അഡ്വ: ഫാത്തിമ റോസ്‌നയും ജനറൽ സെക്രട്ടറിമാരാകും എന്നീ ഫോർമുകൾ അംഗീകരിച്ചിട്ടുണ്ട്. എന്നാൽ 51 അംഗ പട്ടികയിൽ തീരുമാനം ഇന്നുണ്ടാകില്ലെന്നാണ് സൂചന. ശിവദാസൻ നായരും, വി പി സജീന്ദ്രനും ജനറൽ സെക്രട്ടറിമാരാകും.

വിൻസന്റിനും രാജീവനും ഒന്നര വർഷം മാത്രമേ ഡിസിസി പ്രസിഡന്റ് പദവി വഹിക്കാനായുള്ളൂ. അത് കണക്കിലെടുത്താണ് അവർക്ക് ഇളവ് നൽകാൻ തീരുമാനിച്ചത്. പക്ഷേ അക്കാര്യത്തിൽ വലിയ എതിർപ്പാണ് ഗ്രൂപ്പുകളിൽ നിന്നുണ്ടായത്. ഇതോടെ വിഷയത്തിൽ കൂടുതൽ ചർച്ച നടത്തുകയും ആ തീരുമാനം പിൻവലിക്കുകയുമായിരുന്നു. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ കൈമാറിയ പട്ടിക ഇപ്പോഴും ജനറൽ സെക്രട്ടറി താരിഖ് അൻവറിന്റെ പരിഗണനയിലാണ്. ഇത് എഐസിസി അധ്യക്ഷ കൂടിയായ സോണിയാ ഗാന്ധിക്ക് കൈമാറിയിട്ടില്ല. പട്ടിക കൈയിൽ കിട്ടിയാൽ എകെ ആന്റണിയോട് സോണിയ സംസാരിക്കുന്നതാണ് പതിവ്. അതിന് ശേഷമാകും സംഘടന ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന് പട്ടിക നൽകുക. കെസി ഒപ്പിടുന്നതിന് ശേഷമേ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകൂ.

ചർച്ച പൂർത്തിയാക്കി അന്തിമ പട്ടിക ഇന്നലെ ഹൈക്കമാൻഡിന് സുധാകരൻ കൈമാറിയിരുന്നു. പതിവ് അസ്വാര്യസങ്ങളും പരസ്യ വിമർശനങ്ങളും ഇല്ലാതെ കെപിസിസി പുനഃസംഘടന ചർച്ചകൾ പൂർത്തിയാക്കാനായെന്ന് സംസ്ഥാന നേതൃത്വം ആശ്വസിച്ചിരുന്നപ്പോഴാണ് തർക്കങ്ങൾ തുടങ്ങിയത്. തങ്ങളോട് വേണ്ടത്ര കൂടിയാലോചന നടത്താതെയാണ് ഭാരവാഹി പട്ടിക തയ്യാറാക്കിയതെന്ന് സുധീരനും മുല്ലപ്പള്ളിയും പരാതി പറഞ്ഞതോടെ കാര്യങ്ങൾ വീണ്ടും പഴയപടിയായി. എം പി വിൻസെന്റ്, രാജീവൻ മാസ്റ്റർ എന്നിവരെ പട്ടികയിലുൾപ്പെടുത്തുന്നതിൽ തർക്കം മുറുകി.. ഇവർക്ക് വേണ്ടി മാത്രം ഇളവ് നൽകാൻ കഴിയില്ലെന്ന് ഗ്രൂപ്പ് നേതാക്കൾ ഉറച്ച നിലപാട് സ്വീകരിച്ചു. രാജീവൻ മാസ്റ്റർ, എം പി വിൻസന്റ് എന്നീ മുൻ ഡിസിസി അധ്യക്ഷന്മാരെ ഒഴിവാക്കിയാണ് പട്ടിക ഹൈക്കമാൻഡിന് കൈമാറിയത്.

അതേസമയം,, കെപിസിസി പുനഃസംഘടനയിൽ മാനദണ്ഡങ്ങൾ അട്ടിമറിക്കാൻ ഇടപെട്ടില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വിശദീകരിച്ചു. ഒറ്റ ദിവസം കൊണ്ട് പൊട്ടി വീണ നേതാവല്ല താനെന്നും അനധികൃതമായ ഒരിടപെടലും നടത്തിയിട്ടില്ലെന്നും കെ സി വേണുഗോപാൽ പ്രതികരിച്ചു. വേണുഗോപാലിനെ പിന്തുണച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരനും രംഗത്തെത്തി. നേരത്തെ ജംബോ കമ്മറ്റിക്കായി കെസി വാദിക്കുന്നുവെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഇത് സുധാകരൻ സമ്മതിച്ചില്ലെന്നും അഭ്യൂഹമെത്തി. ഏതായാലും 51 പേരുടെ പട്ടിക മാത്രമേ ഇത്തവണ പ്രഖ്യാപിക്കൂവെന്ന് ഉറപ്പായിട്ടുണ്ട്.

പാർട്ടി പുനഃസംഘടനകളിൽ എഐസിസി ജനറൽ സെക്രട്ടറി ഇഷ്ടക്കാർക്കായി കൈകടത്തുന്നുവെന്ന ഗ്രൂപ്പുകളുടെ വിമർശനത്തിന് മറുപടിയുമായാണ് കെ സി വേണുഗോപാൽ രംഗത്തെതിയത്. പുനഃസംഘടനയിൽ പൂർണമായും സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനമാണ് നടപ്പാക്കുന്നതെന്നും അവർ നൽകുന്ന പേര് എത്രയും പെട്ടെന്ന് അംഗീകരിച്ചു നൽകുക എന്നത് മാത്രമാണ് തന്റെ ചുമതലയെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. എല്ലാം തന്റെ തലയിൽ വയ്ക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും കെസി വേണുഗോപാൽ തുറന്നടിക്കുകയും ചെയ്തു.

ജംബോ പട്ടിക അല്ലാത്തതിനാൽ, ഭാരവാഹിത്വം പ്രതീക്ഷിക്കുന്നവരിൽ ചിലർ പുറത്തായേക്കും. പട്ടിക ഹൈക്കമാൻഡ് പ്രഖ്യാപിക്കുമ്പോൾ പാർട്ടിക്കുള്ളിൽ പ്രതിഷേധമുയരാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെങ്കിലും അത് അതിരുവിടാതിരിക്കാനുള്ള ജാഗ്രത സംസ്ഥാന നേതൃത്വം പാലിക്കുന്നു. വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഭാരവാഹിത്വത്തിനുള്ള പൊതുമാനദണ്ഡങ്ങളിൽ ചില ഇളവുകൾ വരുത്തും. ജില്ലാ (ഡിസിസി) പ്രസിഡന്റുമാരുടെ പട്ടികയിൽ ഒരു വനിതയെ പോലും ഉൾപ്പെടുത്താൻ സാധിക്കാത്തതിന്റെ പേരിലാണിത്.

അതിനിടെ കെപിസിസി പട്ടികയിൽ താനും ഉമ്മൻ ചാണ്ടിയും ഒരു സമ്മർദ്ദവും ചെലുത്തിയില്ലെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഒറ്റക്കെട്ടായി പോകേണ്ട സാഹചര്യമാണ് ഇപ്പോൾ. ലിസ്റ്റ് ചോദിച്ചു, അത് നൽകി. അല്ലാതെ ഞങ്ങളുടെ സമ്മർദത്തിൽ പട്ടിക വൈകിയെന്ന വാദം തെറ്റാണ്. മുൻ പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ഹൈക്കമാന്റുമായി ചോദിച്ച് തീരുമാനമെടുക്കട്ടെയെന്നാണ് ചെന്നിത്തലയുടെ നിലപാട്. ഗ്രൂപ്പുകൾ സമ്മർദം ചെലുത്തിയെന്ന വാദം ഒരിക്കലും ശരിയല്ലെന്നും പട്ടിക ഉടൻ പുറത്തുവരണമെന്നാണ് ചെന്നിത്തല പറയുന്നത്.

രണ്ട് മൂന്ന് വട്ടം ഇത്തവണ ചർച്ച നടത്തിയെന്നും കഴിഞ്ഞ തവണ ഇതുണ്ടായില്ലെന്നും ചെന്നിത്തല പറഞ്ഞു. മാനദണ്ഡങ്ങളിൽ ഇളവ് വരുത്തുമോയെന്ന കാര്യം അറിയില്ല, ഞങ്ങളോട് ചോദിക്കാതെ മാറ്റം വരുത്തില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. മുൻ പ്രതിപക്ഷ നേതാവ് നിലപാട് വ്യക്തമാക്കി.